സ്ഥലം ഗ്രാമസഭ തന്നെ.
അധ്യക്ഷക്കസേരയില്‍ ഞെളിഞ്ഞിരുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എഫ്. വരദരാജന്. ഇഷ്ടന് ഇടതിനിലെ ഇടതനാണ്.
തൊട്ടപ്പുറത്തിരുന്നത് വാര്‍ഡ് മെമ്പറും കണ്‍വീനറുമായ എം.സി. മോഹനനാണ്. മൂപ്പര് ഇടതനിലെ വലതനാണ്.
ഉദ്ഘാടനത്തിന് ആളില്ലാത്തതുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി.എഫ്തന്നെ ആ റോളും ഏറ്റു.
പിന്നെയുള്ളത് കോ ഓര്‍ഡിനേറ്റര്‍ വിദ്വാനാണ്. കൃഷി ഓഫീസിലെ അസിസ്റ്റന്റാണ് അങ്ങോര്. പേര് സുധീഷോ രതീഷോ എന്നോ മറ്റോ ആണ്.
ചെറുപ്പക്കാരനായ അങ്ങോര് ഗ്രാമസഭയില്‍ വരുന്ന അണ്ടനേയും അടകോടനെയുമൊക്കെപ്പിടിച്ച് ഒപ്പിടുവിക്കുകയാണ്.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിപ്രകാരം വ്യക്തിഗത-കുടുംബ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള ഗ്രാമസഭയാണിത്.
പഞ്ചായത്ത് മെമ്പര്‍ എം.സി. മോഹനന് തനിക്ക് വേണ്ടപ്പെട്ടവരെക്കൊണ്ടൊക്കെ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ കൊടുപ്പിച്ച് കൈപ്പറ്റി രസീത് പഞ്ചായത്ത് സെക്രട്ടറിയില്‍നിന്നും വാങ്ങിപ്പിച്ച് മുന്‍ഗണനാ ലിസ്റ്റ് നേരത്തെതന്നെ രഹസ്യമായി തയ്യാറാക്കിയിട്ടുണ്ട്.
ഇനി ബാക്കിയുള്ളത് കുറേ കീടങ്ങളാണ്. അവരെക്കൊണ്ട് പാര്‍ട്ടിക്ക് ഒരു ഗുണവുമില്ലെന്ന് ശകുനിയെപ്പോലെ കൂര്മബുദ്ധിയുളള എംസിക്ക് അറിയാം. എന്നാലും തെണ്ടിപ്പട്ടികള്‍ക്ക് ബാക്കിവന്ന ഇറച്ചിക്കഷണങ്ങള്‍ എറിഞ്ഞുകൊടുക്കുന്നതുപോലെ അവര്‍ക്കും നല്കി ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാഫോമുകള്‍. പോരാത്തതിന് കല്ലുവെച്ചപോലെ ഒരു കാച്ചും കാച്ചി: “എല്ലാവരും അപേക്ഷ എഴുതിതന്നോളൂ. അര്ഹിക്കുന്നവര്ക്കൊക്കെ വീടും തൊഴുത്തും ആടും കോഴിയുമൊക്കെ കിട്ടും.”
അതുകേട്ട് പഞ്ചായത്ത് പ്രസിഡന്റ് ഉള്ളാലെ ഒന്ന് പൊട്ടിച്ചിരിച്ചെങ്കിലും വലതനായ മെമ്പറെ അങ്ങനെ കയറൂരിവിടുന്നത് ശരിയല്ലെന്ന് കണ്ട് എല്ലാവരോടുമായിട്ടെന്നവണ്ണം ഉറക്കെ പറഞ്ഞു: “എസ്സി വിഭാഗത്തില്‍ അപേക്ഷിച്ചവര്‍ക്കൊക്കെ പഞ്ചായത്ത് ആടിനെ കൊടുക്കുന്നുണ്ട്. അതുപോലെ ആയുര്‍വേദ മരുന്ന് എസ്സിക്കാര്‍ക്കും എസ്ടിക്കാര്‍ക്കും മുഴുവനായും വിതരണം ചെയ്യും.
അതുകേട്ട് സദസിലിരുന്ന മണ്ടന്മാരും മണ്ടത്തികളും ഉറക്കെ കയ്യടിച്ചു.
എങ്കിലും ഒരു കിളവന് ഒരു കമന്റെടുത്തിട്ട് സദസില്‍ ചിരി പടര്‍ത്തി “കൊല്ലാനുള്ള മരുന്നാണോ പ്രസിഡണ്ടേ? എന്നായിരുന്നു അയാളുടെ ചോദ്യം.
എന്തായാലും എം.സി. മോഹനന്റെ സ്വാഗതത്തോടെ ഗ്രാമസഭ തുടങ്ങി.
സദസില്‍ കുറച്ച് ആളുകളെ കണ്ടതുകൊണ്ട് ഒന്നര മണിക്കൂറായിരുന്നു മെമ്പറുടെ സ്വാഗതം പറച്ചില്.
കോര്‍ഡിനേറ്റര്‍ പയ്യന് ഒരക്ഷരം ഉരിയാടിയില്ല. കുത്തിക്കുറിക്കുന്നതിലായിരുന്നു മൂപ്പരുടെ ശ്രദ്ധ മുഴുവനും.
മെമ്പറുടെ വായാടിത്തം അവസാനിച്ചത് “പ്രിയങ്കരനായ പഞ്ചായത്ത് പ്രസിഡന്റി”നെ ക്ഷണിച്ചുകൊണ്ടായിരുന്നു.
പ്രസിഡന്റ് ഒന്ന് രണ്ട് വളിച്ച തമാശകള്‍ പറഞ്ഞ് സദസ്സിനെ ചിരിപ്പിക്കാന്‍ ശ്രമിച്ചു. ചിരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ കാരണവും മൂപ്പര് പറഞ്ഞു: “ആദ്യം എല്ലാവരും ചിരിക്കാമെന്ന് വച്ചത്. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചിലരൊക്കെ കരയുമെന്നുള്ളതുകൊണ്ടാണ്. എന്തായാലും ആദ്യം ജനറല്‍ വിഭാഗത്തിന്റെ വീട് നിര്‍മാണത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കാം. ഇവിടെ ഏതാണ്ട് ഇരുപതോളം അപേക്ഷകള്‍ വീടിനായി കിട്ടിയിട്ടുണ്ട്. എന്നാല്‍ നാല് വീടുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ വീടുള്ളവരൊക്കെ ഈ അപേക്ഷയില്‍നിന്ന് പുറത്തുപോകും. എന്തായാലും ഞാന്‍ പേര് വിളിക്കാം. പേര് വിളിക്കുമ്പോള്‍ വീടുള്ളവര്‍ എണീറ്റ് നില്‍ക്കണ്ട. അല്ലാത്തവരൊക്കെ എണീറ്റ് നില്‍ക്കണം.”
തുടര്‍ന്ന് പ്രസിഡന്റ് ഓരോരുത്തരുടേതായി പേരുകള്‍ വിളിച്ചു. എന്നിട്ട് പാര്‍ട്ടിക്കാരും അനുഭാവികളുമല്ലാത്ത വീടുള്ളവരെയൊക്കെ സ്വസ്ഥാനങ്ങളില്‍ ഇരുത്തി.
എന്നാല്‍ വോട്ട് തങ്ങളുടെ പെട്ടിയില്‍തന്നെ എന്ന് ഉറപ്പുള്ളവരെ വീടുണ്ടായിട്ടും വാസയോഗ്യമായ വീടില്ലാത്തവരാണെന്ന് പറഞ്ഞ് പിടിപ്പിച്ച് ഗുണഭോക്താക്കളുടെ അര്‍ഹതാ ലിസ്റ്റില്‍പ്പെടുത്തി. എന്തായാലും ഒടുവില്‍ സംഗതി ക്ലീന്‍.
അഞ്ച് സെന്റിലും മൂന്ന് സെന്റിലും വീടുവെക്കാതെ വാടകവീട്ടില്‍ കഴിയുന്നവരൊക്കെ പുറത്തായി.
എന്നാല്‍ 15 സെന്റ് ഭൂമിക്കാരന് ചുളുവില്‍ ഇഎംഎസ് വീട് കിട്ടി. ഇഷ്ടന് നിലവില്‍ ഒരു വീടുണ്ടെന്നിരിക്കെയാണിത്. അതിനെ എതിര്‍ത്തവരെയൊക്കെ പാര്‍ട്ടി ചട്ടം കെട്ടി ഒതുക്കി നിര്‍ത്തിയിരുന്ന കൊമ്പനാനകളും കുടുംബശ്രീ പിടിയാനകളും കൂടി മിണ്ടാട്ടം മുട്ടിച്ചു.
പിന്നെ വീട് കിട്ടിയത് ഒരു വിധവക്കാണ്. എഴുപത് വയസ് കഴിഞ്ഞ ഭര്‍ത്താവ് മരിച്ച വിധവയായവരാണ് ഈ സ്ത്രീ. മാത്രമല്ല വീട് പണി തീരാന്‍ കാത്തുനില്‍ക്കാതെ തട്ടിപ്പോവുന്ന പരുവത്തിലുമാണ്. എങ്കിലും മക്കള്‍ക്കും പേരമക്കള്‍ക്കും വേണ്ടി വിധവാവേഷം ആടി അവര്‍ നിര്‍വൃതി കൊണ്ടു.
എന്തായാലും ഈ മട്ടില്‍ പ്രസിഡന്റ് പി.എഫ്.വരദരാജന് ഗുണഭോക്താക്കളെ കണ്ടെത്തി കേമനാണെന്ന് തെളിയിച്ചു.
വീട് കിട്ടാത്ത പാവങ്ങളില്‍ ചിലര്‍ കരഞ്ഞ് നിലവിളിച്ച് സ്ഥലം കാലിയാക്കി.
പഞ്ചായത്ത് മെമ്പര്‍ രചന നിര്‍വഹിച്ച് പഞ്ചായത്ത് പ്രസിഡന്റ് സംവിധാനം ചെയ്ത് പാര്ട്ടിക്കാര് ആടിത്തിമിര്‍ത്ത ഗ്രാമസഭ അവസാനിക്കുമ്പോള്‍ ഇവിടെ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു.
ഇതാണോ ജനകീയാസൂത്രണം?
ഇതാണോ ഗ്രാമസഭ?
എന്തായാലും കൊടിപിടിക്കാനും ജാഥയില്‍ കൂടാനും പോകാത്ത പട്ടിണിപ്പാവങ്ങള്‍ ഒരു കാര്യം മനസിലാക്കി. “കോരന് കഞ്ഞി കുമ്പിളില്‍തന്നെ.”
അജിതന് ചിറ്റാട്ടുകര
പ്രതികരിക്കാൻ ഇവിടെ എഴുതുക: