ബോഫോഴ്സ് കേസിന് പിന്നാലെ ഇറ്റലിയിലെ അഗസ്ത വെസ്റ്റ്ലന്‍ഡില്‍നിന്ന് 3600 കോടിയുടെ എ.ഡബ്ല്യു 101 ഹെലികോപ്റ്ററുകള്‍ വിഐപി-വിവിഐപി യാത്രകള്‍ക്ക് വാങ്ങിയതില്‍ വന്‍കോഴ നല്‍കിയെന്ന ആരോപണം കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഇറ്റലിക്കാരിയായ സോണിയാ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയുധങ്ങള്‍ വാങ്ങുന്നതിന് ഇറ്റലിയെ തന്നെ തെരഞ്ഞെടുക്കുന്നത് കോഴ പോകുന്നത് ഇറ്റലിക്കാര്ക്കാകട്ടെ എന്ന ലക്ഷ്യത്തോടെയാണോ എന്ന സംശയം പോലും ഇത് ജനിപ്പിക്കുന്നു. ഇറ്റാലിയന്‍ വിമാന നിര്‍മാണ കമ്പനിയായ ഫിന് മെക്കാനിയയുടെ ഉപസ്ഥാപനമായ അഗസ്ത വെസ്റ്റ്ലന്‍ഡുമായി നടന്ന ഇടപാടില്‍ കമ്പനി മേധാവി ഗിസപ്പെ ദാര്‍സി ഇറ്റലിയില്‍ അറസ്റ്റിലായപ്പോള്‍ മാത്രമാണ് കേന്ദ്ര പ്രതിരോധമന്ത്രി ഉണര്‍ന്ന് സിബിഐയോട് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. വെസ്റ്റ്ലന്ഡ് കമ്പനി മേധാവി, സിഇഒ ബ്രൂണോ ഉള്‍പ്പെടെ മൂന്നുപേര്‍ വീട്ടുതടങ്കലിലാണ്.
ഇടപാടില്‍ കോഴ നടന്നതായി സംശയം ഉയര്‍ന്നപ്പോള്‍ തന്നെ ഒരു വര്‍ഷം മുന്‍പ് രണ്ട് ഇറ്റലിക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍നിന്നും പിടിച്ചെടുത്ത രേഖകളില്‍നിന്നാണ് ഇടനിലക്കാര്‍ 10 മുതല്‍ 15 ശതമാനം വരെ കമ്മീഷന് പറ്റിയതായി അറിഞ്ഞത്. ആര്‍ക്കാണ് കോഴ ലഭിച്ചത് എന്ന് അറിവായിട്ടില്ലെങ്കിലും എയര്‍ചീഫ് മാര്‍ഷലായിരുന്ന എസ്പി ത്യാഗി സംശയത്തിന്റെ നിഴലിലാണ്. ഈ ആരോപണം അദ്ദേഹം നിഷേധിച്ചു.
കേസില്‍ സിബിഐ അന്വേഷണ നടപടികള്‍ തുടങ്ങി പക്ഷെ ഈ രണ്ടാം ബോഫോഴ്സില്‍, കേസില്‍ ക്വത്റോച്ചിയെ രക്ഷിച്ച കോണ്‍ഗ്രസ് ഈ കേസന്വേഷണത്തിലും സിബിഐ അന്വേഷണം സാര്‍ത്ഥകമാക്കാന്‍ അനുവദിക്കുമോ എന്ന സംശയം നിലനില്ക്കുന്നു. സിബിഐ സ്വതന്ത്ര അന്വേഷണ ഏജന്‍സിയല്ലെന്നും കേന്ദ്ര സര്‍ക്കാരിന് വിധേയമാണെന്നും ഉള്ള ആരോപണം നിലനില്ക്കുന്നു. ഹെലികോപ്ടര്‍ കോഴ അന്വേഷിപ്പിക്കാന്‍ വൈകിയതു തന്നെ യുപിഎ സര്‍ക്കാരിന്റെ ദുരുദ്ദേശ്യം സ്ഥിരീകരിക്കുന്നു. ഈ സിബിഐ അന്വേഷണത്തേയും ധനമന്ത്രാലയം എതിര്‍ത്തിരുന്നു എന്നതും സംശയജനകമാണ്.
കരാര്‍പ്രകാരമുള്ള 12 ഹെലികോപ്റ്ററുകളില്‍ മൂന്നെണ്ണം മാത്രമാണ് ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആയുധ ഇടപാടുകള്‍ കോഴവിവാദങ്ങളില്പ്പെടുന്നത് ഇപ്പോള്‍ സാധാരണസംഭവമായി മാറുന്നത് ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ ആയുധ വ്യാപാരി അഭിഷേക് വര്‍മ്മ ഇടനിലക്കാരനായിരുന്ന ഇടപാടിനെക്കുറിച്ച് ഒരന്വേഷണം നടന്നുകൊണ്ടിരിക്കുകയാണല്ലൊ. അഭിഷേക് വര്‍മ്മ കോഴ വാങ്ങിയതായി ആരോപിച്ചത് അദ്ദേഹത്തിന്റെ തന്നെ മുന്‍ വ്യാപാര പങ്കാളിയാണ്. എന്നാല്‍ ഇന്ത്യക്കാരെക്കുറിച്ചുള്ള കോഴ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇറ്റലി തയ്യാറല്ല എന്നതും ദുരൂഹത ഉണര്‍ത്തുന്നു. ആന്റണിയുടെ അന്വേഷണ പ്രഖ്യാപനം വൈകിച്ചതിന്റെ പിന്നിലും ആരെയോ സംരക്ഷിക്കാനുള്ള ഗൂഢശ്രമം ഇല്ലേ എന്ന സംശയം നിലനില്ക്കുന്നു. ആന്റണി ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ബിജെപിയും ആരോപിക്കുന്നു. ഈ വിഷയം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് വഴി ഒരുക്കുമെന്നുറപ്പാണ്.
ടെലികോം, കല്‍ക്കരി, പ്രതിരോധം എന്നീ മന്ത്രാലയങ്ങളിലെല്ലാം പൊതുപണം കൊള്ളയടിക്കപ്പെടുകയാണ്. എല്ലാ വകുപ്പുകളും ഇങ്ങനെ അഴിമതിയില്‍ മുങ്ങുന്നതിന് സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്മോഹന് സിംഗും വിശദീകരണം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. 2ജി സ്പെക്ട്രം മുതല്‍ പല അഴിമതി ആരോപണങ്ങളിലും കോഴപ്പണം വിദേശബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഹെലികോപ്റ്റര്‍ കോഴയും അമേരിക്കന്‍ ബാങ്കില്‍ ആണ് നിക്ഷേപിക്കുന്നത്. ഈ ആയുധ കോഴവിവാദം പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ മിസ്റ്റര്‍ ക്ലീന്‍ ഇമേജില്‍ കളങ്കം ചാര്‍ത്തുന്നു. ഇതേ ശ്രേണിയില്‍പ്പെട്ട ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ലക്ഷ്യമിട്ടിരുന്ന അമേരിക്കപോലും പിന്മാറിയത് ഇതിന്റെ വിലക്കൂടുതല്‍ കാരണമാണ്. എന്നിട്ടും താരതമ്യേന താഴ്ന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയെ ഈ ഇടപാടില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന ചോദ്യവും ഈ സന്ദര്‍ഭത്തില്‍ ഉയരുന്നു. പ്രതിരോധ ഇടപാടുകളില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തും എന്ന് ആന്റണി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപനം എത്രത്തോളം പ്രാവര്‍ത്തികമാകും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. എന്ന് മാത്രമല്ല, അഴിമതിക്ക് വഴിയൊരുങ്ങിയത് ആദര്‍ശധീരനെന്ന് അറിയപ്പെടുന്ന ആന്റണി പ്രതിരോധമന്ത്രിയായി വിലസുമ്പോഴാണ് എന്ന വസ്തുതക്ക് നേര്‍ക്ക് ആര്‍ക്കും കണ്ണടയ്ക്കാനാവില്ല. കള്ളന് കള്ളന് എന്ന് വിളിച്ചുകൂവി മറ്റുള്ളവര്‍ക്കൊപ്പം ചേരുന്ന യഥാര്‍ത്ഥ കള്ളനെയും രക്ഷപ്പെടാന്‍ അനുവദിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: