പണ്ടുകാലത്തൊരു വിശ്വാസമുണ്ടായിരുന്നു ചതുപ്പുനിലങ്ങളില്നിന്നും വെള്ളക്കെട്ടുകളില്നിന്നുമാണ് മലേറിയ പരക്കുന്നത്. ചതുപ്പില്‍ നിന്നുയരുന്ന ദുര്‍ഗന്ധമുള്ള വായുവാണ് മലേറിയയുടെ കാരണമെന്നായിരുന്നു വിശ്വാസം. മലേറിയ എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ മലിനവായു എന്നത്രെ. അങ്ങനെ മരണദൂതനായ മലമ്പനിയുടെ ഈറ്റില്ലമായ തണ്ണീര്‍ സ്ഥലങ്ങളെ ജനം വെറുത്തു. കൂമനും പാമ്പും കൂറ്റന്‍ കൊതുകുകളുമൊക്കെ വിഹരിച്ച അത്തരം സ്ഥലങ്ങളൊക്കെ മൂടിക്കളയാനായിരുന്നു അവര്‍ക്കിഷ്ടം. അമൂല്യമായ ഒരുപാട് തണ്ണീര്‍ത്തടങ്ങള്‍ മണ്ണിനടിയില്‍ മറഞ്ഞത് അങ്ങനെ. പില്ക്കാലത്ത് റിയല്‍ എസ്റ്റേറ്റുകാരും ഭൂമി മാഫിയക്കാരുമൊക്കെ ആ ജോലി ഏറ്റെടുത്തു. മൂടാന്‍ പറ്റാത്ത തണ്ണീര്‍ത്തടങ്ങളൊക്കെ അവര്‍ മാലിന്യക്കൂമ്പാരങ്ങളാക്കി മാറ്റുകയും ചെയ്തു.
കാലം ഒരുപാട് കഴിഞ്ഞപ്പോഴാണ് തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം നമുക്ക് മനസ്സിലായിത്തുടങ്ങിയത്. കിണറുകള്‍ വറ്റിത്തുടങ്ങിയപ്പോള്‍; കുടിവെള്ളം മുട്ടിത്തുടങ്ങിയപ്പോള്‍, മാലിന്യം പെരുത്തപ്പോള്‍; ദേശാടനക്കിളികള്‍ കൂടുതേടി കരഞ്ഞു നടന്നപ്പോള്‍… അപ്പോള്‍ നമുക്കൊരു വെളിപാടുണ്ടായി. വൃക്ഷങ്ങള്‍ ഭൂമിയുടെ ശ്വാസകോശങ്ങളാണെന്ന് പറഞ്ഞതുപോലെ തന്നെ നാം പറഞ്ഞു. തണ്ണീര്‍ത്തടങ്ങള്‍ അഥവാ ‘വെറ്റ്ലാന്റു’കള്‍ ഭൂമിയുടെ വൃക്കകളാണ്. എന്തും സഹിക്കുന്ന എന്തിനേയും ശുദ്ധമാക്കുന്ന പ്രകൃതിയുടെ വരദാനം….
അങ്ങനെയാണ്, ഐക്യരാഷ്ട്രസഭയും ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും യൂണിസെഫും ഒക്കെച്ചേര്‍ന്ന് ഇറാനിലെ റംസാറില്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടിയത്. 1971 ല്‍ ചേര്‍ന്ന ആ സമ്മേളനത്തിന് റംസാര്‍ കണ്വെന്ഷന് എന്ന് പേര്. തീരുമാനം, ലോകമെമ്പാടുമുള്ള തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുക. സ്വാഭാവികമായി വെള്ളം കെട്ടിനില്‍ക്കുന്ന എല്ലാ ജൈവവ്യവസ്ഥകളെയും തണ്ണീര്ത്തടങ്ങളെന്ന് കണ്വന്ഷന് വിലയിരുത്തി. തടാകങ്ങള്‍, സ്വാഭാവിക ജല സംഭരണികള്‍, നദികള്‍, അരുവികള്‍, വെള്ളക്കെട്ടുകള്‍, അഴിമുഖം, ഡെല്‍റ്റ, ചതുപ്പു നിലങ്ങള്‍, നെല്‍വയലുകള്‍ തുടങ്ങിയവയൊക്കെ തണ്ണീര്‍ത്തടങ്ങളാണ്. ഒഴുക്കുള്ളതും ഒഴുക്കില്ലാത്തതും ഉപ്പുള്ളതും ഉപ്പില്ലാത്തതുമായ ജലസ്രോതസുമൊക്കെ തണ്ണീര്‍ത്തടങ്ങളുടെ പരിധിയില്‍വരും. വേലിയിറക്ക സമയത്ത് ആറ് മീറ്ററിലധികം ആഴമില്ലാത്ത സമുദ്ര ഭാഗങ്ങളും വെള്ളത്തടങ്ങള് തന്നെ.
റംസാര്‍ കണ്‍വന്‍ഷനില്‍ ആദ്യമായി ഒപ്പുവെച്ച രാജ്യങ്ങളിലൊന്നായിരുന്നു ഭാരതം. തുടക്കത്തില്‍ 20 ദശലക്ഷം ഹെക്ടര്‍ വിസ്തീര്‍ണമുള്ള 325 തണ്ണീര്‍ത്തടങ്ങളെ സംരക്ഷിത റംസാര്‍ സൈറ്റുകളായി പ്രഖ്യാപിച്ചപ്പോള്‍ അക്കൂടെ ഇന്ത്യയിലെ ഏതാനും തണ്ണീര്‍ത്തടങ്ങളുമുണ്ടായിരുന്നു. ഒറീസയിലെ ചില്‍ക്കാ തടാകവും ഭരത്പൂര്‍ ദേശീയ പാര്‍ക്കുമായിരുന്നു ആദ്യപേരുകാര്‍. തുടര്‍ന്ന് വുളാര്‍ (കാശ്മീര്‍), ഹരികെ (പഞ്ചാബ്), ലോക്തക് (മണിപ്പൂര്‍) സാംബര്‍ (രാജസ്ഥാന്) തുടങ്ങിയവയുടെ ഊഴമായി. കേരളത്തില്‍ ശാസ്താംകോട്ട കായലും അഷ്ടമുടിയും വേമ്പനാട് കായലും പിന്നെ കോള്‍നിലങ്ങളും റംസാര്‍ പദവി നേടി. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 76 ലക്ഷത്തോളം ഹെക്ടര്‍ വരുന്ന 27000 ല്‍ പരം തണ്ണീര്‍ത്തടങ്ങള്‍ നമ്മുടെ രാജ്യത്ത് അവശേഷിക്കുന്നുണ്ട്.
ഓരോ തണ്ണീര്‍ത്തടത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്. അസ്ഥിരമായ സ്വഭാവമാണ് പലതിന്റേയും പ്രത്യേകത. ജലാശയം ക്രമേണ ചതുപ്പ് നിലമായും പുല്ലുകളും ഈറ്റകളും വളരുന്ന തകിടികളായും തുടര്‍ന്ന് ചെറുവനമായും മാറുക സ്വാഭാവികം. ഒരു മനുഷ്യജീവനുവേണ്ട വിറകും ഭക്ഷണവും കുടിവെള്ളവും ഔഷധികളുമൊക്കെ അത്തരം സ്ഥലങ്ങള്‍ നമുക്ക് നല്കിവന്നു. അതുകൊണ്ടാണ് വന്‍ നദീതടങ്ങളൊക്കെ സംസ്കാരത്തിന്റെ പിള്ളത്തൊട്ടിലായി മാറിയത്. സിന്ധു നദീതട സംസ്കാരം മുതല്‍ ഈജിപ്ഷ്യന്‍-മെസപ്പട്ടേമിയന്‍ സംസ്കാരംവരെ തണ്ണീര്‍ത്തടങ്ങളോട് ചേര്‍ന്ന് ഉരുത്തിരിഞ്ഞ് വളര്‍ന്ന് വികസിച്ചതാണ്.
വെള്ളക്കെട്ടുകള്‍ കുടിവെള്ളം മുട്ടാതെ കാത്തുസൂക്ഷിച്ച് സംസ്കാരങ്ങളെ നിരന്തരം പരിരക്ഷിച്ചുവെന്ന് ചരിത്രം. ഭൂഗര്‍ഭജലത്തിന്റെ സൂചകമായ വാട്ടര്‍ ടേബിള്‍ താഴാതെ കാത്തത് അവയത്രെ. ഒട്ടേറെ സസ്യങ്ങളും ജീവികളും അഭയം തേടിയതും വളര്‍ന്ന് വലുതായതും ഈ വെറ്റ്ലാന്റുകളുടെ പരിരക്ഷയിലാണ്. നാടന്‍ മത്സ്യങ്ങളും കടലില്‍നിന്ന് പ്രജനത്തിനെത്തുന്ന ചെറുജീവികളും കീടനിയന്ത്രണത്തിന് സഹായിക്കുന്ന കൂമനും പരുന്തും തവളയും നീര്‍ക്കോലിയും ഒക്കെ അവിടെ പെറ്റു പെരുകി. നാട്ടുവൈദ്യത്തിനുവേണ്ട ഔഷധികളും വീട്ടുപാചകത്തിനുള്ള വിറകുകളും പ്രദാനം ചെയ്തതും ഇത്തരം ചതുപ്പുകള്തന്നെ. ഒഴുകിയെത്തിയ ഘനലോഹ വിഷത്തെ ആഗിരണം ചെയ്ത് ജലശുദ്ധീകരണം നടത്തിയതും കണ്ടല്‍ക്കാടുകളെന്ന സസ്യ ഭിത്തി ഉയര്‍ത്തി കടല്‍ക്ഷോഭങ്ങളെ തടുത്തുനിര്‍ത്തിയതും വെള്ളത്തടങ്ങള് ആയിരുന്നു. ഏതാണ്ട് 1500 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ബംഗാളിലെ സുന്ദര്‍ബാന്‍ കണ്ടല്‍ വനം ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടല്‍ക്ഷോഭത്തില്‍ നിന്ന് തീരവാസികളെ കാത്തു രക്ഷിക്കുന്നത് ഓര്‍ക്കുക. കരമണ്ണ് ഒലിച്ചുപോകാതെ സൂക്ഷിക്കുകയും ചെയ്യുന്നു.
പക്ഷെ അന്ധരായ വികസന യാത്രയില്‍ പതിനായിരക്കണക്കിന് ഹെക്ടര്‍ വെള്ളക്കെട്ടുകളും ഉറവകളുമാണ് നമുക്ക് കൈമോശം വന്നത്. അനധികൃതമായ ഭൂമി കയ്യേറ്റമായിരുന്നു ആദ്യപ്രതി. വെള്ളക്കെട്ടുകള്‍ വ്യാപകമായി നികത്തിയപ്പോള്‍ ഭൂജലം റീ-ചാര്‍ജ് ചെയ്യാനുള്ള ഭൂമിയുടെ സ്വതസിദ്ധമായ ശക്തി നഷ്ടപ്പെട്ടു. വന്വെള്ളപ്പൊക്കങ്ങളെ തടുക്കാനുള്ള ശേഷിയും കൈമോശം വന്നു. ഊര്‍ജിത കൃഷിയുടെ പേരില്‍ ആഴംകുറഞ്ഞ കായലുകള്‍ വറ്റിച്ച് വരമ്പുകുത്തി പണി തുടങ്ങിയതോടെ അവിടെയും പ്രകൃതിയുടെ സ്വാഭാവികത നഷ്ടമായി. രാസവളങ്ങളും കീടനാശിനികളും മണ്ണിലേക്ക് ആഴ്ന്നിറങ്ങി. കൃഷി നഷ്ടമായപ്പോള്‍ പാടശേഖരങ്ങള്‍ ശൂന്യമായി. പലേടത്തും വന്‍തോതില്‍ മണല്‍ഖനനം നടന്നു. അവിടൊക്കെ കൂറ്റന്‍ ഇഷ്ടികക്കളങ്ങള്‍ ജനിക്കുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.
പുഴകളോട് ചേര്‍ന്ന ചതുപ്പുകളും തണ്ണീര്‍ത്തടങ്ങളും ഖാനനത്തിന് വേദിയായിട്ട് അധികം കാലമായില്ല. ഇല്‍മനൈറ്റും മോണോസൈറ്റും കരിമണലും മുതല്‍ വിലയേറിയ ആറ്റുമണല്‍ നിക്ഷേപത്തിനുവേണ്ടിവരെ നാം വെള്ളക്കെട്ടുകളെ കുഴിച്ചുമുടിച്ചു. അവിടെ അഭയം തേടിയ ദേശാടനക്കിളികളെയും മുയലുകളെയും വേട്ടയാടിത്തിന്നു. ശുദ്ധജല കായലുകളെപ്പോലും നാം വെറുതെ വിട്ടില്ല. അവയിലൊക്കെ മാലിന്യം തട്ടി. മുനിസിപ്പാലിറ്റിയുടെ മനുഷ്യ വിസര്‍ജ്യം മുതല്‍ കമ്പനിക്കാരുടെ വ്യാവസായിക മാലിന്യങ്ങള്‍ വരെ. കമ്പനി മാലിന്യങ്ങളിലെ വിഷലോഹങ്ങള്‍ സമീപത്തെ കിണറുകളില്‍ അവതരിക്കാനും അധികനാള്‍ വേണ്ടിവന്നില്ല ഇതിനൊന്നും പറ്റാത്ത ചെറുതടാകങ്ങളിലും കോള്‍നിലങ്ങളിലും ഒഴിഞ്ഞ പ്ലാസ്റ്റിക് സഞ്ചികളും വെള്ളക്കുപ്പികളും സിമന്റു ചാക്കുകളും നിറയ്ക്കാനും ജനം മടിച്ചില്ല. ഊര്‍ജിത മത്സ്യകൃഷിയും വെള്ളക്കെട്ടുകളുടെ വംശനാശത്തിന് വഴിവെച്ച മറ്റൊരു ഘടകമാണ്. അവിടെ മത്സ്യത്തിന് നിക്ഷേപിച്ച ഭക്ഷണ മാലിന്യങ്ങളും മരുന്നുകളും വെള്ളത്തിന്റെ ജൈവ ഘടന തന്നെ മാറ്റി വയലുകളുടെ ആഴം കുറഞ്ഞു. രണ്ടോ മൂന്നോ വിദേശി മത്സ്യത്തെ മാത്രം തീറ്റിപ്പോറ്റിയുള്ള ആ അക്വാ കള്‍ച്ചറില്‍ ജൈവ വൈവിധ്യം തകരുകയും ചെയ്തു. നാടന്‍ മീനുകളുടെയും ചെറുജലജീവികളുടെയും വംശം കുറ്റിയറ്റു.
രാസവളത്തിലൂടെ ഒഴുകിയെത്തിയ നൈട്രേറ്റുകളും മറ്റും നൈട്രിഫിക്കേഷനുകളിലൂടെ ജലത്തിലെ പ്രാണവായുവിന്റെ അംശം ഇല്ലാതാക്കി. വാഹനങ്ങളില്‍നിന്നും ഫാക്ടറികളില്‍നിന്നും ആകാശത്തേക്കുയര്‍ന്ന സള്‍ഫര്‍ ഡൈ ഓക്സൈഡും നൈട്രസ് ഓക്സൈഡും മഴയില്‍ ആസിഡ് രൂപത്തില്‍ താഴേക്കുവന്നതും ദോഷമുണ്ടാക്കിയത് പാവം തണ്ണീര്ത്തടങ്ങള്ക്കുതന്നെ.
കായലുകളില്‍ തൊണ്ടുചീയലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിത്യജീവിതത്തില്‍ നാം കാണുന്നതാണ്. വേമ്പനാട്ടു കായലില്‍ യന്ത്ര സഹായത്തോടെ ജലത്തിന്റെ അടിത്തട്ടിളക്കി കക്ക വാരുന്നതും നമുക്കറിയാവുന്ന കാര്യം. തലങ്ങും വിലങ്ങും ഓടുന്ന ജലവാഹനങ്ങള്‍ തുപ്പുന്ന ഡീസല്‍ മാലിന്യങ്ങളും ഹൗസ്ബോട്ടുകള്‍ വിസര്‍ജിക്കുന്ന ജൈവമാലിന്യവും എത്തിച്ചേരുന്നത് സാക്ഷാല്‍ തണ്ണീര്ത്തടങ്ങളില്ത്തന്നെ. വിനോദ സഞ്ചാരം നമ്മുടെ ജലശേഖരങ്ങളെ നശിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്കാണ് വഹിക്കുന്നതും. കൃഷിയില്ലാതെ കിടക്കുന്ന നെല്‍വയലുകളില്‍ പലതരം നിര്‍മാണ പരിപാടികളാണ് അനുദിനം നടക്കുന്നത്. അവയുടെ പാരിസ്ഥിതിക സന്തുലനംതന്നെ മാറ്റിമറിക്കപ്പെടുകയാണ്. വെറുതെ കിടക്കുന്ന വയലേലകളില്‍ വിമാനത്താവളം പണിയാമെന്ന് സങ്കല്‍പ്പിക്കുന്ന വിഡ്ഢികളായി നമ്മുടെ വികസനവാദികള്‍ അധഃപതിച്ചിരിക്കുന്നു.
നിയമങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് ഭാരതം. നെല്‍വയലുകള്‍ നികത്താതിരിക്കാനും കൃഷി മുടക്കാതിരിക്കാനും വയലുകളില്‍ മാലിന്യം വീഴാതിരിക്കാനുമൊക്കെ നമുക്ക് നിയമമുണ്ട്. അത് ലംഘിക്കാന്‍ വേണ്ടത്ര സൗകര്യവുമുണ്ട്. തണ്ണീര്‍ത്തടങ്ങളുടെ കാര്യത്തിലും സത്യം അതത്രെ. അവയെ സംരക്ഷിക്കാന്‍ നിയമമുണ്ട്. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ശ്രമങ്ങളുണ്ട്. പക്ഷേ ഒളിഞ്ഞും തെളിഞ്ഞും മനുഷ്യന് അവയെ കൊന്നൊടുക്കുകയാണ്. മലിനീകരിച്ചും മണ്ണിട്ടും വേട്ടയാടിയുമൊക്കെ പണത്തിനുവേണ്ടി ഇതൊക്കെ ചെയ്യുമ്പോള്‍ അവന് ഒരു കാര്യം അറിയുന്നില്ല. താന്‍ കൊല്ലുന്നത് പൊന്മുട്ടയിടുന്ന താറാവിനെയാണെന്ന സത്യം.
ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: