കൊച്ചി: സൂര്യനെല്ലി കേസില്‍ ആരോപണക്കൊടുങ്കാറ്റില്‍ നില പരുങ്ങലിലായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ രക്ഷിക്കാന്‍ മുന്‍ എസ്പി കെ. ഇട്ടൂപ്പ് രംഗത്ത്. സൂര്യനെല്ലി കേസിലെ പ്രത്യേക അന്വേഷണസംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം അന്വേഷണത്തില്‍ പി.ജെ. കുര്യന് നിരപരാധിയായിരുന്നുവെന്ന് തെളിഞ്ഞതായി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. സൂര്യനെല്ലി പെണ്‍കുട്ടിക്ക് 16 വയസ് കഴിഞ്ഞിരുന്നു. ഇവളുടെ സ്വഭാവം മോശമായിരുന്നു. ആദ്യം പഠിച്ച കോട്ടയത്തെ മൗണ്ട് ടാബോര്‍ സ്കൂളില്‍നിന്നും ഈ പെണ്‍കുട്ടിയെ പുറത്താക്കിയിരുന്നു. പിന്നീട് മറ്റൊരു സ്കൂളില്‍ ചേര്‍ന്നപ്പോഴും നിരീക്ഷണത്തിലായിരുന്നു.
കണ്ടക്ടര്‍ രാജു നിരപരാധിയാണ്. ഇയാള്‍ വിളിച്ചിട്ടല്ല പെണ്‍കുട്ടി ഇറങ്ങിവന്നത്. ടൈഫോയിഡ് പിടിപെട്ട് കിടന്നിരുന്ന രാജു മറ്റൊരു ബസില്‍ കണ്ടക്ടറായി ജോലി നോക്കുകയായിരുന്നു. ഇതിനൊക്കെ തെളിവുണ്ട്. ഇക്കാര്യത്തില്‍ ജസ്റ്റിസ് ബസന്ത് പറഞ്ഞത് തികച്ചും ശരിയാണ്. തനിക്ക് അന്വേഷണം പൂര്‍ത്തിയാക്കുവാനായില്ല. അതിന് മുമ്പ് അന്വേഷണം സിബി മാത്യൂസിന് നല്കി. അദ്ദേഹത്തിനും കുര്യനെ കുറ്റക്കാരനായി കണ്ടെത്തുവാനായില്ലെന്നും ഇട്ടൂപ്പ് പറഞ്ഞു.
ഇതിനിടെ, പി.ജെ. കുര്യനെ അനുകൂലമായി വാര്‍ത്താസമ്മേളനം നടത്തിയ മുന്‍ എസ്പി ഇട്ടൂപ്പിനെ ആക്രമിക്കാന്‍ എഐവൈഎഫുകാര്‍ ശ്രമിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ഇട്ടൂപ്പിനെ പ്രകടനമായെത്തിയ ഏഴോളം എഐവൈഎഫുകാരാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ കാറില്‍ ഇടിച്ചും തടഞ്ഞുനിര്‍ത്തിയും ആക്രമിക്കുവാന്‍ ശ്രമിച്ചു. പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: