കണ്ണൂര്‍: ഇന്നലെ കണ്ണൂരിന്റെ മലയോര മേഖലയിലെ പയ്യാവൂര്‍, കാഞ്ഞിരക്കൊല്ലി, ചിറ്റാരി മേഖലയില്‍ നിന്നും പോലീസ് കണ്ടെടുത്ത മാവോയിസ്റ്റുകളുടെ ലഘുലേഖ ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ടും സായുധപോരാട്ടത്തിന് ആഹ്വാനം ചെയ്തുകൊണ്ടുമുളളതാണ്. മണ്ണിന്റെയും വനത്തിന്റെയും പ്രകൃതിയുടെയും മറ്റു വിഭവങ്ങളുടെയും അധികാരം നേടിയെടുക്കാന്‍ മുഴുവന്‍ ജനങ്ങളും സായുധ പോരാട്ടത്തില്‍ അണിനിരക്കുക എന്നാഹ്വാനം ചെയ്തുകൊണ്ട് സിപിഐ(മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മറ്റി വക്താവ് ജോഗിയുടെ പേരില്‍ ഇറങ്ങിയിരിക്കുന്ന ലഘുലേഖ വിപ്ലവയുദ്ധം പ്രഖ്യാപിക്കുന്നതായി രേഖപ്പെടുത്തുന്നു.
നമ്മുടെ രാജ്യത്തെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, തൊഴിലാളികളുടെ അധ്വാനത്തെ ഊറ്റിക്കുടിക്കുന്ന, സ്ത്രീകളോട് വിവേചനം പുലര്‍ത്തുന്ന, ആദിവാസികളെ വംശഹത്യ നടത്തുന്ന, ദളിത് ജനതയെ ബ്രാഹ്മണ്യ അടിച്ചമര്‍ത്തലിന് വിധേയമാക്കുന്ന, ദല്ലാള്‍ കുത്തകകള്‍ക്ക് വേണ്ടി സാധാരണ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന, ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വേണ്ടി സാധാരണജനങ്ങളെ കുടിയ്ഴിപ്പിക്കുന്ന, ചില്ലറ വ്യാപാരികളെ കുരുതികൊടുക്കുന്ന, പിന്തിരിപ്പനും കൂട്ടിക്കൊടുപ്പുകാരുമായ, ഇന്ത്യന്‍ ഭരണകൂടത്തിനും കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ സംസ്ഥാന ഭരണകൂടങ്ങള്‍ക്കുമെതിരെ പരസ്യമായി ഏറ്റുമുട്ടലിന് ലഘുലേഖ ആഹ്വാനം ചെയ്യുന്നു.
പുത്തന്‍ ജനാധിപത്യം ഇന്ത്യയില്‍ കെട്ടിപ്പടുക്കുക, വിപ്ലവ ജനകീയ രാഷ്ട്രീയ അധികാര സമിതികള്‍ സ്ഥാപിച്ച് ജനാധിപത്യത്തിന് ബദലായി അണിനിരക്കുക, വനം, മല, കൃഷിയിടം, വെള്ളം, സമുദ്രം, തൊഴില്‍ശാല എന്നിവയുടെ അധികാരം തിരിച്ചുപിടിക്കുക തുടങ്ങി മുഴുവന്‍ ജനങ്ങളും ജനകീയ യുദ്ധത്തില്‍ അണിനിരക്കുക എന്നും ലഘുലേഖ പറയുന്നു. നക്സല്‍ വര്‍ഗീസിന്റെ ചരമവാര്‍ഷിക ദിനമായ 18 ന് സായുധ വിപ്ലവത്തിന് തയ്യാറെടുക്കാനും അന്നാവാത്ത പക്ഷം മുത്തങ്ങസംഭവത്തിന്റെ വാര്‍ഷിക ദിനമായ തൊട്ടടുത്ത ദിവസം വിപ്ലവം നടത്താനും ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: