ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടിലെ കുറ്റക്കാരെ കണ്ടെത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും ഖുര്‍ഷിദ് പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. ഇത് യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ ബംഗ്ളാദേശില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഖുര്‍ഷിദ്. കരാറുമായി ബന്ധപ്പെട്ട ഇറ്റാലിയന്‍ കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന് ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ ഹെലികോപ്റ്റര്‍ കരാര്‍ റദ്ദ് ചെയ്ത് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.
ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കുമെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. കരാറില്‍ കേന്ദ്രമന്ത്രിയായിരിക്കെ പ്രണബ് മുഖര്‍ജി നടത്തിയിട്ടുള്ള ഇടപെടലുകള്‍ ചട്ടപ്രകാരമുള്ളതാണെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
അതേസമയം ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഞായറാഴ്ച ഇറ്റലിയിലേക്ക് പോകും. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുന്നതിനൊപ്പം കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ പ്രതിരോധ ഗ്രൂപ്പായ ഫിന് മെക്കാനിക്ക് മുന്‍ മേധാവി ഗിസെപ്പി ഓര്‍സിയെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
മൂന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇറ്റലിയിലേക്ക് പോകുന്നുണ്ട്. ഇറ്റലിയില്‍ നിന്നും പന്ത്രണ്ട് ഹെലികോപ്റ്ററുകള്‍ വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടായതിനെതുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: