കോട്ടയം: കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ സ്ഥിര നിയമനം ലഭിച്ചിട്ടുള്ള അദ്ധ്യാപകര്‍ക്ക് പാര്‍ട്ട് ടൈം ഗവേഷണത്തിനുള്ള സൗകര്യം പുന:സ്ഥാപിക്കത്തക്ക രീതിയില്‍ എംജി സര്‍വ്വകലാശാലയുടെ പിഎച്ച്ഡി റഗുലേഷന്‍സ് ഭേദഗതി ചെയ്യാന്‍ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 2009 ജൂലൈയില്‍ യുജിസി നിര്‍ദ്ദേശിച്ച പിഎച്ച്ഡി മാര്‍ഗ നിര്‍ദ്ദേശപ്രകാരം കോഴ്സ് വര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു. 2010 ജൂലൈയില്‍ എംജി സര്‍വ്വകലാശാല യുജിസി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചെങ്കിലും ഒരു വര്‍ഷക്കാലം രജിസ്റര്‍ ചെയ്ത ഗവേഷകര്‍ക്കായി കോഴ്സ് വര്‍ക്ക് നടത്തിയിരുന്നില്ല. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി സര്‍വ്വകലാശാല ഉടനടി പ്രത്യേക കോഴ്സ് വര്‍ക്ക് നടത്തും.
തീരുവനന്തപുരം, കൊല്‍ക്കത്ത, പൂന, മൊഹാലി, ഭോപ്പാല്‍ എിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ച് നടത്തുന്ന എല്ലാ റഗുലര്‍ കോഴ്സുകള്‍ക്കും യോഗം അംഗീകാരം നല്കി. മദ്രാസ് യൂണിവേഴ്സിറ്റിയുടെ എം.എ (കമ്മ്യൂണിക്കേഷന്‍സ്) കൊച്ചി സര്‍വ്വകലാശാലയുടെ എംബിഇ, ഭാരതിയാര്‍ സര്‍വ്വകലാശാലയുടെ റഗുലര്‍ ബിഎഫ്റ്റി, മനോമണിയം സുന്ദരം യൂണിവേഴ്സിറ്റിയുടെ റഗുലര്‍ എം.എസ്.സി (സോഫ്ട്വെയര് എഞ്ചിനീയറിംഗ്), കോഴിക്കോട് സര്‍വ്വകലാശാലയുടെ എം.എ. അറബിക്, അഫ്സല് ഉല്ഉല്മയും എം.ജി.യുടെ സമാന കോഴ്സുകള്‍ക്ക് തുല്യമായി അംഗീകരിച്ചു.
ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ എം.എ. സോഷ്യോളജി, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയുടെ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷന് എന്നീ വിദൂരപഠന കോഴ്സുകള്‍ക്കും അംഗീകാരം നല്കി. എന്നാല്‍ വിദൂരപഠന കോഴ്സുകള്‍ അംഗീകരിക്കാനുള്ള 35ഇനങ്ങള്‍ അക്കാദമിക് കൗണ്‍സില്‍ തള്ളി.
എഐസിറ്റിഇ നിര്‍ദ്ദേശമനുസരിച്ച് എംജിയുടെ കീഴിലുള്ള കോളേജുകളില്‍ എംബിഎ പ്രവേശനത്തിന് സിമാറ്റ് സ്കോര്‍ നിര്‍ബന്ധമാക്കി. എംപിറ്റി കോഴ്സിന്റെ പുതുക്കിയ സിലബസും റഗുലേഷനുകളും അംഗീകരിച്ചു. ഇസ്ലാമിക് ഫിനാന്‍സിംഗ് പ്രോഗ്രാം പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്യം ഡീന്‍സ് കമ്മറ്റി പരിഗണിക്കും.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഗവേണിംഗ് കൗണ്സിംഗിലേക്ക് പ്രൊഫ. ടി.വി. തുളസീധരനെയും, സ്റ്റാറ്റ്യൂട്ടറി ഫിനാന്‍സ് കമ്മറ്റിയിലേയ്ക്ക് പ്രൊഫ. ബേബി തോമസിനെയും, സ്റ്റുഡന്റ്സ് കൗണ്‍സിലിലേയ്ക്കുള്ള അക്കാദമിക് കൗണ്‍സില്‍ നോമിനിയായി പ്രൊഫ. ആര്. വിജയകുമാറിനെയും യോഗം ഏകകണ്ഠേന തെരഞ്ഞെടുത്തു. കവി. ഡി. വിനയചന്ദ്രന്, മുന്‍ എംഎല്‍എ കെ.കെ.നായര്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജ്ജ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: