ന്യൂദല്‍ഹി: പ്രതിരോധ വകുപ്പില്‍ വന്‍ കോഴയിടപാട് നടന്ന ഹെലികോപ്റ്റര്‍ കരാറില്‍ ആറു ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേസില്‍ കോടതി നിരീക്ഷണമുള്ള സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ബിജെപി വക്താവ്് പ്രകാശ് ജാവ്ദേക്കര്‍ പ്രതിരോധ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തെക്കുറിച്ച് പാര്‍ലമെന്റിലെ മറുപടിയില്‍ മറച്ചുവച്ചുവെന്നും കുറ്റപ്പെടുത്തി.
3500 കോടി രൂപയുടെ 12 എഡബ്ല്യൂ 101 ഹെലികോപ്റ്റര്‍ വാങ്ങലിലെ കോഴയിടപാട് സംബന്ധിച്ച് കോടതി പരാമര്‍ശിച്ച സിബിഐ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍, കോടതി നിയന്ത്രണത്തിലല്ലാതെ, യുപിഎ ഭരണത്തില്‍ സിബിഐ എന്തെങ്കിലും ശരിയായ അന്വേഷണം നടത്തുമെന്നു പ്രതീക്ഷിക്കുകവയ്യെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. ടുജി അഴിമതി പോലുള്ള പ്രമുഖ കേസുകളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണ ഉത്തരവിട്ടത് കടുത്ത പൊതു ജനസമ്മര്‍ദ്ദം മൂലമാണ്. എന്നാല്‍, അന്വേഷണം മനപ്പൂര്‍വം വെച്ചുതാമസിപ്പിക്കുകയെന്നതായിരുന്നു അവരുടെ തന്ത്രം. ഒടുവില്‍ കോടതി ഇടപെട്ട് ടുജി അഴിമതിക്കേസില്‍ അന്വേഷണ നിയന്ത്രണം നടത്തിയ ശേഷമാണ് എന്തെങ്കിലും ഫലമുണ്ടായത്. അതിനു മുമ്പ് 15 മാസത്തോളം അതിഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്, അദ്ദേഹം പറഞ്ഞു.
വിവിഐപി കോപ്റ്റര്‍ ഇടപാടിലെ അഴിമതി ഇന്ത്യയിലും ഇറ്റലിയിലും പല മാധ്യമങ്ങളിലും കഴിഞ്ഞ വര്‍ഷം തന്നെ വാര്‍ത്തയായിരുന്നുവെങ്കിലും ഈ സര്‍ക്കാര്‍ നേരാംവണ്ണമുള്ള ഒരന്വേഷണം മനപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. എന്നാല്‍ വാര്‍ത്തകള്‍ വന്നതോടെതന്നെ ഇറ്റലിയിലെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. പക്ഷേ ഇന്ത്യ അത്തരത്തില്‍ ഒരന്വേഷണത്തിനും താല്പര്യം കാണിച്ചില്ല. എന്നു മാത്രമല്ല, അന്വേഷണം നടത്തിയതുതന്നെ ഇടപാടിന് നല്ല സര്‍ട്ടിഫിക്കറ്റു നല്കാന് വേണ്ടിയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. പ്രതിരോധ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ എന്താണെന്നും ഇടപാടില്‍ കുഴപ്പമൊന്നും ഉണ്ടായില്ലെന്ന നിഗമനത്തില്‍ എങ്ങനെ എത്തിച്ചേര്‍ന്നെന്നും ജനങ്ങളെ അറിയിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഏറ്റവും കൗതുകകരമായ കാര്യം പ്രതിരോധ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തെ സംബന്ധിച്ച് രാജ്യസഭയില്‍ താന്‍ ചോദിച്ചതിനു 2012 ഡിസംബര്‍ 12-ന് നല്കിയ മറുപടിയില്‍ പരാമര്‍ശമൊന്നുമില്ല എന്നതാണെന്ന് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. മറുപടിയില്‍ പറഞ്ഞിരുന്നത്, ” കൃത്യമായ വിവരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഒന്നും ഈ സംഭവത്തെക്കുറിച്ച് ഔപചാരികമായ അന്വേഷണമൊന്നും ആരംഭിച്ചിട്ടില്ല”എന്നാണ്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഇറ്റലിയില്‍നിന്നുള്ള ഔദ്യോഗിക നിര്‍ദ്ദേശമോ അറിയിപ്പോ വരാതെതന്നെ അന്വേഷണം ആരംഭിക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഹാഷ്കെയും ജെറോസയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ കഴിഞ്ഞ നാലുമാസമായി പരസ്യമാണ്. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടം അതു പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ സമീപനത്തിലൂടെ കോഴയിടപാടില്പ്പെട്ട ഫിന്മെക്കാനിക്കയുടെ ഇന്ത്യന്‍ തലവന്‍ ഗിറാസോളിന് ഇന്ത്യ വിട്ടുപോകാന്‍ അവസരം കിട്ടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ മന്ത്രാലയം ഇത്രയും വലിയൊരു അഴിമതി സംഭവിച്ചിട്ട് അതിന്റെ പിഴവ് സമ്മതിക്കുന്നതിനു പകരം അനാവശ്യമായി എന്‍ഡിഎ ഭരണകാലത്തെ സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുകയാണ്. സാങ്കേതിക കാര്യങ്ങളല്ല ഇവിടെ പ്രശ്നം.
മറിച്ച് യഥാര്‍ത്ഥ പ്രശ്നം അഴിമതിയാണ്. അതിലൂടെ നടന്ന കോഴയിടപാടാണ്്. ആ പ്രശ്നത്തില്‍ യഥാസമയം വേണ്ട അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച പരാജയമാണ്. കോഴ കൈപ്പറ്റിയ ഇന്ത്യയിലെ യഥാര്‍ത്ഥ നേട്ടക്കാരെ കണ്ടെത്തുന്നതില്‍ സംഭവിച്ച വീഴ്ചയാണ്.
കോണ്‍ഗ്രസ് കഴുത്തോളം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. കോമണ്‍ വെല്‍ത്ത് ഗെയിംസ്, ടു ജി, കോള്‍ പാടം, വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ അഴിമതികളെല്ലാം കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രകളായിക്കഴിഞ്ഞു.
വിവിഐപി കോപ്ടര്‍ അഴിമതി ഈ കണക്കുകളില്‍ ആറു ചോദ്യങ്ങള്‍ക്കു സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ടെന്ന് ജാവ്ദേക്കര്‍ പറഞ്ഞു.
ഈ കോപ്റ്റര്‍ ഇടപാട് അന്തിമമായി തീരുമാനിച്ചതും അതില്‍ ഒപ്പുവെച്ചതും ആരാണ് ? ആര്‍ക്കാണ് കോഴ ലഭിച്ചത്? ഇറ്റലിയിലെ അന്വേഷണ കുറ്റപത്രത്തില്‍ രണ്ടിടത്ത് 28 മില്യണ്‍ കൈപ്പറ്റിയ കുടുംബത്തെക്കുറിച്ച് പറയുന്നുണ്ട്.
ആ കുടുംബം ഏതാണെന്നറിയാന്‍ രാജ്യത്തിന് അവകാശമില്ലേ? ഹാഷ്കെയും എമ്മാര്‍ എംജിഎഫും തമ്മിലുള്ള ബന്ധമെന്താണ്? ഈ കോപ്റ്റര്‍ ഇടപാടില്‍ ഐഡിഎസ് ഇന്ത്യയുടെ പങ്കും സ്ഥാനവും എന്താണ്? അന്യരാജ്യങ്ങളില്‍നിന്ന് നിയമ സഹായം ലഭിക്കാന്‍ ആവശ്യമായ ലറ്റര്‍ റൊഗേറ്ററി ഈ അഴിമതിക്കാര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി വക്താവ് ആവശ്യപ്പെട്ടു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: