കോട്ടയം: സൂര്യനെല്ലി കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ മൂന്നാം പ്രതി ധര്‍മരാജനെ കണ്ടെത്തി ദൗത്യം വിജയിപ്പിക്കാന്‍ തുണയായത് സംഘവുമായി പോയ ടാക്സി ഡ്രൈവര്‍ ഹരീഷ്.
കോട്ടയത്ത് നിന്നുള്ള പ്രത്യേക ദൗത്യസംഘം ധര്‍മരാജനെ കണ്ടെത്തുന്നതിനു വേണ്ടി പോലീസ് വാഹനം ഒഴിവാക്കി പ്രാദേശികമായ വിവരങ്ങള്‍ വ്യക്തമായറിയുന്ന ഹരീഷിന്റെ ടാക്സിയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. സംഘത്തിന്റെ ഈ നീക്കം വേഷപ്രഛന്നനായി വഴികള്‍ മാറി സഞ്ചരിച്ച തന്ത്രശാലിയായ ധര്‍മരാജനെ കുടുക്കുകയെന്ന ദൗത്യം വിജയിപ്പിക്കുന്നതിന് വഴിയൊരുക്കി. കര്‍ണ്ണാടകത്തില്‍ പ്രവേശിച്ചതു മുതല്‍ കഴിഞ്ഞ മൂന്നുദിവസം വഴികളിലൂടെയെല്ലാം പിന്തുടരാതെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്ത്രപരമായി നീങ്ങിയതാണ് കോട്ടയത്ത് നിന്നുള്ള പ്രത്യേക ദൗത്യസംഘത്തിന് ധര്‍മരാജനെ വലയില്‍ വീഴ്ത്താന്‍ സാധിച്ചത്.
തെക്കന്‍ കര്‍ണാടകത്തിലെ വിവിധ പ്രദേശങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതിനൊപ്പം കേരള-കര്‍ണ്ണാടക സൈബര്‍ ടീമുകളില്‍ നിന്നുമുള്ള മൊബെയില്‍ ടവര്‍ സിഗ്നല്‍ വിവരങ്ങളും സഹായകമായി. ധര്‍മരാജന്റെ മൊബെയില്‍ ഏത് ടവറിന്റെ പരിധിയിലാണെന്ന നിഗമനങ്ങളും വ്യക്തമായ പ്രദേശങ്ങളും ഇവ തമ്മിലുള്ള ദൂരവും കണക്കു കൂട്ടിയാണ് സാഗര്‍ എന്ന സ്ഥലത്ത് ഇയാള്‍ ഉണ്ടെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്. സാധാരണ പോലീസ് തെരച്ചിലിന്റെ രീതി വിട്ടുളള പ്രവര്‍ത്തനമാണ് ഇവിടെ പ്രയോഗിച്ചതെന്നുള്ളത് ശ്രദ്ധേയമാണ്.
12ന് രാത്രി ഏകദേശം ഒമ്പതു മണിയോടെയാണ് സൂര്യനെല്ലി കേസ് കൈകാര്യം ചെയ്യുന്ന കോട്ടയത്തെ പ്രത്യേക കോടതിയുടെ അറസ്റ്റ് വാറണ്ടുമായി ധര്‍മരാജനെ പിടികൂടാന്‍ പൊന്‍കുന്നം സി ഐ: രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം കോട്ടയത്ത് നിന്നും യാത്ര തിരിക്കുന്നത്. 13 ന് രാവിലെ ഒമ്പതുമണിയോടെ സംഘം മൈസൂര്‍ പാലസിലെത്തിയെങ്കിലും ഏതു ദിശയിലേക്ക് നീങ്ങണമെന്നതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയുമില്ലായിരുന്നു. ഒരു സ്വകാര്യചാനല്‍ വാര്‍ത്തയില്‍ വന്ന വിവരങ്ങള്‍ മാത്രമായിരുന്നു ആ സമയം ആധാരമായുണ്ടായിരുന്നത്. കൂടാതെ ധര്മരാജന് വേഷപ്രഛന്നനായാലുള്ള കമ്പ്യൂട്ടര്‍ രേഖകളായിരുന്നു കൈവശം ഉണ്ടായിരുന്നത്.
പിറ്റേന്ന് രാവിലെ മൈസൂരില്‍ നിന്ന് പുറപ്പെട്ടു. അന്ന് വൈകിട്ട് ബാംഗ്ലൂരില്‍ – മൈസൂര്‍ റൂട്ടിലെ മൂന്നോടെ തുഗൂരിലെത്തി. അപ്പോഴാണ് ഇയാള്‍ ഷിമോഗയില്‍ താമസിച്ചിരുന്നുവെന്ന വിവരം ലഭിക്കുന്നത്. ഇതിനിടെ ഇവിടെ നിന്ന് നൂറില്‍പരം കിലോമീറ്റര്‍ ദൂരത്തിലുള്ള ഒരു സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് മൊബെയില്‍ ടവര്‍ സിഗ്നലില്‍ നിന്ന് വിവരം ലഭിച്ചു. എന്നാല്‍ അത്രയും ദൂരം യാത്ര ചെയ്തു ചെല്ലുമ്പോഴേക്കും അയാള്‍ അവിടം വിട്ടു പോകുമെന്ന സൂചന ലഭിച്ചു. അതേസമയം ഷിമോഗയില്‍ ഇയാള്‍ക്ക് സുഹൃത്തുണ്ടെന്നും അവിടെ ഇയാളെത്തുമെന്നുമുള്ള ധാരണയില്‍ അവിടെ തയ്യാറെടുത്തു നില്ക്കാന് തീരുമാനിച്ചു. ഈ സമയം കര്‍ണാടക പൊലീസിന്റെ സഹായവും ലഭിച്ചു. ഏഴു പോലീസുകാരെ തിരച്ചിലിനായി വിട്ടുകിട്ടി. ധര്‍മരാജന്റെ വിവിധ തരത്തിലുള്ള ഫോട്ടോകളുടെ 50 കോപ്പിയെടുത്ത് കര്‍ണ്ണാടക പോലീസുകാരുടെ കയ്യില്‍ കൊടുത്തു. ഫോട്ടോ കണ്ട പലരും ഇയാളെ കണ്ടതായി പറഞ്ഞതോടെ ദൂരെയെങ്ങും പോയിട്ടില്ലെന്ന് ഉറപ്പിക്കുകയായിരുന്നു.
മദ്യാസക്തനായ ധര്മ്മരാജന് രാത്രികാലങ്ങളില്‍ കൂടുതല്‍ മദ്യപിക്കുമായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സാഗറിനടുത്തുള്ള ചെറിയ ടൗണിലെ വൈന്ഷോപ്പുകളില് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ തെരച്ചില്‍ നടത്തിയ സമയത്ത് ഇയാള്‍ വൈന്‍ ഷോപ്പുകളിലൊന്നില്‍ മദ്യപിക്കുന്നുണ്ടായിരുന്നുവെന്ന പിന്നീട് അറിഞ്ഞു. ഗോവ റോഡില്‍ സാഗറില്‍ നിന്ന് 28 കിലോമീറ്റര്‍ ദൂരത്തിലുള്ള വനമേഖലയുള്‍പ്പെടുന്ന വഴിയിലൂടെ പോയി നോക്കാമെന്ന് ഡ്രൈവര്‍ ഹരീഷാണ് പൊലീസ് സംഘത്തോട് പറഞ്ഞത്. അങ്ങനെ 15ന് രാവിലെ തെരച്ചില്‍ ആ ദിശയിലേക്കാക്കി. ഉച്ചക്ക് 12.10ഓടെ ഇവിടെയടുത്തുള്ള ഡാമിനടുത്തുള്ള വിജനമായ റോഡിലൂടെ ജീപ്പ്പ് പോകുമ്പോഴാണ് ധര്മ്മരാജന് നടന്നു വരുന്നതായി കണ്ടത്. ആദ്യനോട്ടത്തില്‍ ഡ്രൈവര്‍ ഹരീഷാണ് കാഴ്ചയില്‍ ദുരൂഹതയുളവാക്കുന്ന ധര്‍മ്മരാജനെ തിരിച്ചറിയുന്നത്. തനിക്ക് തോന്നിയ സംശയം ഹരീഷ് സംഘത്തോട് പറഞ്ഞു.
വാഹനമടുത്തെത്തിയപ്പോള് ചാടിയിറങ്ങിയ പൊലീസ് സംഘം ധര്മ്മരാജനല്ലേയെന്ന് ചോദിച്ചു. അതേയെന്ന മറുപടി പറഞ്ഞയുടന്‍ തന്നെ ജീപ്പ്പിലേക്ക് കയറ്റുകയായിരുന്നു.
ചാനലിന് നല്കിയ അഭിമുഖത്തില്‍ തല നിറയെ മുടിയും കട്ടിമീശയുമുണ്ടായിരുന്ന ധര്മരാജന് തിരിച്ചറിയാതിരിക്കാനായി രൂപമാറ്റം വരുത്തിയിരുന്നു. പിടിയിലാകുമ്പോള്‍ ജീന്‍സും ഷര്‍ട്ടും ധരിച്ച് മീശയും താടിയും വടിച്ച നിലയിലായിരുന്നു ധര്മരാജന് . തുടര്‍ന്ന് റോഡ് മാര്‍ഗം കോട്ടയത്തേക്ക് കൊണ്ടുവന്ന ധര്‍മരാജനെ ഇന്നലെ രാവിലെ പത്തോടെ മുളന്തുരുത്തി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി, 11.05ന് കോടതിയില്‍ ഹാജരാക്കി. പൊന്‍കുന്നം സി.ഐ. രാജ്കുമാര്, അയര്‍ക്കുന്നം എസ്.ഐ. നിസാം, ഗ്രേഡ് എസ്.ഐ. ചാക്കോ സ്കറിയ, വെസ്റ്റ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷിബുക്കുട്ടന് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ധര്‍മരാജനെ അറസ്റ്റു ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ കൂടെയുണ്ടായത് സ്വതന്ത്രമായ പോലീസ് ഓപ്പറേഷന് തടസമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്കിയ സി.ഐ രാജ്കുമാര് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ ചോരുമെന്നു പോലും തങ്ങള്‍ ഭയപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. സാഗര്‍ ജില്ലയില്‍ ധര്മരാജന് കുറച്ചുകാലമായി കാപ്പിത്തോട്ടം കൃഷി ജോലികള്‍ നടത്തി ജീവിക്കുകയായിരുന്നു. ലിസി എന്ന ഒരു സ്ത്രീ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ശശി എന്ന അടുപ്പക്കാരനുപുറമെ ഏതാനും മലയാളികളും ധര്‍മരാജന്റെ സുഹൃത്തുക്കളായി മൈസൂരിലും പ്രാന്തപ്രദേശങ്ങളിലും കൂട്ടിനുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: