പത്തനംതിട്ട: ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയ ഒരു സ്വകാര്യ കമ്പനി നല്കിയ ചില കടലാസുകളുടെ അടിസ്ഥാനത്തില്‍ യാതൊരു പഠനങ്ങളോ അന്വേഷണങ്ങളോ നടത്താതെ അനുമതി നല്കിയ പ്രതിരോധ വകുപ്പിന്റെ നടപടി ദുരൂഹമാകയാല് വിശദ അന്വേഷണം നടത്തണമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. പൈതൃകഗ്രാമ കര്‍മ്മസമിതിയുടെ പത്തനംതിട്ട ജില്ലാ സമിതി രൂപീകരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമീപ കാലത്ത് പ്രതിരോധ വകുപ്പില്‍ നടന്ന ഞെട്ടിക്കുന്ന അഴിമതികളുടെ പരമ്പര പുറത്തുവരുമ്പോള്‍ പ്രസ്തുത അനുമതിക്കുപിന്നിലും അഴിമതി നടന്നതായി സംശയിക്കുന്നു. ഐ.എന്‍.എസ്. ഗരുഡയുടെ നിയന്ത്രണ പരിധിക്കുള്ളിലാകയാല് ആറന്മുളയില് വിമാത്താവള നിര്‍മ്മാണത്തിന് അനുമതി നിക്ഷേധിച്ച പ്രതിരോധ വകുപ്പ്, സ്വകാര്യ കമ്പനി റണ്‍വെയുടെ ദിശ മാറ്റിയെന്നുള്ള ദുര്‍ബ്ബല വാദത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് അനുമതി നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി കേന്ദ്ര-വനം-പരിസ്ഥിതി മന്ത്രാലയംവരെയുള്ള വിവിധ വകുപ്പുകളുടെ അനുമതി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നുള്ള പ്രാഥമിക നിയമം പോലും പാലിക്കാതെയാണ് പ്രസ്തുത അനുമതി നല്‍കിയത്. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയെന്നു രാഷ്ട്രീയ കേരളം വിശേഷിപ്പിക്കുന്ന എ.കെ. ആന്റണിയുടെ വകുപ്പില്‍ നടന്ന വന്‍ നിയമലംഘനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും വിശദമായ അന്വേഷണം നടത്തി ജനങ്ങള്‍ക്കുമുമ്പാകെ വിശദീകരിക്കുവാന്‍ എ.കെ. ആന്റണി തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ആറന്മുള വിമാനത്താവളം ഉയര്‍ത്തുന്ന നിയമപ്രശ്നങ്ങള്‍ എ.കെ. ആന്റണിയെ നേരില്‍ കണ്ട് ധരിപ്പിച്ചിട്ടും അദ്ദേഹത്തിന്റെ പ്രതികരണം നിരാശാജനകവും പ്രതിഷേധാര്ഹവുമായിരുന്നു. എന്തു വന്നാലും ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കുമെന്ന മുഖ്യമന്ത്രിയുടെ വാശിക്കു പിന്നിലെ പ്രചോദനം എ.കെ. ആന്റണിയുടെ നിലപാടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
വേണ്ട അനുമതികളൊന്നും ലഭിക്കാതെ എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ച് ഒരു കമ്പനിയ്ക്ക് എങ്ങനെ മുന്നോട്ടു പോകാന്‍ സാധിയ്ക്കും? റണ്‍വേയുടെ ദിശ എവിടേക്കാണ് മാറ്റിയതെന്നോ അതിന്റെ വിശദമായ രൂപരേഖ കമ്പനി നല്‍കിയിട്ടുണ്ടോയെന്നും മന്ത്രാലയം വിശദമാക്കേണ്ടതുണ്ട്. കമ്പനിയുടെ സാമ്പത്തികസ്രോതസ്സിനെ കുറിച്ചോ വിമാനത്താവള പദ്ധതിയുടെ വിശദമായ രൂപരേഖകളെയോ അതിരുകളെയോ കുറിച്ച് ഒന്നും തന്നെ വ്യക്തതയില്ലാത്തതിനാല്‍ ഇതിനെക്കുറിച്ച് വ്യക്തമായ ധവളപത്രം പ്രസിദ്ധീകരിക്കണമെന്നും കുമ്മനം പറഞ്ഞു.
കോന്നി, അടൂര്‍, പന്തളം, പത്തനംതിട്ട എന്നീ താലൂക്കുകള്‍ ഉള്‍പ്പെടുത്തിയാണ് പത്തനംതിട്ട ജില്ലാ കര്‍മ്മസമിതിക്ക് രൂപം നല്‍കിയത്. ഫെബ്രുവരി 25-നു മുന്‍പ് മണ്ഡല, താലൂക്ക് സമിതികള്‍ രൂപീകരിക്കുവാനും മാര്‍ച്ച് 1 മുതല്‍ 10 വരെ പത്തനംതിട്ട ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തുവാനും ആറന്മുളയില് നടക്കുവാന്‍ പോകുന്ന സത്യഗ്രഹ സമരത്തിലേയ്ക്ക് ജില്ലയുടെ എല്ലാഭാഗത്തു നിന്നും പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ആറന്മുള പൈതൃകഗ്രാമ കര്‍മ്മ സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ.സി. ഗണപതി പിള്ള അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ ശാരീരിക് ശിക്ഷാ പ്രമുഖ് എ. എം. കൃഷ്ണന്, വിഭാഗ് പ്രചാരക് പി. ഉണ്ണിക്കൃഷ്ണന്, വിഭാഗ് കാര്യവാഹ് എന്‍. ജി. രവീന്ദ്രന്, ജനറല്‍ കണ്‍വീനര്‍ പി. ആര്. ഷാജി, ജില്ലാ പ്രചാര്‍ പ്രമുഖ് ആര് പ്രദീപ്, ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ. അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: