ക്രമഭംഗങ്ങളുടെയും പിരിമുറുക്കങ്ങളുടെയും ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചുപോരുന്നതെന്നത് നിസ്തര്‍ക്കമാണ്. കടുത്ത മത്സരങ്ങളും അധാര്‍മികമായ കലഹങ്ങളും നിറഞ്ഞ ബാഹ്യജീവിതത്തില്‍ നമുക്കോരോരുത്തര്‍ക്കും പല സംഗതികളോടും വസ്തുക്കളോടും നിരന്തരം നിര്‍ബന്ധപൂര്‍വം പോരാടേണ്ടതായിവരുന്നു. ഇനി നമ്മുടെ ആന്തരിക ജീവിതത്തെപ്പറ്റി ചിന്തിക്കുകയാണെങ്കിലും, ക്രമവിരുദ്ധങ്ങളും അനിയന്ത്രിതങ്ങളുമായ അഭിലാഷങ്ങള്‍ക്കും കടിഞ്ഞാണില്ലാത്ത വിചാരവിക്ഷോഭങ്ങള്ക്കും ദയനീയമാംവണ്ണം നാം അടിമപ്പെട്ടുപോയിരിക്കുന്നു. വ്യക്തിനിഷ്ഠങ്ങളായ വിഭ്രമങ്ങളും വസ്തുനിഷ്ഠങ്ങളായ മുറുക്കങ്ങളുമാകുന്ന ദ്വന്ദ്വശക്തികള്ക്കിടയില്പ്പെട്ട് ആധുനികയുവാവ് ഇങ്ങനെ നൂറുനൂറു നുറുങ്ങുകളായി ചിതറിപ്പോവുകയാണ്.
അതേസമയം ബുദ്ധിമാനായ ഒരാള്‍ക്ക് നല്ലപോലെ മനസിലാക്കാനും കഴിയുന്നുണ്ട്. ജീവിതത്തിലെ തന്റെ വിജയവും സുഖവുമെല്ലാം തന്നില്‍തന്നെ ഉയര്‍ന്നുപൊങ്ങുന്ന ചിന്താവിഭൂതികളുടെ വിപര്യാസങ്ങളാണെന്ന്. ബാഹ്യപരിതോവസ്ഥകള് നമ്മെ കീഴ്പ്പെടുത്തുന്നത് നമ്മെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാവാതെ നാം ഏറ്റവുമധികം നിരാശരും വ്യാകുലരുമായിരിക്കുമ്പോള് മാത്രമാണ്. എത്രതന്നെ വിഷമം പിടിച്ചതാണെങ്കിലും തന്റെ പ്രശ്നങ്ങളെ സമചിത്തതയോടും സമാധാനത്തോടുംകൂടി ഒരാള്‍ സുധീരം എത്രകണ്ട് നേരിടുന്നുവോ, അത്രകണ്ട് പരിതസ്ഥിതികളുടെ ഭീഷണത്വങ്ങള് പ്രഭാതരശ്മികളില് മൂടല്‍മഞ്ഞുപോലെ അപ്രത്യക്ഷമാവുകയുണ്ടായി.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: