ന്യൂദല്‍ഹി: ആത്മഹത്യ ചെയ്ത എയര്‍ഹോസ്റ്റസ് ഗീതിക ശര്‍മ്മയുടെ അമ്മ യുടെ ആത്മഹത്യാകുറിപ്പിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഹരിയാന മുന്‍മന്ത്രി ഗോപാല്‍ ഗോയല്‍ കന്ദയുടെയും അദ്ദേഹത്തിന്റെ കീഴില്‍ ജോലിചെയ്യുന്ന അരുണ ഛദ്ദയ്ക്കുമെതിരെ പോലീസ് അന്വേഷണം തുടങ്ങി.
ഗീതികാ ശര്‍മ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഇരു വര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് അമ്മ അനുരാധയും ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തെത്തുടര്‍ന്നുള്ള മാനസികദുഖം അടക്കാനാകാതെയാണ് അനുരാധ ശര്‍മ്മ കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മകളുടെ മരണത്തിന് ശേഷം വിഷാദരോഗിയായ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. തന്റെ കുടുംബം വേട്ടയാടപ്പെടുന്നതിലുള്ള ദു:ഖം സഹിക്കാനാകാതെയാണ് താന്‍ ഈ കടുംകൈക്ക് മുതിരുന്നതെന്നും കുറിപ്പില്‍ അനുരാധ ശര്‍മ്മ പറയുന്നു. ഗോപാല്‍ കന്ദയും അരുണ ഛദ്ദയുമാണ് തന്റെയും മകളുടെയും ആത്മഹത്യക്ക് കാരണമെന്നും അനുരാധ വ്യക്തമാക്കിയിരുന്നു. മകനോട് ധീരനായിരിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
അനുരാധ ആത്മഹത്യ ചെയ്യുന്ന ദിവസം ഉച്ചക്ക് തനിക്കൊപ്പം പുറത്ത് നിന്ന് ആഹാരം കഴിക്കാന്‍ മകന് അങ്കിത് അവരെ വിളിച്ചിരുന്നു. എന്നാല്‍ താന്‍ വീട്ടില്‍ നിന്ന് കഴിക്കാമെന്ന് പറഞ്ഞ് അനുരാധ ക്ഷണം നിരസിക്കുകയായിരുന്നെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി.കരുണാകരന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മകള്‍ ആത്മഹത്യ ചെയ്തതിന് ശേഷം കടുത്ത വിഷാദത്തിലായിരുന്ന അനുരാധക്ക് കുടുംബാംഗങ്ങള്‍ പ്രത്യേക പരിഗണന നല്കി വരികയായിരുന്നെന്നും കരുണാകരന് പറഞ്ഞു. അനുരാധയുടെ ബന്ധുവാണ് ബഡ്റൂമിലെ സീലിംഗ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന അനുരാധയെ ആദ്യം കണ്ടത്. ഗീതിക ആത്മഹത്യ ചെയ്ത അതേ മുറിയും ഫാനുമാണ് അമ്മയും ജീവനൊടുക്കാന്‍ സ്വീകരിച്ചത്.
ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് ഗോ പാല് കന്ദക്കും അരുണ ഛദ്ദക്കുമെതിരെ അന്വേഷണം നടത്തുന്നത്. ഇവര്‍ ഗീതികയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നോ എന്നറിയാന്‍ അനുരാധയുടെ മൊബെയില്‍ ഫോണ്‍ പരിശോധിച്ചുവരികയാണെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു. മുന്‍മന്ത്രി കന്ദയുടെ ഉടമസ്ഥതയിലുള്ള എംഡിഎല്‍ആര്‍ എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മ്മ കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ആത്മഹത്യ ചെയ്തത്. തന്റെ ആത്മഹത്യക്ക് പിന്നില്‍ കന്ദയും ഛദ്ദയുമാണെന്ന് വ്യക്തമാക്കുന്ന രണ്ട് ആത്മഹത്യാകുറിപ്പുകള്‍ ഗീതിക എഴുതിയിരുന്നു. കേസില്‍ പ്രധാനപ്രതികളായ ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. തങ്ങള്‍ക്കെതിരെ ഗീതികയുടെ അമ്മ അനുരാധ ശര്‍മ്മ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇവര്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: