ന്യൂദല്‍ഹി: ബിജെപി നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ടെലിഫോണ്‍ ചോര്‍ത്താന്‍ ശ്രമിച്ച ദല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി.
മറ്റു രണ്ട് പേര് കൂടി അരുണ്‍ ജെയ്റ്റ്ലിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കോണ്‍സ്റ്റബിളായ അരവിന്ദ് ദബാസാണ് അറസ്റ്റിലായത.് പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഇ-മെയില്‍ അഡ്രസ്സ് ഉപയോഗിച്ച് മൊബെയില്‍ കമ്പനി അധികൃതര്‍ക്ക് വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്തെഴുതുകയായിരുന്നു. എന്നാല്‍ കത്തില്‍ സംശയം തോന്നിയ ഫോണ്‍ കമ്പനിയുടെ നോഡല്‍ ഓഫീസര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് അറസ്റ്റ്. അരവിന്ദ് ദബാസിനു പുറമെ സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന രണ്ടു പേര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
പോലീസില്‍ നിന്നാണ് അരുണ്‍ ജെയ്റ്റ്ലിയുടെ ഫോണ്‍കോള്‍ രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ ലഭിച്ചതെന്നു ഫോണ്‍ കമ്പനി ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയിട്ടുണ്ട്. വിവരം പുറത്തായപ്പോള്‍ മുഖം രക്ഷിക്കാനാണോ അറസ്റ്റ് എന്ന സംശയവും ഉണ്ട്.
കേന്ദ്രഗവണ്മെന്റിന്റെ ഒത്താശയോടെയാണ് ഈ ഫോണ്‍ ചോര്‍ത്തല്‍ എന്നും അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന നടപടിയാണിതെന്നും ബിജെപി കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നു ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ ആരായിരുന്നാലും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ് പറഞ്ഞു.
രാജ്യസഭാ പ്രതിപക്ഷ നേതാവിന്റെ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിച്ച സംഭവം ഗൗരവമുള്ളതാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ജെയ്റ്റിലിയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമം പല പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്നുണ്ടെന്നും ആഭ്യന്തര വകുപ്പ് ഇതിനു മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ്ഫോണ്‍ ചോര്‍ത്തല്‍ യു പി എ സര്‍ക്കാരിന്റെ കാലത്ത് മുന്‍പും ഉണ്ടായിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടി നേതാവായിരുന്ന അമര്‍ സിംഗിന്റെ ഫോണ്‍ ചോര്‍ത്തിയത് ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: