ന്യൂദല്‍ഹി: വിവാദമായ അഗസ്ത വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ ഇടപാടില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പേരും. യുപിഎസര്‍ക്കാര്‍ തയ്യാറാക്കിയ വസ്തുതാപ്പട്ടികയിലാണ് പ്രണബ് മുഖര്‍ജിയുടെ പേരും പരാമര്‍ശിക്കപ്പെടുന്നത്. പ്രണബ് മുഖര്‍ജി പ്രതിരോധമന്ത്രിയായിരുന്ന 2005 കാലഘട്ടത്തിലാണ് വിവിഐപികള്‍ക്കായുള്ള 12 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ പ്രതിരോധ നിര്‍മ്മാതാക്കളായ ഫിന്‍മെക്കാനിക്കക്ക് അനുമതി നല്‍കിയതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സമയത്ത് എസ്.പി.ത്യാഗിയായിരുന്നു വ്യോമസേനാമേധാവി.
യുപിഎ അധികാരത്തിലെത്തിയപ്പോള്‍ ഐഎഎഫ്, എസ്പിജി, എന്‍എസ്എ, പ്രതിരോധമന്ത്രാലയം എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. പുതിയ ടെന്‍ഡര്‍ വന്നപ്പോള്‍ ലേലത്തിലേക്ക് മൂന്ന് വിദേശകമ്പനികള്‍ എത്തുകയും ഇതില്‍ അഗസ്ത വെസ്റ്റ്ലാന്ഡിനെ തെരഞ്ഞെടുക്കുകയുമായിരുന്നു. 2010 ജനുവരി 18 നാണ് സുരക്ഷയ്ക്കായുള്ള മന്ത്രിസഭാസമിതി ഇടപാടിന് അനുമതി നല്‍കിയത്.
ഇടപാടുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രണബ് മുഖര്‍ജിയുടെ പേരും പരാമര്‍ശിക്കപ്പെടുന്നത്. ഇതോടെ ഭരണഘടനാപരമായ സംരക്ഷണമുള്ള രാഷ്ട്രപതിയെ സിബിഐ ചോദ്യം ചെയ്യുമോ എന്ന ചോദ്യമുയരുകയാണ്.
ഇതിനിടെ വിവാദ കരാര്‍ റദ്ദാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആരോപണവിധേയമായ അഗസ്ത വെസ്റ്റ്ലാന്ഡിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇടനിലക്കാരെ ഉള്‍പ്പെടുത്തില്ല എന്ന കരാര്‍ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഹെലികോപ്ടര്‍ വിതരണത്തിലെ കോഴയിടപാടിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് പ്രതിരോധമന്ത്രാലയവും ഇറ്റാലിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ഫിന്‍മെക്കാനിക്കയില്‍ നിന്ന് 12 ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പ് വച്ചത്. എന്നാല്‍ മൂന്ന് ഹെലികോപ്ടറുകള്‍ മാത്രമാണ് ഇതുവരെ ഇന്ത്യക്ക് കൈമാറിയത്. കരാറില്‍ കോഴ നല്‍കാനായി മാത്രം 362 കോടി രൂപ മാറ്റി വച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഫിന്‍മെക്കാനിക്കയെ കരിമ്പട്ടികയില്‍ പെടുത്തി നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രമക്കേട് പരിശോധിക്കാന്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിരോധമന്ത്രാലയം ഇടപാട് സംബന്ധിച്ച് വിശദമായ പ്രസ്താവനയും നടത്തിയിരുന്നു.
അതേസമയം ഹെലികോപ്ടര്‍ ഇടപാടില്‍പ്പെട്ട് വിവാദത്തിലായ ഇറ്റാലിയന്‍ കമ്പനി ഫിന്മെക്കാനിക്കയുടെ ചെയര്‍മാനും സിഇഒയുമായിരുന്ന ജ്യു സപ്പെ ഓര്‍സി രാജിവച്ചു. ഇടപാടില്‍ കോഴനല്‍കിയെന്ന കുറ്റത്തിന്റെ പേരില്‍, ഓര്‍സിയെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഫിന്മെക്കാനിക്കക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതിനിടെയാണ് ഫിന്മെക്കാനിക്ക സിഇഒയുടെ രാജി. 3,600 കോടി രൂപയുടെ ഹെലികോപ്ടര്‍ വില്പനക്കരാറില് അഗസ്ത വെസ്റ്റ്ലാന്‍ഡ് 217 കോടി രൂപ കോഴയ്ക്കായി മാറ്റിവച്ചതായി തെളിഞ്ഞിരുന്നു. ടെന്‍ഡര്‍ രേഖകളില്‍ ക്രമക്കേട് നടത്തിയാണ് കോപ്ടറുകള്‍ വാങ്ങാനുള്ള കരാര്‍ യാഥാര്‍ഥ്യമാക്കിയതെന്നും ഇറ്റലിയിലെ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: