അഹമ്മദാബാദ്: ഗുജറാത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍നേട്ടം. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങള്‍ പാര്‍ട്ടി ഒന്നൊഴിയാതെ തൂത്തുവാരി. എതിരാളികളായ കോണ്‍ഗ്രസിനും സമതാ പാര്‍ട്ടിക്കും നിലംതൊടാനായില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്തിലെ 1,427 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് പ്രഖ്യാപിച്ചത്. 2013 ഫെബ്രുവരി മൂന്നിനായിരുന്നു വോട്ടെടുപ്പ്. ഫെബ്രുവരി 5ന് ഫലം പ്രഖ്യാപിച്ചു. 286 മണ്ഡലങ്ങളില്‍ മത്സരമുണ്ടായില്ല. 75 മുന്‍സിപ്പാലിറ്റികളില്‍ 47 എണ്ണവും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ സ്വന്തമാക്കി.
ജാംനഗര്‍, സലയ്യ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളായ മുസ്ലീങ്ങളാണ് വിജയിച്ചത്. ഇവിടങ്ങളില്‍ പാര്‍ട്ടി നിര്‍ത്തിയ മുഴുവന്‍ സ്ഥാനാര്‍ഥികളും എതിരാളികളെ നിഷ്പ്രഭരാക്കി. സലയ്യയില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന് സലിം മുഹമ്മദ് ഭഗാദ് മികച്ച വിജയം കരസ്ഥമാക്കി. ഇദ്ദേഹം നേരത്തെ കോണ്‍ഗ്രസ്, സമതാ പാര്‍ട്ടി എന്നിവകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭഗാദിനൊപ്പം പാര്‍ട്ടിയുടെ മറ്റ് 26 സ്ഥാനാര്‍ഥികളും വിജയിച്ചിട്ടുണ്ട്. ഇവിടെ ജനസംഖ്യയില്‍ 90 ശതമാനവും മുസ്ലീങ്ങളാണ്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിക്കുണ്ടായ മികച്ച വിജയം മറ്റ് പാര്‍ട്ടികളെ അമ്പരിപ്പിച്ചു. ബിജെപിയുമായി സഹകരിക്കുന്നത് തുടക്കത്തില്‍ ഏറെ എതിര്പ്പുകളുണ്ടാക്കിയെന്ന് ഭഗാദ് വ്യക്തമാക്കി. 2010 ലാണ് ഭഗാദ് നാലുപേരോടൊപ്പം ബിജെപിയില്‍ ചേര്‍ന്നത്. അന്ന് ബിജെപി നഗരപാലികാ, മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിരുന്നു. തുടര്‍ന്നാണ് സലയ്യയില്‍ തെരഞ്ഞെടുപ്പു വന്നത്. ബിജെപി സര്‍ക്കാര്‍ മികച്ച ജനോപകാര പദ്ധതികള്‍ അതിനു മുമ്പ് തന്നെ പ്രഖ്യാപിച്ച് നടപ്പാക്കാന്‍ ആരംഭിച്ചിരുന്നു. ഭഗാദിനാകട്ടെ മുസ്ലീം വോട്ടര്‍മാരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി പാര്‍ട്ടിയോടൊപ്പം നിര്‍ത്താനും കഴിഞ്ഞു. ഇതാണ് ഇക്കുറി ഈ പ്രദേശങ്ങള്‍ ഒന്നൊഴിയാതെ പിടിച്ചെടുക്കാന്‍ പാര്‍ട്ടിയെ സഹായിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാലാംവട്ടവും ബിജെപി വിജയിച്ച് നരേന്ദ്രമോദി മുഖ്യമന്ത്രിയായതും അനുകൂല സാഹചര്യം സൃഷ്ടിച്ചു. നരേന്ദ്രമോദിയുടെ വികസനനയങ്ങള്‍ക്ക് ജനങ്ങള്‍ നല്കിയ അംഗീകാരമാണ് ഈ വിജയമെന്ന് ഭഗാദ് ചൂണ്ടിക്കാട്ടി. മോദി അധികാരമേല്‍ക്കും മുമ്പ് സലയ്യയില്‍ നല്ല റോഡുകളോ വൈദ്യുതിയോ വെള്ളമോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ഥിതി മാറി. ഇപ്പോള്‍ നല്ല കോണ്‍ക്രീറ്റ് റോഡുകളും പവര്‍ക്കട്ടില്ലാത്ത വൈദ്യുതി വിതരണവും തെരുവുവിളക്കുകളും എന്നുവേണ്ട നാടകീയ മാറ്റങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്, ഭഗാദ് പറഞ്ഞു.
ബിജെപി പിന്തുണയോടെ പല സ്വതന്ത്രന്മാരും കോണ്‍ഗ്രസ് നേതാക്കളെ മലര്‍ത്തിയടിച്ചതായി പാര്‍ട്ടി വക്താവ് ഐ.കെ.ജഡേജ പറഞ്ഞു. ബിജെപിക്ക് ഗ്രാമതലത്തില്‍ വരെ ബൂത്ത് കമ്മറ്റികളുണ്ട്. ഗ്രാമത്തലവന്മാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ വരെ പാര്‍ട്ടി യോഗങ്ങള്‍ വിളിച്ചുകൂട്ടാറുണ്ട്. ഇതിലൊക്കെ പങ്കെടുത്തവര്‍ക്ക് പാര്‍ട്ടിയുടെ വികസനനയം എന്താണെന്ന് മനസ്സിലായി. മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പാര്‍ട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതൊക്കെയാണ് ബിജെപിയുടെ വിജയത്തിന്റെ ആധാരമെന്നും ജഡേജ പറഞ്ഞു.
അതേസമയം തോല്‍വി മറയ്ക്കാന്‍ വോട്ടിംഗ് ശതമാനം കൂടിയെന്നും നേരത്തെ തോറ്റസ്ഥലങ്ങളില് വിജയിച്ചെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: