കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിന്റെ ചരിത്രത്തില്‍ പാരമ്പര്യം അവകാശപ്പെടാവുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. എന്നാല്‍ വര്‍ത്തമാനകാല കേരളത്തില്‍ സാമൂഹ്യ വിരുദ്ധരുടെയും അഴിമതിക്കാരുടെയും അവസാന അഭയകേന്ദ്രമായി ഈ പ്രസ്ഥാനങ്ങള്‍ മാറിയിരിക്കുന്നു. ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് എത്തിനില്‍ക്കുന്ന ദയനീയ അവസ്ഥ ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയെയും അമ്പരപ്പിക്കുന്നതാണ്. സാമൂഹ്യവിരുദ്ധവും ജനാധിപത്യ വിരുദ്ധവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതുമായ പ്രവര്‍ത്തന ശൈലികളിലൂടെ കേരള ജനാധിപത്യത്തിന് ബാധ്യതയാവുകയാണ് ഈ പാര്‍ട്ടികള്‍. ഇരു പാര്‍ട്ടികള്‍ക്കും സംഭവിച്ചിട്ടുള്ള അപചയത്തില്‍ ആ പാര്‍ട്ടികളിലെ ലക്ഷക്കണക്കിന് അണികളും അനുഭാവിമാരും ദുഖിതരാണ്.
സ്ത്രീ പീഡനകേസുകളില്‍ ആവര്‍ത്തിച്ച് കണ്ട അട്ടിമറി ശ്രമങ്ങളും പരസ്പര സഹകരണവും ഇവര്‍ മറ്റുമേഖലകളിലേക്കും വ്യാപിപ്പിച്ചുകഴിഞ്ഞു. കോടികളുടെ ആസ്തിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ കൊള്ളയടിക്കുന്നതിലും അതുവഴി നാടിന്റെ സമ്പത് വ്യവസ്ഥയെ തകര്‍ക്കുന്നതിലും ഈ സഖ്യത്തിന് ഒരു മടിയുമില്ല. സാധാരണക്കാരുടെ നികുതി പണം കൊണ്ട് കെട്ടിപ്പൊക്കിയ പല പൊതുമേഖലാസ്ഥാപനങ്ങളും തകര്‍ന്നതിന്റെ ചരിത്രം ഇതാണ്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മലബാര്‍ സിമന്റ്സിന് നേരിട്ട തകര്‍ച്ചയാണ് ഇതില്‍ ഒടുവിലത്തേത്.
സിപിഎം നേതാവായ എളമരം കരീം വ്യവസായ മന്ത്രിയായിരുന്നപ്പോഴും ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കുമ്പോഴും മലബാര്‍ സിമന്റ്സിലെ കരാറുകാരനായ ‘ചാക്ക് ‘ എന്ന വിളിപ്പേരുള്ള വിവാദ വ്യവസായിയെ ഒരുപോലെ സംരക്ഷിക്കുന്നു. നേതാക്കന്മാര്ക്ക് ആവശ്യമായതെന്തും എത്തിച്ചുകൊടുക്കാന്‍ ചാക്കിനുള്ള മിടുക്ക് നാട്ടില്‍ പാട്ടാണ്. ചാക്കിന്റെ നേതൃത്വത്തില്‍ മലബാര്‍ സിമന്റ്സില്‍ നടന്ന കോടികളുടെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് ഇവിടുത്തെ മാനേജറായിരുന്ന ശശീന്ദ്രനും മക്കളും കൊല്ലപ്പെട്ടത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനധികൃത കരാറുകളുമായി കമ്പനിയില്‍ കയറികൂടിയ ഇയാള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും തുടരുകയായിരുന്നു. കമ്പനിയുടെ എം ഡി യെ പോലും നിയന്ത്രിച്ചിരുന്നതും ചാക്കായിരുന്നുവത്രെ. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം കൊലപാതകമാണെന്നും പ്രതികളെ കണ്ടെത്തണമെന്നും ബന്ധുക്കള്‍ ഇപ്പോഴും ആവശ്യപ്പെടുന്നു. 2006 ല്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ പാര്‍ട്ടിപത്രത്തില്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച് മുഴുപേജ് പരസ്യമാണ് ചാക്ക് നല്‍കിയത്.
കേരളത്തിന്റെ പൊതു ഖജനാവില്‍ നിന്ന് കോടികള്‍ ചോര്‍ത്തിയ ലോട്ടറി കുംഭകോണത്തിലും ഇരു പാര്‍ട്ടിനേതൃത്വവും സാന്റിയാഗോ മാര്‍ട്ടിനൊപ്പമായിരുന്നു. സിപിഎം പത്രത്തിനുവേണ്ടി മാര്ട്ടിന് രണ്ട് കോടി നല്കിയപ്പോള് കേസില്‍ മാര്‍ട്ടിനുവേണ്ടി ഹാജരായത് കോണ്‍ഗ്രസ് വക്താവ് മനുഅഭിഷേക് സിംഗ്വിയായിരുന്നു.
അടുത്തകാലത്ത് പുറത്തുവന്ന ആയുധ നിര്‍മ്മാണ കരാര്‍ അഴിമതിയുടെ കാര്യത്തിലും സംശയത്തിന്റെ കുന്തമുന നീളുന്നത് കെ പി സി സി യുടെയും സിപിഎം സംസ്ഥാനനേതൃത്വത്തിന്റെയും നേര്‍ക്കാണ്.
സുസ്ലോണ്‍ എന്ന കാറ്റാടികമ്പനി അട്ടപ്പാടിയിലെ നിരക്ഷരരായ ആദിവാസികളുടെ ഭൂമികയ്യേറിയത് ഇടതുസര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുമ്പോഴായിരുന്നു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികളുടെ ഭാഗത്ത് നില്‍ക്കുന്നതിന് പകരം കാറ്റാടികമ്പനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇന്നും കേരളത്തിന്റെ മനസാക്ഷിക്കുമേല്‍ തല ഉയര്‍ത്തി നില്ക്കുന്നു അട്ടപ്പാടിയിലെ കാറ്റാടികള്‍.
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എത്ര തന്നെ വീമ്പുപറഞ്ഞാലും അന്വേഷണം സിപിഎം പ്രാദേശിക നേതൃത്വത്തിന് അപ്പുറത്തേക്ക് കടക്കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് അതിന്റെ അവസ്ഥയെന്തെന്ന് ആര്‍ക്കും അറിയില്ല. ഇപ്പോള്‍ തന്നെ പിടിയിലായ പ്രതികള്‍ വലയില്‍ അകപ്പെട്ടത് പോലീസ് സേനയിലെ ചിലരുടെ കഴിവുകൊണ്ടും ആത്മാര്‍ത്ഥതകൊണ്ടും മാത്രമാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ യും ഭരണാധികാരികളുടെയും സമ്മര്‍ദ്ദത്തെ അതിജീവിച്ച് സാഹസികമായി പ്രതികളെ പിടിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ കാണിച്ച താല്പര്യം യഥാര്‍ത്ഥത്തില്‍ തിരുവഞ്ചൂരിനെപോലും അമ്പരപ്പിച്ചുകാണും.
ദേശീയ പാതയിലെ അനധികൃത ടോള്‍പിരിവിന് സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്കുന്ന കാര്യത്തിലും കോണ്‍ഗ്രസ്- സിപിഎം – ലീഗ് നേതൃത്വത്തിലെ ഈ അവിശുദ്ധ സഖ്യത്തിന് അഭിപ്രായ ഭിന്നതയില്ല. പ്രതിദിനം 50 ലക്ഷത്തിലേറെ രൂപ പിരിച്ചെടുക്കുന്ന തൃശ്ശൂര്‍ പാലിയേക്കരയിലെ ടോള്‍പിരിവിനെതിരെ ചെറുതും വലുതുമായ ഒട്ടേറെ പ്രസ്ഥാനങ്ങള്‍ സമര രംഗത്താണെങ്കിലും കോണ്‍ഗ്രസും സിപിഎമ്മും ലീഗും ജനകീയ സമരങ്ങളോട് പുറം തിരിഞ്ഞ് നില്‍പ്പാണ്.
സൂര്യനെല്ലിയിലും ഐസ്ക്രീം പാര്‍ലര്‍ കേസിലും കിളിരൂര്‍ കവിയൂര്‍ കേസുകളിലും പ്രതികളെ രക്ഷപ്പെടുത്താന്‍ കണ്ട രഹസ്യ ബാന്ധവം ഇത്തരം നൂറുകണക്കിന് അഴിമതികളുടെയും പകല്കൊള്ളകളുടെയും പിന്നിലുമുണ്ട്. പഴയകാല നാട്ടുമാടമ്പി ഭരണത്തില്‍ കരം പിരിച്ചും കൊള്ളയടിച്ചും താല്പര്യം തോന്നുന്ന സ്ത്രീകളെ സ്വന്തമാക്കിയും നാടുവാണിരുന്ന ഫ്യൂഡല്‍ പ്രഭുക്കന്മാരെ അനുസ്മരിപ്പിക്കുന്നതാണ് ഈ പാര്‍ട്ടികളുടെ ഇപ്പോഴത്തെ നേതൃത്വം.
സംസ്ഥാനത്ത് അതിശക്തമായ ബദല്രാഷ്ട്രീയത്തിനുവേണ്ടിയുള്ള അഭിവാഞ്ചയാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നത്.
ടി.എസ്. നീലാംബരന്‍
അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: