സിനിമകളിലെ ഫ്ലാഷ്ബാക്ക് സീനുകള്‍ക്ക് ഒരു പ്രത്യേകചാരുതയാണ്. ഇന്നത്തെ മെഗാസ്റ്റാര്‍, സൂപ്പര്‍സ്റ്റാര്‍ പദവികള്‍ക്ക് വളരെ മുമ്പ് നിത്യഹരിത നായകനായി പ്രേംനസീര്‍ നിറഞ്ഞു കളിച്ചകാലം ഓര്‍ത്തുനോക്കുക. അഭിനയത്തില്‍നിന്ന് അനുഭവത്തിലേക്ക് നടനവൈഭവം കൂടുമാറിയ ഇക്കാലത്തും ഫ്ലാഷ്ബാക്കുകള്‍ക്ക് അതിന്റേതായ സൗന്ദര്യവും സൗമ്യതയും സംശുദ്ധിയുമുണ്ട്. അത് കണ്ടുപിടിച്ച് അനുഭവിക്കുന്നതിലാണ് കാര്യം.
എന്നാല്‍, എല്ലാ ഫ്ലാഷ് ബാക്കുകളിലും ഇമ്മാതിരി സ്വഭാവഗുണങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നു പറയാനാവില്ല. ചില ഫ്ലാഷ്ബാക്കുകള്‍ കണ്ണീരിന്റെ കബനീനദികളാണ്. അതില്‍ മുങ്ങിപ്പിടയുന്ന അനാഥ ജീവിതങ്ങളെ അവഗണിക്കുന്ന സമീപനമാണിപ്പോള്‍. പത്ത് പതിനേഴ് വര്‍ഷം മുമ്പ് ഒരു പെണ്‍കുട്ടിയെ നരാധമന്മാര് ചവച്ചുതുപ്പിയതിനെക്കുറിച്ചുള്ള വാര്‍ത്തകളും വിശകലനങ്ങളും പ്രതികരണങ്ങളുമായി സംഗതി ആകെ കൊഴുക്കുകയാണ്. കോടതിയിലേതിനെക്കാള് മൂര്‍ച്ചയോടെ വാദഗതികള്‍ എഴുന്നള്ളിക്കുന്നു. അപരാധികളിലെ നിരപരാധിത്വത്തിനായി കേന്ദ്ര മന്ത്രിമാര്‍ പരക്കം പായുന്നു. മാധ്യമ ലേഖികമാരെ പുലഭ്യം പറയുന്നു; അധിക്ഷേപിക്കുന്നു. താന്‍ പിടിച്ച പൂച്ചയ്ക്ക് രണ്ട് കൊമ്പെന്ന എക്കാലത്തെയും ശാഠ്യങ്ങള്‍ നമുക്കുമുമ്പില്‍ വിഡ്ഢിവേഷങ്ങള്‍ കെട്ടുന്നു. അതിനിടെ ഇതാ കലാകൗമുദി (ഫെബ്രു. 17) ഒരു ചോദ്യം ഉന്നയിക്കുന്നു.
ആ ചോദ്യം എന്തെന്നാല്‍, കോണ്‍ഗ്രസ് എങ്ങനെ സ്ത്രീകളെരക്ഷിക്കും! എന്നാണ്. മറ്റുളളവര്‍ക്കൊന്നും സ്ത്രീകളെ രക്ഷിക്കാന്ബാധ്യതയില്ലേ എന്നും അതല്ല, അവരൊക്കെ രക്ഷിക്കാന്‍ മാര്‍ഗങ്ങള്‍ മെനഞ്ഞെടുത്തത് ശരിയാവാത്തതിനാല്‍ ഇനി കോണ്‍ഗ്രസ്സിന്റെ ഊഴമാണോ എന്നും മറ്റും വായനക്കാര്‍ക്ക് ന്യായമായി തിരിച്ചുചോദിക്കാം. എന്തായാലും ഉദ്ദേശ്യശുദ്ധിക്ക് മാപ്പുകൊടുത്ത് തദ്വിഷയത്തിലേക്ക് നമുക്കു പോകാം. എസ്. ജഗദീഷ് ബാബുവിന്റേതാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ അദ്ദേഹത്തിന്റെ ചോദ്യം ഇങ്ങനെ: പതിനേഴുവര്‍ഷം മുമ്പ് കേരളം ചോദിച്ചത് സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ.കുര്യന് എന്ന കേന്ദ്രമന്ത്രി പീഡിപ്പിച്ചോ എന്നായിരുന്നു. ഇന്ന് ഇന്ത്യന്‍ ജനത ചോദിക്കുന്നു: രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ. കുര്യന് ആ സ്ഥാനത്ത് തുടരണമോ?
സൂര്യനെല്ലി പെണ്‍കുട്ടിക്ക് സ്വന്തം പേരുപോലും നഷ്ടമാക്കിയ കൊടിയപീഡനത്തിന്റെ നെഞ്ചുപൊട്ടിയ നിലവിളികള്‍ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. സ്വന്തം മകളായി, പെങ്ങളായി, കുഞ്ഞനുജത്തിയായി ആ പാവത്തിനെ കാണാനുള്ള മനസ്സില്ലാത്തവര്‍ക്ക് പീഡകരോടൊപ്പം ചേര്‍ന്ന് എന്തും പറയാം. തങ്ങളുടെ ന്യായീകരണത്തിന്റെ തിരസ്കാരപ്പുറത്ത് ആരോരുമില്ലാത്ത ഒരനാഥബാല്യത്തിന്റെ വേദനകള്‍ കുഴിച്ചുമൂടാം. പദവിയും പത്രാസുമുള്ള സമൂഹത്തിലെ ചിലയാളുകള്ക്കുവേണ്ടി ഏതു നിയമവും മാറ്റിമറിക്കാം, തിരുത്തിയെഴുതാം.
മഹാത്മാഗാന്ധിയില്‍നിന്ന് മെക്കാളെ സായിപ്പിലേക്ക് കുതിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സുന്ദരവിഡ്ഢികളുടെലോകത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യമൃഗങ്ങള്‍ എന്നൊരുപക്ഷേ, കാലം പിന്നീട് വിധിയെഴുതാം. എന്തായാലും തങ്ങള്‍ക്കൊന്നുമില്ലെന്ന് കരുതുന്നവരായിത്തീര്ന്നു ബഹുഭൂരിപക്ഷവും. അത്തരമൊരു അവസ്ഥയിലാണ് കലാകൗമുദിയുടെ ചോദ്യം എന്നത് ശ്രദ്ധേയം. സഭാധ്യക്ഷയും യുപിഎ ചെയര്‍പേഴ്സണും പ്രതിപക്ഷ നേതാവും വനിതാരത്നങ്ങളായി പ്രകാശിക്കുന്ന നാട്ടിലാണ് കടിച്ചുകീറപ്പെട്ട മനസ്സും ശരീരവുമായി ഒരുപാവം പെണ്‍കുട്ടി തന്റെസ്വത്വത്തിന്റെ ഒരംശമെങ്കിലും എനിക്ക് തരൂ എന്ന് ആര്‍ത്തലച്ച് കരയുന്നത്. കേള്‍ക്കാതിരിക്കാനാവുമോ?
ദല്‍ഹിയില്‍ ക്രൂരപീഡനത്തിനുശേഷം പെണ്‍കുട്ടി കൊല്ലപ്പെട്ടപ്പോള്‍ നമ്മള് കരുതി ഇനിയിങ്ങനെയൊന്നും ഉണ്ടാവില്ല; പല്ലും നഖവുമുള്ള നിയമം വരുന്നു എന്നൊക്കെ. പക്ഷെ, ദിനേന നമ്മുടെ സ്വാസ്ഥ്യം കെടുത്തി നിസ്സഹായ പെണ് ശരീരങ്ങളും മനസ്സും കീറിമുറിക്കപ്പെടുന്നു. ഇന്നത്തെ ഭരണകൂടത്തിന് ഉള്ളുറപ്പ് നല്കുന്ന രാഷ്ട്രീയകക്ഷിയെന്ന നിലയ്ക്ക് ഉത്തരവാദിത്തം മറ്റാരെയുംകാള്‍ കോണ്‍ഗ്രസ്സിനാണെന്ന തിരിച്ചറിവുകൊണ്ടാണ് കലാകൗമുദി ആ ചോദ്യം ചോദിച്ചിരിക്കുന്നത്. ഇതിനുത്തരം ആ കക്ഷി മാത്രം നല്‍കേണ്ടതല്ല. നാട്ടിലെ എല്ലാ കക്ഷികള്‍ക്കും അതാവാം. പീഡനക്കേസുകളിലെ നടപ്പുരീതികള്‍ മാറിയാല്‍ത്തന്നെ ഗുണപരമായ മുന്നേറ്റമുണ്ടാവുമെന്ന് ജഗദീഷ്ബാബു പറയുന്നു. ഒരു ഭാഗം നോക്കുക: ഇരകള്‍ മൊഴിനല്‍കുകയും പ്രതികള്‍ സംഭവത്തെക്കുറിച്ച് ഒന്നും പറയാതെ നിഷേധം മാത്രം നടത്തുകയുമാണ് കോടതികളിലെ കീഴ്വഴക്കം. ഇതിനുപകരം പീഡിപ്പിക്കപ്പെട്ട സ്ത്രീയെപ്പോലെതന്നെ താന്‍ എന്തുചെയ്തു എന്ന് പുരുഷനും പറയുന്ന ഒരവസ്ഥ നമ്മുടെ നിയമനിര്‍മാണത്തില്‍ ഉണ്ടാവണം. ഇര താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് തെളിയിക്കാന്‍ ബാധ്യസ്ഥയാകുന്നതുപോലെതന്നെ താന്‍ നിരപരാധിയാണെങ്കില്‍ അത് പറയാനുള്ള ബാധ്യത പ്രതികള്‍ക്കുമുണ്ട് എന്ന അവസ്ഥയിലേക്ക് നിയമം മാറണം. അങ്ങനെ മാറ്റമുള്ളത് മാറ്റത്തിനു മാത്രം എന്നു പറഞ്ഞ നേതാവിനെ ഓര്‍ത്തുകൊണ്ട് നമുക്ക് സമാധാനിക്കാം. ഒരു പീഡനത്തിന്റെ ബഹളവും തുടര്‍ചര്‍ച്ചകളും അടുത്ത പീഡനംവരെ എന്ന നാട്ടുനടപ്പിന് സൂര്യനെല്ലി സംഭവം ഒരപവാദമായി എന്നതാണ് എടുത്തുപറയേണ്ട കാര്യം. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ പീഡനസംഭവങ്ങള്‍ എന്നതും അതിനൊപ്പം ഓര്‍ത്തുവെക്കാം.
ഒരു കേന്ദ്രമന്ത്രിക്ക് (ഏതു മനുഷ്യനും എന്നുമാവാം) സെക്സ് വേണമെന്ന് തോന്നിയാല്‍ കൂട്ടബലാല്‍സംഗത്തിനിരയായ ഒരുപാവം പെണ്‍കുട്ടിയില്‍നിന്ന് ബലം പ്രയോഗിച്ച് അത് തരപ്പെടുത്തേണ്ട കാര്യമുണ്ടോ എന്ന് പി.ജെ. കുര്യന് ചോദിക്കുന്നു ഇന്‍ഡ്യാടുഡെ (ഫെബ്രു.20)യില്‍. നമ്മളാരും കേന്ദ്രമന്ത്രിമാരായിട്ടില്ലാത്തതിനാല് എന്തൊക്കെ സൗകര്യങ്ങളാണ് ഇന്ദ്രപ്രസ്ഥത്തില്‍ ഇമ്മാതിരി ഏര്‍പ്പാടുകള്‍ക്ക് ഉണ്ടാവുക എന്നറിയില്ല. എന്നാലും പി.ജെ.കുര്യന്റെ ന്യായീകരണാത്മകവിശകലനത്തില് അത്യാവശം കഴമ്പില്ലാതില്ല.
പഴയ കാട്ടാളന്റെ (പുതിയ കാട്ടാളന് പറ്റില്ലേ എന്നു ചോദിക്കരുത്) സ്വഭാവം ഇപ്പോഴും മനസ്സില്‍ കെടാതെ നിലനില്‍ക്കുന്നവര്‍ക്ക് കൂട്ടബലാല്‍സംഗത്തിനിരയായ കുട്ടിയും അല്ലാത്ത കുട്ടിയും തമ്മില്‍ വലിയ വ്യത്യാസമൊന്നും തോന്നില്ല. ഇക്കാര്യത്തില്‍ പ്രഗല്ഭന്മാര് പോലും അഭിപ്രായം പറഞ്ഞിരിക്കുകയാണല്ലോ. ഇരുളില്‍ തെളിയുന്ന സമാനമുഖങ്ങള് എന്ന പേരില്‍ രാധാകൃഷ്ണന് എം.ജി എഴുതിയ (സത്യം പറയാമല്ലോ മേപ്പടി വാരികയില്‍ ഒരു മലയാളം ലേഖനം വായിച്ച സുഖം) ലേഖനത്തില്‍ വസ്തുതയും വിശകലനവുണ്ട്. അത്യാവശ്യം നേര്‍വഴി ചൂണ്ടിക്കാട്ടാന്‍ താല്‍പര്യമുള്ളയാളുമാണ് ലേഖകന്‍.
പി.ജെ. കുര്യന് തനി നിഷ്കളങ്കനും സത്യത്തിന്റെ വഴിയില്‍ നിന്ന് കടുകിട മാറാത്തയാളുമാണെന്ന് അനുമാനിക്കാന്‍ കഴിയുന്ന ഒരു വസ്തുത “പെണ്‍കുട്ടിയെ കാണാന്‍ ഞാന്‍ പലതവണ ശ്രമിച്ചിരുന്നു” എന്ന അഭിമുഖത്തില്‍ കാണാം. ഇതാ ആ പാവം പറയുന്നത് നോക്കുക: എനിക്ക് രണ്ട് പെണ്‍കുട്ടികളാണ്. എന്റെ പേരക്കുട്ടികളും പെണ്‍കുട്ടികളാണ്. അതുകൊണ്ട് എനിക്ക് ആ കുട്ടിയോട് പൂര്‍ണമായ സഹതാപമാണ്. ഒന്നുകില്‍ ആ കുട്ടിക്ക് ആള് മാറിപ്പോയിരിക്കാം. അതിലേറെ എന്നോട് രാഷ്ട്രീയവും വ്യക്തിപരമായും വിരോധമുള്ളവര്‍ അവളെ ഉപയോഗിക്കുന്നതാകാം. നമുക്ക് കുര്യനെ വിശ്വസിക്കാം. കാരണം അദ്യം കേന്ദ്രമന്ത്രിയായിരുന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രിമാരെക്കൂടി നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ള സഭാ അധ്യക്ഷനാണ്. സൂര്യനെല്ലി പെണ്‍കുട്ടിയോ? സ്വാധീനകേന്ദ്രത്തെക്കുറിച്ച് സ്വപ്നം കാണാന്‍പോലും അധികാരമില്ലാത്ത ഏഴൈപാവം. കണ്ണീരൊഴുക്കാന്‍ മാത്രം അറിയുന്ന തേരാപാരകളുടെ കൂട്ടത്തിലെ ഇങ്ങേയറ്റത്തെ കണ്ണി.
ആള്‍ക്കൂട്ടത്തിലേക്ക് ആന വരുമ്പോള്‍ എന്താണ് സംഭവിക്കുക? നെഞ്ച് വിരിച്ച് നില്‍ക്കാറുണ്ടോ? ഒതുങ്ങിക്കൊടുക്കില്ലേ? ഓടിയൊളിക്കില്ലേ? അങ്ങനെ ചെയ്യുമ്പോഴാണ് നമുക്കാകെ സ്വസ്ഥതകിട്ടുന്നത് എന്നറിയുക. ദേഹം മുഴുവന്‍ മൂടാനുള്ള തുണിവാങ്ങാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടായിട്ടുമതി കോട്ടും സൂട്ടും പാപ്പാസും എന്നു ശഠിച്ച നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജിയെ കുര്യന് അറിയാതിരിക്കില്ല. ആ ഗാന്ധിജിയുടെ സങ്കല്‍പ്പത്തില്‍നിന്ന് അനേകകാതം അകലേക്ക് ഓടി മറഞ്ഞതുകൊണ്ടാണ് കലാകൗമുദിക്ക് കോണ്‍ഗ്രസ്സിനോട് നേരത്തെ സൂചിപ്പിച്ച ചോദ്യം ചോദിക്കേണ്ടിവന്നത്. ജനം പറയുന്നപോലെ പ്രവര്‍ത്തിക്കാനാവില്ല എന്ന് ശഠിക്കുന്ന മുഖ്യമന്ത്രിയും നിയമം നിയമത്തിന്റെവഴിക്ക് എന്ന് വിലയിരുത്തിയ പ്രതിരോധമന്ത്രിയും കുര്യനില്‍നിന്ന് മുമ്പെന്തെങ്കിലും അനുഭവമുണ്ടായിട്ടുണ്ടോ എന്നുതര്ക്കിച്ച പ്രവാസികാര്യമന്ത്രിയും ആദ്യം സത്യത്തിന്റെ വഴിയിലേക്കുപോയി പിന്നെ വഴിമാറിയ തൃശൂരെ എംപിയും ചേര്‍ന്ന സംവിധാനമാണ് കോണ്‍ഗ്രസ് എന്നതുകൊണ്ടുതന്നെയാണ് ആ ചോദ്യം. ഉത്തരം കണ്ടെത്തട്ടേ മാന്യന്മാര്.
പീഡനത്തിന്റെ കാളിമയില്‍ വിറങ്ങലിച്ചു നില്ക്കുന്ന സമൂഹത്തിന്റെ മുമ്പിലേക്ക് ചാട്ടുളിയായി കവിത തറഞ്ഞു കേറുമ്പോള്‍ നമുക്ക് എന്തെങ്കിലും ചെയ്യണമെന്നുതോന്നും. അത്തരം തോന്നലിന് ഇടവെക്കുന്നു പ്രശാന്തി ചൊവ്വര എന്ന കവയിത്രി. അവരുടെ പ്രശാന്തിയുടെ കവിതകള്‍ എന്ന കവിതാസമാഹാരം ക്രൂരയാഥാര്ഥ്യങ്ങളുടെ പുറംതോട് കുത്തിപ്പൊട്ടിക്കാന്‍ സമൂഹത്തിന് (പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്) കരുത്തുപകരുന്നു. കൂടംകുളത്തെ തീപോരിമ മുതല്‍ വേദന വരെ 19 കവിതകളാണുള്ളത്. എറണാകുളത്തെ സെക്കുലര്‍ സാഹിത്യവേദിയാണ് പുറത്തിറക്കിയിരിക്കുന്നത്.
മൗനമായിഹൃദയത്തില്ഒതുക്കി
അലമുറയിട്ടുകരയുന്ന
പെണ്ണിനെതിരിഞ്ഞുനോക്കാന്
പെണ്ണിന്റെ മാനത്തിന് കൂടുമാറ്റം നടത്തുന്ന
വാനരസേനകള്ക്ക്
വാലുകുത്തിഎത്രനാള് പറക്കുവാന്‍?
എന്നാണ് പ്രശാന്തി ചോദിക്കുന്നത്. അധികകാലം അതിനുകഴിയില്ല എന്നത്രേകാലത്തിന്റെ മറുപടി. സൂര്യനെല്ലി പെണ്‍കുട്ടിയും അത്തരമൊരു ആശ്വാസത്തിന്റെ വക്കത്ത് അമ്മയുടെ മടിത്തട്ടില്‍ സ്വാസ്ഥ്യം കൊള്ളട്ടെ. ശക്തമായ രചനകളാല്‍ പ്രശാന്തി മുന്നേറുമ്പോള്‍ പാരമ്പര്യത്തിന്റെ കരുത്തുകൂടി കണ്ടെത്തുമെന്ന് നിസ്സംശയം പ്രതീക്ഷിക്കാം.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: