നമ്മുടെ നിയമനിര്‍മാണ സഭകളായ രാജ്യസഭയിലും ലോക്സഭയിലും സമ്പന്നരായ ജനപ്രതിനിധികളുടെ എണ്ണം കൂടുതലാണെന്ന് മുറവിളി അടുത്തകാലത്ത് കൂടിയിട്ടുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നും ഇക്കാര്യത്തില്‍ ലഭിക്കുന്ന വിവരം നമ്മെ ആശ്ചര്യപ്പെടുത്തും. അവിടെ കമ്മ്യൂണിസത്തിനു പകരം സമ്പന്നരായ വ്യക്തികള്‍ അധികാരത്തിന്റെ സുഖം കൂടതലായി അനുഭവിച്ച് അതിന്റെ തണലില്‍ തങ്ങളുടെ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നു എന്നതാണത്. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചൈനയിലെ നേതാക്കള്‍ തങ്ങളുടെ സാമ്പത്തിക നയത്തില്‍ വ്യത്യാസം വരുത്തി ചൈനയ്ക്കകത്തും പുറത്തുമുള്ള സ്വകാര്യനിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരമൊരുക്കി. അതോടെ സമ്പൂര്‍ണമായും സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഉത്പാദന മേഖല സ്വകാര്യ മേഖലയുമായി പങ്കിടാന്‍ നിര്‍ബന്ധിതമായി. ഫോര്‍ബ്സിന്റെ ഏറ്റവും പുതിയ മഹാകോടീശ്വരന്മാരുടെ പട്ടിക പുറത്തിറങ്ങിയപ്പോള്‍ ലോകത്ത് ആകെയുള്ള 1226 കോടീശ്വരന്മാരില് 133 പേരും ചൈനയില്‍ നിന്നുള്ളവരാണെന്ന് വ്യക്തമാക്കുന്നു. ഇതേ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഇടംനേടിയിരിക്കുന്നത് വെറും 48 കോടീശ്വരന്മാരാണ്. എന്നാലിവരുടെ ആസ്തി ചൈനീസ് കോടീശ്വരന്മാരെക്കാള്‍ അല്‍പ്പം കൂടുതലാണ്. കോടീശ്വരന്മാരുടെ എണ്ണം ചൈനയില്‍ ഇന്ത്യയുടെതിനെക്കാള് കൂടുതലാണെന്നു മാത്രമല്ല, അത് വര്‍ധിക്കുന്നുമുണ്ട്. എണ്ണം വര്ധിക്കലിനോടൊപ്പം സര്‍ക്കാരിനുമേലുള്ള അവരുടെ സ്വാധീനവും വര്‍ധിക്കുന്നുണ്ട്.
രക്തരൂക്ഷിത വിപ്ലവത്തിന് ശേഷം ചൈനയിലെ സാമ്പത്തിക സംവിധാനം മാവോയുടെ നേതൃത്വത്തില്‍ വലിയൊരു മാറ്റത്തിനാണ് വിധേയമായത്. രാജ്യത്തുള്ള മുഴുവന്‍ കൃഷിഭൂമിയും സര്‍ക്കാര്‍ പിടിച്ചെടുത്ത് കൂട്ടുകൃഷി നടപ്പില്‍ വരുത്തി. ഫാക്ടറി ഉത്പാദനവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. രാജ്യത്തെ മുഴുവന്‍ സമ്പത്തും പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. ഈ സംവിധാനങ്ങളെയെല്ലാം കേന്ദ്ര ആസൂത്രണങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ നടപ്പാക്കാനാരംഭിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണം ശക്തമാക്കി. അതിനെതിരെ ചെറുവിരലനക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യ വാഴ്ച നടപ്പായി. ജനാധിപത്യം ആവശ്യപ്പെട്ട് സമരം ചെയ്ത ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും യുവാക്കളെയും പരസ്യമായി വെടിവച്ചു കൊന്നു. എന്നാലിന്ന് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ പരോക്ഷമായെങ്കിലും മുതലാളിത്തം സ്വാധീനിച്ചിരിക്കുന്നു.
ഇന്ന് ചൈനയിലെ വരവും സാമ്പത്തിക അസമത്വവും വര്‍ധിച്ചു. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ ഭീമമായ സ്വത്തുക്കള്‍ സമ്പാദിച്ചിരിക്കുന്നു. അവര്‍ക്ക് വ്യവസായഭീമന്മാരുമായി ആഴത്തില്‍ ബന്ധമുണ്ട്. വ്യവസായികളും മറ്റും തീര്‍ച്ചയായും ഈ ബന്ധത്തില്‍ അഭിമാനിക്കുന്നുണ്ടാകും. ഹോംഗ്ഡു ഗ്രൂപ്പിന്റെ ചെയര്മാന് സോഹു തന്റെ രാഷ്ട്രീയബന്ധങ്ങളുപയോഗിച്ച് കുറഞ്ഞത് പത്ത് രാഷ്ട്രീയ സ്ഥാനങ്ങളെങ്കിലും നേടിയിട്ടുണ്ട്. ഇതിലൂടെ ഇദ്ദേഹത്തിന് വന്‍വ്യവസായികളെയും രാഷ്ട്രീയനേതാക്കളെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും നേരിട്ടു ബന്ധപ്പെടാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഏതെങ്കിലുമൊരു കൂടിക്കാഴ്ചയില്‍ ലഭിക്കുന്ന അവസരങ്ങളുപയോഗിച്ച് ഇദ്ദേഹം എല്ലാവര്ക്കും വമ്പിച്ച നികുതിയിളവുകള്‍ വാഗ്ദാനെ ചെയ്യാറുണ്ടത്രെ. മാത്രമല്ല വെന്‍ ജിയാബാവോവിനോട് ബ്രാന്‍ഡുകള്‍ ഉറപ്പിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന സാങ്കേതിക നികുതി വെട്ടിക്കുറയ്ക്കാനും ഇദ്ദേഹം ആവശ്യപ്പെടാറുണ്ടെന്നും പറയപ്പെടുന്നു. തന്റെ പിതാവ് നിയമനിര്‍മാണ സഭയില്‍ നിന്നും വിരമിച്ചപ്പോള്‍ തന്നെ പീപ്പിള്‍സ് കോണ്‍ഗ്രസ് ഓഫ് ചൈനയിലേക്ക് ക്ഷണിച്ചിരുന്നതായും സോഹു വെളിപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കുടുംബം വുക്സിക്കടുത്ത് വളരെ വലിയ അളവില്‍ കൃഷിഭൂമി സ്വന്തമാക്കി നൂറോളം കമ്പനികള്‍ സ്ഥാപിച്ച് തങ്ങളുടെ സാമ്രാജ്യം വിപുലപ്പെടുത്തിയതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളെ ആദരിക്കാനായുള്ള വലിയ ഹാള്‍ പണിതുനല്‍കിയതും ഇദ്ദേഹമാണ്. സര്‍ക്കാര്‍ അനുമതിയോടെ പ്രത്യേക സാമ്പത്തിക സ്ഥാപനം ആരംഭിച്ച് കമ്പോഡിയയിലേക്കും മറ്റും ബിസിനസ് വ്യാപിപ്പിച്ചു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നപ്പോള്‍ താന്‍ സ്വകാര്യ കുത്തകകളുടെ പ്രതിനിധിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
അസമത്വം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചതിനാല്‍ ചൈനയിലെ ജനങ്ങള്‍ വളരെ ആശങ്കാകുലരും ക്രുദ്ധരുമാണ്. സമ്പന്നരുടെ സ്വാധീനം വര്ധിച്ചതിനാലാണിതെന്ന് പറഞ്ഞു കൂടാ. വിലക്കയറ്റം, ഗുണനിലവാരം കുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങള്‍, കൂടിയ അളവിലുള്ള മലിനീകരണം എന്നിവയാണ് ഇതിന് കാരണം. ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ മാത്രം ചേര്‍ന്നല്ല നയം രൂപീകരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് കടന്നു വന്നിട്ടുള്ളതോ അല്ലാത്തതോ ആയ സമ്പന്നരും നയരൂപീകരണത്തെ സ്വാധീനിക്കുന്നു. ഇതിന് അവര്‍ തങ്ങളുടെ രാഷ്ട്രീയബന്ധുക്കളോടാണ് നന്ദി പറയുന്നത്.
ഹുറുണ്‍ റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവും കുറഞ്ഞത് 75 ആള്‍ക്കാരെങ്കിലും സമ്പന്ന ചൈനയിലെ 3000 അംഗങ്ങളടങ്ങുന്ന നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഓഫ് ചൈന എന്ന പാര്‍ട്ടി നയിക്കുന്ന ചൈനീസ് പാര്‍ലമെന്റുമായി ബന്ധപ്പെട്ടവരാണ്. ലോകത്തിലെ മറ്റൊരുപാര്ലമെന്റും ഇത്രയും സമ്പന്ന അംഗങ്ങളാല്‍ സമ്പന്നമല്ല. ചൈനയിലെ മുഴുവന്‍ സമ്പന്നരും തങ്ങളുടെ സമ്പത്ത് രാഷ്ട്രീയ ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതുപോലെ രാഷ്ട്രീയക്കാരും തങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഷാംഗായി ഗവേഷണ കേന്ദ്രമായ ഹുറുണ്‍ കമ്പനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 2007-12 കാലത്ത് പീപ്പിള്‍സ് കോണ്‍ഗ്രസ് ഓഫ് ചൈനയിലെ 1.5 ലക്ഷം കോടി സ്വത്തുള്ള അംഗങ്ങള്‍ തങ്ങളുടെ സമ്പത്ത് 81 ശതമാനം വര്‍ധിപ്പിച്ചതായി പറയുന്നു. ഇക്കാലത്ത് രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത സമ്പന്നര്‍ വെറും 47 ശതമാനം മാത്രമാണ് സമ്പത്ത് വര്‍ധിപ്പിച്ചിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്റിന്റെയും ഉപദേശകസമിതിയായ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സില്‍ ഏതാണ്ട് 2200 അംഗങ്ങളുണ്ട്. ചൈനയിലെ മുഴുവന്‍ ജനവിഭാഗത്തിന്റെ പ്രതിനിധികള്‍ ഈ സമിതിയിലുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുക എന്ന കര്‍ത്തവ്യമാണ് ഈ സമിതിക്കുള്ളത്. ഈ സമിതിയിലെ 74 അംഗങ്ങള്‍ 1.45 ലക്ഷംകോടി ഡോളര്‍ വീതം സ്വത്തുള്ളവരാണ്. സിപിപിസിസിയിലെ പല അംഗങ്ങളും സമ്പന്നരുടെ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നവരാണെന്ന് ആക്ഷേപമുണ്ട്. ഈ സമ്പന്ന അംഗങ്ങള്‍ തങ്ങളുടെ ബിസിനസ് താത്പര്യം സംരക്ഷിക്കാനായി പ്രസിഡന്റിനുമേല്‍ അതിയായ സമ്മര്‍ദം ചെലുത്തുന്നുവെന്ന് സമിതിയിലെ മറ്റംഗങ്ങള്‍ ആരോപിക്കുന്നു. കൂടാതെ അധികാരസ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിച്ച് പ്രധാന കമ്മറ്റികളിലും മറ്റും തങ്ങളുടെ ആള്‍ക്കാരെ തിരുകി കയറ്റി ആവശ്യമുള്ള വിവരങ്ങള്‍ ശേഖരിച്ച് അധികാരവും ബന്ധങ്ങളുമുപയോഗിച്ച് ബിസിനസ് വിപുലീകരിക്കുന്നതായും ആരോപണമുണ്ട്.
അമേരിക്കയിലെ അതിസമ്പന്നരുടെ തൊട്ടുപിന്നിലായി തങ്ങളുടെ സ്വാധീനമുറപ്പിച്ച് ചൈനീസ് സമ്പന്നരും നിലകൊള്ളുന്നു എന്ന സത്യം തിരിച്ചറിയണം. 2010ല്‍ അമേരിക്കന്‍ പാര്‍ലമെന്റായ യുഎസ് കോണ്‍ഗ്രസിലെ 535 അംഗങ്ങളുടെ ആകെ സമ്പത്ത് 1.8 ദശലക്ഷം ഡോളറിനും 6.5 ലക്ഷം കോടി ഡോളറിനും ഇടയ്ക്കാണ്. എന്നാല്‍ ചൈനയിലെ ഹുറുണ്‍ പ്രസിദ്ധീകരിച്ച പട്ടികയിലെ 75 അംഗങ്ങളുടെ ആകെ സ്വത്ത് കുറഞ്ഞത് 75 ലക്ഷം കോടി ഡോളറെങ്കിലും വരുമെന്ന് പറയപ്പെടുന്നു. സമ്പന്നര്‍ അധികാര സ്ഥാനങ്ങളിലെത്തി തെറ്റായ വഴികളിലൂടെ തങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ ചൈനയിലെ ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച പ്രതിഷേധമുണ്ട്. ഇതെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്കണ്ഠ വര്‍ധിപ്പിക്കുന്നു. എന്നാല്‍ സമ്പന്നരും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധത്തില്‍ മാറ്റമൊന്നും വരുത്തുന്നതായി സൂചനയില്ല. അടുത്തിടെ ഏഴ് സമ്പന്നരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ച ചടങ്ങില്‍ പങ്കെടുത്തത്.
അശ്വനി മഹാജന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: