കണ്ണൂര്‍: കേരളത്തിലെ വടക്കന്‍ ജില്ലകള്‍ കര്‍ണാടകവുമായി പങ്കിടുന്ന പ്രദേശങ്ങളിലെ വനപ്രദേശങ്ങളില്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ സാന്നിധ്യം ഉറപ്പിക്കാന്‍ വഴിയൊരുക്കിയത് അന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചതും ഇത്തരം മേഖലകളില്‍ സേനയുടെ ആവശ്യമായ നിരീക്ഷണം നടത്താത്തതുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ ആറളം, വീര്‍പ്പാട്, ചതിരൂര്‍, നീലായ്മല എന്നിവിടങ്ങളിലും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളും ഉദയഗിരി, ചെറുപുഴ, മണക്കടവ്, ചിറ്റാരിക്കാല്‍, പാലാവയല്, ഓടക്കൊല്ലി, തയേനി, കൂമ്പന്‍, തുടങ്ങിയ പല മേഖലകളോടും ചേര്‍ന്ന വനപ്രദേശങ്ങളില്‍ വര്‍ഷങ്ങളായി നക്സല്‍ പ്രവര്‍ത്തനങ്ങളും പരിശീലന ക്യാമ്പുകളും നടന്നുവരുന്നതായി പരാതി ഉയരുകയും പല സ്ഥലത്തും ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതു സംബന്ധിച്ച് സംസ്ഥാന പോലീസിലെ ഇന്റേണ്‍ സെക്യൂരിറ്റി വിംഗ് ഉദ്യോഗസ്ഥര്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേരള ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ തുടര്നടപടികളെടുക്കുകയോ ഇക്കാര്യങ്ങള്‍ കേന്ദ്ര ഇന്റലിജന്സിന്റെയടക്കം ശ്രദ്ധയില്‍പ്പെടുത്തുകയോ ബന്ധപ്പെട്ടവര്‍ ചെയ്തിരുന്നില്ല. ആറളം ഫാം പോലുളള വനപ്രദേശങ്ങളില്‍ ആദിവാസികളുടെ ഇടയില്‍ ‘പോരാട്ടം’ പോലുള്ള ചില സംഘടനകളെ മുന്നില്‍ നിര്‍ത്തി മാവോയിസ്റ്റ് പോലുളള തീവ്രവാദ സംഘടനകള്‍ വേരോട്ടം നടത്തിവരുന്നതായി വര്‍ഷങ്ങള്‍ക്ക് മുന്നേ ആരോപണമുണ്ടായിരുന്നു. പല തരത്തിലുള്ള പ്രലോഭനങ്ങള്‍ക്കും വശംവദരായി വനവാസികളായ ആദിവാസികളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവരികയാണെന്നാണ് സൂചന. കര്‍ണാടക വനമേഖലയിലൂടെ ചില സ്ഥിരം ഊടുവഴികള്‍ സ്ഥാപിച്ച് അടുത്ത കാലഘട്ടങ്ങളിലായി തീവ്രവാദശക്തികള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നുവെന്നും ഇത്തരത്തില്‍ ആര്‍ജ്ജിച്ച കരുത്തും പലവഴിക്കും സംഘടിപ്പിച്ച എകെ.47 തോക്കുകളും ബോംബുകളും അടക്കമുള്ള ആയുധനങ്ങള്‍ ഉപയോഗിച്ചാണ് സാവധാനം വനാതിര്‍ത്തിയിലെ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി ചൊല്‍പ്പടിക്ക് നിര്‍ത്താനും കേരള അതിര്‍ത്തിയിലെ അധികാരസ്ഥാനങ്ങളെയും പോലീസ് സ്റ്റേഷനുകളെയും ലക്ഷ്യമാക്കി നീങ്ങാനും മാവോയിസ്റ്റുകള്‍ക്ക് പ്രേരണയായി മാറിയതെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം.
പല അതിര്‍ത്തി ഗ്രാമങ്ങളിലും വനത്തിലൂടെ അപരിചിതരായ പലരും ദിനംപ്രതി വന്നുപോകുന്നതായി പല സ്ഥലങ്ങളിലെയും ഗ്രാമീണര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത്തരം മേഖലകളില്‍ ആവശ്യമായ സുരക്ഷാനിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലാത്തത് തീവ്രവാദ സംഘടനകള്‍ക്ക് ചുവടുറപ്പിക്കാന്‍ കളമൊരുക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ മേഖലയിലെ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ മങ്കുണ്ടി ചാലില്‍ തോക്കുധാരികളായ ആറംഗ മാവോയിസ്റ്റ് സംഘത്തെ കാണുകയും ഗ്രാമവാസികളായ ആറുപേരെ ബന്ദിയാക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ക്ക് മാവോയിസ്റ്റ് സാന്നിധ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബോധോദയമുണ്ടായിരിക്കുന്നത്.
ജില്ലയുടെ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ ഏതാണ്ട് 80 ശതമാനവും വനപ്രദേശമാണ്. അതിര്‍ത്തിയില്‍ നിന്നും ഏതാണ്ട് 25 കീമീ വനം പിന്നിട്ടാല്‍ മാത്രമേ കര്‍ണാടകയിലെ ജനവാസപ്രദേശമായ ഒരു ഗ്രാമപ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. മുണ്ടാരി, മങ്കോളി, മുണ്ടറോഡ്, മടിക്കരി തുടങ്ങിയ പ്രദേശങ്ങളാണ് കര്‍ണാടകയില്‍ ഈ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്നത്. വിസ്തൃതമായ വനപ്രദേശത്തിനുള്ളില്‍ തീവ്രവാദികളുടെയും മറ്റും ഒളിസങ്കേതങ്ങള്‍ കണ്ടെത്തുക എന്നത് അതീവ ദുഷ്കരമാണ് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ഇത്തരം വനപ്രദേശങ്ങളില്‍ നിരീക്ഷിക്കാന്‍ സുസ്ഥിരവും ശക്തവുമായ അത്യാധുനിക സംവിധാനങ്ങളുടെ അഭാവം നമ്മുടെ സുരക്ഷാ സംവിധാനത്തിന്റെയും ഭരണകൂടത്തിന്റെയും പോരായ്മയായി വിലയിരുത്തപ്പെടുന്നു.
വൈകിയെങ്കിലും മാവോയിസ്റ്റ് സാന്നിധ്യം ഇത്തരം വനപ്രദേശങ്ങളിലുണ്ടെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും ബോധ്യപ്പെടുകയും ചെയ്ത അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആന്ധ്രയിലും ഝാര്‍ഖണ്ഡിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉണ്ടായതും ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ സായുധകലാപങ്ങളും തന്മൂലമുണ്ടാകുന്ന ദുരന്തങ്ങളും അനുഭവിക്കലാവും കേരളത്തിന്റെയും ഗതി എന്ന ആശങ്കയിലാണ് അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: