പാലക്കാട്: മലബാര്‍ ദേവസ്വംബോര്‍ഡ് നാഥനില്ലാക്കളരിയായി ആറുമാസം പിന്നിടുന്നു. ഇടതുഭരണകാലത്ത് നിയമിതരായ ദേവസ്വംബോര്‍ഡ് യുഡിഎഫ് പിരിച്ചുവിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ കമ്മറ്റിയെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏരിയാ കമ്മറ്റിയുടെ കാലാവധിയും കഴിഞ്ഞ മെയില്‍ അവസാനിച്ചു. അതിന്റെ പുനഃസംഘടനയും നീളുകയാണ്.
ഇപ്പോള്‍ കമ്മീഷണര്‍ക്കാണ് താല്‍ക്കാലിക ചുമതല. ഭരണം മാറിയിട്ടും പ്രതിപക്ഷം ഭരിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ അനിശ്ചിതകാല പൊതുപണിമുടക്ക് കാലത്ത് ഇവിടെ 98 ശതമാനം ജീവനക്കാരും ഹാജരായിരുന്നു.
ഇടതുയൂണിയന്‍ മേധാവിത്വമുള്ള ബോര്‍ഡില്‍ കേവലം രണ്ടുജീവനക്കാര്‍ മാത്രമാണ് പണിമുടക്കിയത്. ഓഫീസിലിപ്പോള്‍ ജീവനക്കാരുടെ ധാര്‍ഷ്ട്യമാണ് നടക്കുന്നതെന്നാണ് വ്യാപകമായ പരാതി.
കോഴിക്കോട്, പാലക്കാട്, മലപ്പുറം, തലശ്ശേരി, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ മലബാര്‍ ദേവസ്വംബോര്‍ഡ് ഓഫീസുകളടെ ഭരണം സ്തംഭനത്തിലാണ്. ഇതുമൂലം ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളും തകിടംമറിഞ്ഞിരിക്കുകയാണ്. അറ്റകുറ്റപ്പണികളും നടക്കുന്നില്ല. ജീവനക്കാരുടെ ആവശ്യങ്ങളുടെ മുറവിളി മറുഭാഗത്ത്. പ്രമോഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളും നടക്കാത്തതിനാല്‍ അവരും അസ്വസ്ഥരാണ്.
കോടിക്കണക്കിന് രൂപ ലാപ്സാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബോര്ഡ്പ്രസിഡന്റിനേയും അംഗങ്ങളേയും തീരുമാനിക്കുന്നതിന് യുഡിഎഫ് പലതവണ യോഗം ചേര്‍ന്നെങ്കിലും ഒരു സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.
അതിനാല്‍ പലപ്പോഴും ഉദ്യോഗസ്ഥരുടെ ഭരണമാണ് നടക്കുന്നതെന്ന ആരോപണം ശക്തിപ്പെടുന്നു. ജീവനക്കാരും ക്ഷേത്രകമ്മറ്റി ഭാരവാഹികളും നിത്യേനയെന്നോണം ദേവസ്വം ബോര്‍ഡ് ഓഫീസിലും ഡിവിഷണല്‍ ഓഫീസിലും കയറിയിറങ്ങുകയാണ്. യുഡിഎഫ് ഭരണകാലങ്ങളില്‍ ഇത്തരമൊരവസ്ഥയുണ്ടാകുന്നത് ക്ഷേത്രങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുകയാണ്.
ഇതിനുപരിഹാരമുണ്ടാക്കണമെന്ന് കോണ്‍ഗ്രസ് അനുകൂല ദേവസ്വം സംഘടന നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ട് വകുപ്പു മന്ത്രി ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്.
കെ.കെ. പത്മഗിരീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: