ന്യൂദല്‍ഹി: വിവാദമായ വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാടില്‍ രാഹുല്‍ഗാന്ധിയുടെ പ്രധാന സഹായിക്കെതിരെ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ സഹായിയായ കനിഷ്ക സിംഗിന്റെ സഹായത്തോടെയാണ് അഗസ്റ്റ വെസ്റ്റ്ലാന്റ് നിര്‍ണായകമായ ഈ കരാര്‍ നേടിയെടുത്തതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കനിഷ്കസിംഗിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന് സിബിഐക്ക് നല്കിയ കത്തില്‍ ബിജെപി ദേശീയ സെക്രട്ടറി കിരീത് സോമയ്യ ആവശ്യപ്പെട്ടു. ബോഫോഴ്സിന് സമാനമായ അഴിമതിയുടെ സൂചനകള്‍ ഈ ഇടപാടില്‍ ദൃശ്യമാണെന്ന് അദ്ദേഹം കത്തില്‍ പറയുന്നു.
ഇടപാടിലെ പ്രധാന കമ്മീഷന് ഏജന്റായ ക്രിസ്റ്റ്യന്‍ മൈക്കിളിന്റെ അച്ഛന് കോണ്‍ഗ്രസ് പാര്‍ട്ടിയുമായും മറ്റ് ഇടനിലക്കാരുമായും അടുത്ത ബന്ധമുള്ളയാളാണ്. ഇടനിലക്കാരനായ ഗിഡോ റാല്‍ഫ് ഹാഷ്കെ എമ്മാര്‍-എംജിഎഫ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായിരുന്നു. എമ്മാര്‍-എംജിഎഫ് കമ്പനി കനിഷ്ക സിംഗിന്റെ പിതാവായ എസ്.കെ. സിംഗും വേദപ്രകാശ് ഗുപ്തയും ചേര്‍ന്നാണ് നടത്തിവന്നിരുന്നത്. വേദപ്രകാശ് ഗുപ്ത ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കനിഷ്കസിംഗ് രാഹുല്‍ഗാന്ധിയുമായി കൂടുതല്‍ അടുപ്പത്തിലായതോടെ ഒരു രാഷ്ട്രീയ സെക്രട്ടറിയുടെ നിലയിലേക്ക് ഉയര്‍ന്നു.
അഴിമതി തുകയുടെ അറുപത് ശതമാനത്തോളം ബ്രിട്ടീഷ് പൗരനായ മൈക്കിളിന് ലഭിച്ചതായാണ് കരുതുന്നത്. ഇത് 210 കോടി രൂപയോളം വരും. ഇന്ത്യന്‍ പ്രതിരോധ മേഖലയുമായി മൈക്കിളിന് അടുത്ത ബന്ധമുള്ളമുണ്ട്. മൈക്കിളിന്റെ പിതാവായ ബ്രിട്ടീഷ് വ്യവസായി മാക്സ് മൈക്കിള്‍ റിച്ചാര്‍ഡ് എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. ഇദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുമായും അടുത്ത ബന്ധത്തിലായിരുന്നു. സോമയ്യ കത്തില്‍ പറയുന്നു.
2009 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി പുറത്തായതിനെത്തുടര്‍ന്നാണ് എമ്മാര്‍ എംജിഎഫ് റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഡയറക്ര് സ്ഥാനത്തുനിന്നും ഗിഡോ റാല്‍ഫ് ഹാഷ്ക്കെ രാജിവെച്ചത്. ഇന്ത്യയുടെ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയുമായുള്ള ബന്ധത്തെക്കുറിച്ച് ഹാഷ്ക്കെ ഇറ്റാലിയന്‍ കോടതിയില്‍ നേരത്തെ നല്കിയ കുറ്റസമ്മതത്തില്‍ പറയുന്നുണ്ട്. അതിനാല്‍ കനിഷ്കസിംഗ്, ഹാഷ്കെ എന്നിവരെക്കുറിച്ചും എമ്മാര്‍ എംജിഎഫിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന് സോമയ്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: