പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുടെ പേരില്‍ നിരവധി നിയമലംഘനങ്ങള്‍ക്ക് നേതൃത്വം നല്കിയ കെജിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജിജി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. വിമാനത്താവള പദ്ധതിക്കു പാരസ്ഥിതികാനുമതി നല്‍കിയിട്ടില്ലെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്റെ വെളിപ്പെടുത്തലോടെ പദ്ധതിക്ക് പിന്നിലെ കൂടുതല്‍ കള്ളക്കളികള്‍ തുറന്നുകാട്ടപ്പെടുകയാണ്. വിമാനത്താവള പദ്ധതിക്കായി എല്ലാ അനുമതിയും ലഭിച്ചെന്നും കള്ളം പറഞ്ഞ് ആറന്മുളയില് നിരവധി നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജിജി ജോര്‍ജ്ജിനെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ആറന്മുളയില് സ്ഥലം വാങ്ങിയെടുത്തതിലും പദ്ധതിക്ക് അനുമതി നേടിയെടുക്കുന്നതിനും രേഖകള്‍ അനുകൂലമാക്കുന്നതിലും നിരവധി ചരടുവലികളും അഴിമതിയും നടന്നിട്ടുണ്ട്. വിമാനത്താവള കമ്പനിയും പി.ജെ.കുര്യനും എംപിയും എംഎല്‍എയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടങ്ങുന്ന അച്ചുതണ്ടാണ് ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത്. സംസ്ഥാന മുഖ്യമന്ത്രിയുടെ കസേരയില്‍ കെജിഎസ് ഗ്രൂപ്പിന്റെ എംഡിയാണ് ഇരിക്കുന്നത്. പി.ജെ.കുര്യന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ എന്ന പദവി ഉപയോഗിച്ച് ദല്‍ഹിയിലെ ഭരണയന്ത്രത്തെ ദുരുപയോഗപ്പെടുത്തിയും സ്വാധീനിച്ചുമാണ് വ്യോമയാന-പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതി നേടിയെടുത്തത്. വിമാനത്താവള നിര്‍മ്മാണത്തിന്റെ പേരില്‍ സര്‍ക്കാരും കെജിഎസ് ഗ്രൂപ്പും നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളും സിബിഐ അന്വേഷിക്കണമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
സംസ്ഥാനത്ത് വരള്‍ച്ച അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ആറന്മുളയില് നീര്‍ത്തടവും നെല്‍വയലുകളും നികത്തി വിമാനത്താവളം പണിയുമെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആറന്മുളയില് നെല്‍വയല്‍ നികത്തുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നമല്ല. ഭൂമാഫിയകളും ജനങ്ങളും തമ്മിലുള്ള പാരിസ്ഥിതിക പ്രശ്നമാണ്. വരള്‍ച്ചയുടെ ഫലമായി പത്തനംതിട്ട ജില്ലയിലെ 1780 ഹെക്ടര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 6000 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്.
ഭൂഗര്‍ഭ ജലനിരപ്പ് നാലു മീറ്റര്‍ താണിരിക്കുകയാണ്. പമ്പാനദി ഉണങ്ങിവരണ്ടതോടെ കുട്ടനാടിന്റെയും വേമ്പനാട്ട്കായലിന്റേയും സമ്പൂര്‍ണ്ണനാശമാണ് ഉണ്ടാകാന്‍ പോകുന്നത്. ഇതെല്ലാം അവഗണിച്ചുകൊണ്ട് ആറന്മുളയില് പാടങ്ങളും നീര്‍ത്തടങ്ങളും നികത്തി വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ശ്രമമെങ്കില്‍ എന്തുവിലകൊടുത്തും ജനങ്ങള്‍ എതിര്‍ക്കുമെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി.
ആറന്മുളയില് നടന്ന നിയമലംഘനങ്ങള്‍ക്കെതിരെ കഴിഞ്ഞ 17 മാസമായി കോടതിയില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ എതിര്‍സത്യവാങ്മൂലം പോലും നല്‍കിയിട്ടില്ല. പട്ടികജാതിക്കാരിയായ ജാനകിയുടെ ഭൂമി കള്ളപ്രമാണമുണ്ടാക്കി തട്ടിയെടുത്ത കേസില്‍ രണ്ടു ദിവസത്തിനകം കോടതിയില്‍ സ്വകാര്യഅന്യായം നല്‍കും. വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒന്‍പതോളം നിയമലംഘനങ്ങള്‍ നടത്തിയ കെജിഎസ് ഗ്രൂപ്പ് അധികാരത്തിന്റെ ധാര്ഷ്ട്യത്തില് എന്തുമാകാമെന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് കെജിഎസ് ഗ്രൂപ്പിന്റെ ശ്രമമെങ്കില്‍ നിര്‍മ്മാണം തുടങ്ങുന്നതിന്റെ അടുത്ത നിമിഷം തന്നെ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
ആറന്മുള പള്ളിവിളക്ക്-പള്ളിയോട സംരക്ഷണ സമിതി കണ്‍വീനര്‍ പി.ഇന്ദുചൂഡന്, പൈതൃകഗ്രാമ കര്‍മ്മ സമിതി ഭാരവാഹികളായ പി.ആര്.ഷാജി, പ്രദീപ് അയിരൂര്‍, അഡ്വ.കെ.ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: