ബമാകൊ: മാലി ദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താത്ക്കാലിക വിരാമമായി. മുന്‍ പ്രസിഡന്റ് മുഹമ്മദ് നെഷീദിനെ തത്ക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് മാലി ദ്വീപ് സര്‍ക്കാര്‍ അറിയിച്ചു. പ്രശ്നത്തില്‍ ഇന്ത്യ ഇടപെട്ടതിനെ മാലിദ്വീപ് സര്‍ക്കാര്‍ വിമര്‍ശിച്ചു.
വൈകിട്ട് നാല് മണിക്ക് മുമ്പായി മുഹമ്മദ് നെഷീദിനെ ഹാജരാക്കണമെന്നാണ് ബുധനാഴ്ച കോടതി ഉത്തരവിട്ടിരുന്നത്. നെഷീദ് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. വാറണ്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ കോടതി അടുത്ത വിചാരണ തീയതി പ്രഖ്യാപിക്കുന്നതുവരെ നെഷീദ് സ്വതന്ത്രനാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ജനാധിപത്യപരമായ രീതിയില്‍ പ്രശ്നം പരിഹരിക്കണമെന്നും നെഷീദിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പരസ്യ അഭിപ്രായ പ്രകടനവുമായി ഇന്ത്യ രംഗത്ത് എത്തിയതിനെ മാലി ദ്വീപ് സര്‍ക്കാര്‍ വിമര്‍ശിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്താതെ ഇന്ത്യ ഏകപക്ഷീയമായി അഭിപ്രായ പ്രകടനം നടത്തിയത് ശരിയായില്ലെന്നും തെരഞ്ഞെടുപ്പില്‍ ആരെയൊക്കെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഇന്ത്യ പറയരുതായിരുന്നുവെന്നും ഔദ്യോഗിക പ്രസ്താവനയില്‍ മാലിദ്വീപ് അഭിപ്രായപ്പെട്ടു.
2008-10 കാലഘട്ടത്തില്‍ അധികാര ദുര്‍വിനിയോഗം ചെയ്തും പ്രസിഡന്റ് ആയിരിക്കെ മുഖ്യ ക്രിമിനല്‍ ജഡ്ജിയായിരുന്ന അബ്ദുള്ള മുഹമ്മദിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസുകളില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നു കോടതി നെഷീദിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2008ല്‍ മാലിദ്വീപില്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചാണു നെഷീദ് പ്രസിഡന്റ് ആയത്. സൈനിക അട്ടിമറിയിലൂടെ നെഷീദിനെ പുറത്താക്കി മുഹമ്മദ് വഹീദ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും പരിസ്ഥിതി വാദിയുമായിരുന്ന നെഷീദ് 30 വര്‍ഷത്തെ അബ്ദുള്‍ ഗയൂവിന്റെ ഭരണം അവസാനിപ്പിച്ചാണ് അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: