ജീവന് സ്വതശുദ്ധമാണെന്നും, എന്നാല്‍ സ്വകര്മങ്ങളാല്‍ അതിന് അശുദ്ധിബാധിക്കുമെന്നും ദ്വൈതികളും വിശിഷ്ടാദ്വൈതികളും സമ്മതിക്കുന്നു. വിശിഷ്ടാദ്വൈതികള്‍ ഈ സംഗതി ഭംഗിയില്‍ പറയുന്നത്, ജീവന്റെ സംശുദ്ധിക്കും പരിപൂര്‍ണതയ്ക്കും സങ്കോചവികാസങ്ങളുണ്ടെന്ന്. ജീവന് സ്വതഃസിദ്ധമായ (ഇപ്പോള്‍ സങ്കുചിതമായ) ജ്ഞാനനൈര്മല്യചൈതന്യങ്ങളെ വീണ്ടും പ്രകാശിപ്പിക്കുകയാണ് നാം ഇപ്പോള്‍ ചെയ്യുന്നത്. ജീവന് അനേകം ഗുണങ്ങളുണ്ട്. എന്നാല്‍ സര്വജ്ഞത്വമോ സര്വശക്തിത്വമോ ഇല്ല. ഓരോ ദുഷ്കര്‍മവും ജീവന് സങ്കോചമുണ്ടാക്കും, സത്കര്‍മം വികാസവും. ജീവന് ഈശ്വരാംശം തന്നെ. “കത്തിക്കാളുന്ന തീയില്‍നിന്ന് സമസ്വഭാവങ്ങളായ അനേകലക്ഷം തീപ്പൊരികള്‍ പുറപ്പെടുംപോലെ അനന്തചിദഗ്നിയായ ഈശ്വരനില്‍നിന്ന് അസംഖ്യം ജീവന്മാര് ഉത്ഭവിച്ചിരിക്കുന്നു.” എല്ലാറ്റിനും ലക്ഷ്യം ഒന്നാണ്. വിശിഷ്ടാദ്വൈതികള്‍ക്കും ഈശ്വരന് സഗുണന് തന്നെ, അനന്തകല്യാണഗുണനിധി; എന്നാല്‍, സര്‍വാന്തര്യാമി, സര്വാന്തര്ഗതന്; ഈശ്വരന് ഈ ചുമരിലുമുണ്ട്, ചുമരുതന്നെ ഈശ്വരന് എന്നല്ല, ഈശ്വരന് ഉള്‍ച്ചേര്‍ന്നിരിക്കാതെ ഈ ജഗത്തില്‍ ഒരണുവുമില്ല. ജീവന്മാരോ പരിമിതന്‍മാര്‍, സര്വഗതന്മാരല്ല. വ്യക്തിവികാസം വന്ന് പൂര്ണതയടയുന്ന ജീവന്മാര് പിന്നെ നിത്യം ഈശ്വര സന്നിധിയിലിരിക്കും. അവര്‍ക്ക് പിന്നെ മരണമില്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: