ന്യൂദല്‍ഹി: ജനുവരിയില്‍ മൊത്ത വില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 6.62 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012 ഡിസംബറിലിത് 7.18 ശതമാനമായിരുന്നു. പച്ചക്കറി, ഉള്ളി, അരി മുതലായവയുടെ വില ഉയരത്തില്‍ നില്‍ക്കുമ്പോഴും മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം ഇടിഞ്ഞത് അത്ഭുതം ഉളവാക്കിയിട്ടുണ്ട്. 2012 ജനുവരിയില്‍ 7.23 ശതമാനമായിരുന്നു പണപ്പെരുപ്പം. നവംബറില്‍ 7.24 ശതമാനവും.
നിര്‍മാണ മേഖലയിലെ പണപ്പെരുപ്പം 4.81 ശതമാനമായി ഇടിഞ്ഞു. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം 11.88 ശതമാനമായി ഉയര്‍ന്നു. ഉള്ളിവിലയിലുണ്ടായ വര്‍ധനവാണ് ഇതിന് കാരണം. ഡിസംബറിലിത് 11.16 ശതമാനമായിരുന്നു. ജനുവരിയില്‍ അരി വിലയില്‍ 17.31 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഡിസംബറിലിത് 17.10 ശതമാനമായിരുന്നു. പച്ചക്കറി വില 23.25 ശതമാനത്തില്‍ നിന്നും 28.45 ശതമാനമായി ഉയര്‍ന്നു. ഗോതമ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍ മുതലായവയുടെ വിലയില്‍ യഥാക്രമം 21.39 ശതമാനവും 18.09 ശതമാനവും വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഉരുളക്കിഴങ്ങിന്റെ വില 79.07 ശതമാനമായി ഉയര്‍ന്നു. ധാന്യവിലയില്‍ 16.89 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുട്ട, മാംസം, മത്സ്യം മുതലയാവയുടെ വില കുതിച്ചുയരുകയാണ്. ജനുവരിയില്‍ 10.81 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
പാല് വിലയില്‍ 4.47 ശതമാനവും പഴവര്‍ഗ്ഗങ്ങളുടെ വിലയില്‍ 8.42 ശതമാനവുമാണ് വര്‍ധനവ്.
ജനുവരിയില്‍ മൊത്തവില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പത്തില്‍ ഇടിവുണ്ടായത് ആര്‍ബിഐയ്ക്ക് ആശ്വാസമായിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം 6.8 ശതമാനത്തിലെത്തുമെന്നാണ് ആര്‍ബിഐയുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: