2ജി സ്പെക്ട്രം സിബിഐ അട്ടിമറിച്ചു എന്ന ആരോപണം ഉയര്‍ന്നിരിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ഒരിയ്ക്കല്‍ക്കൂടി ചോദ്യചിഹ്നമാകുകയാണ്. പോലീസിലും ക്രിമിനലുകള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം പണ്ടേ തിരിച്ചറിയപ്പെട്ടതാണ്. എസ്.പുലികേശി, ടോമിന് ജെ.തച്ചങ്കരി, കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട ഷാജി എന്നിവര്‍ ഇതിന് ജീവിക്കുന്ന തെളിവുകളാണ്. ഇപ്പോള്‍ പുറത്തുവരുന്ന വസ്തുത ക്രിമിനല്‍ കേസുകളുടെ എണ്ണത്തേക്കാള്‍ അധികം പോലീസ് ക്രിമിനലുകള്‍ ഉണ്ടെന്നതാണ്. സംസ്ഥാന പോലീസ് സേനയില്‍ തന്നെ 500 പോലീസുകാര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ്. ഇത് ഔദ്യോഗിക കണക്കാണെങ്കില്‍ യഥാര്‍ത്ഥ പോലീസ് ക്രിമിനലുകള്‍ ഇതിലും എത്രയോ ഇരട്ടിയാണത്രെ. പ്രതികളെ രക്ഷിക്കാന്‍ കൃത്രിമ തെളിവുകളെയും കൃത്രിമ സാക്ഷികളെയും സൃഷ്ടിക്കുന്ന പോലീസ് ഉന്നതര്‍ ഉണ്ടെന്ന വസ്തുത സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനെ രക്ഷിക്കാന്‍ ഒരു പോലീസ് ഓഫീസര്‍ നടത്തിയ നീക്കങ്ങള്‍ തെളിയിച്ചതാണ്. പോലീസില്‍ 533 ക്രിമിനലുകള്‍ ഉണ്ടെന്ന വിവരം പോലീസ് മേധാവി ജേക്കബ് പുന്നൂസ് കേരള ഹൈക്കോടതിയുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് വ്യക്തമാക്കിയത്. ഇവരില്‍ പലരും കൈക്കൂലിക്ക് മുതല്‍ കൊലപാതകം വരെ നടത്തിയിട്ട് ജയിലില്‍ ആയിട്ടുമുണ്ട്. ഉണ്ണിത്താന് വധശ്രമക്കേസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഉണ്ണിത്താനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോള്‍ ഐജി:എസ്. ശ്രീജിത്തിന്റെ ക്രിമിനല്‍ ഇടപാടുകളെപ്പറ്റിയുള്ള വിവരങ്ങള്‍, റൗഫിനോടൊപ്പം സഹകരിക്കുന്നതുള്‍പ്പെടെ പുറത്തുവന്നുകൊണ്ടിരിക്കുകയും ആണല്ലൊ. ഭൂമി കയ്യേറാന്‍ റൗഫിനെ സഹായിക്കാം എന്ന് ശ്രീജിത്ത് വാഗ്ദാനം നല്‍കിയിരുന്ന വാര്‍ത്തയാണ് പുറത്തുവന്നത്.
പോലീസ് ഉദ്യോഗസ്ഥരില്‍ ബസ്സുകള്‍ ഉള്ളവരും മണല്‍ക്കടത്ത് ബിസിനസ്സ് നടത്താന്‍ ലോറികള്‍ ഉള്ള പോലീസ് ഓഫീസറും ഉണ്ടെന്നതും മണല്‍ മാഫിയയുമായും സ്പിരിറ്റ് മാഫിയയുമായുമുള്ള പോലീസിന്റെ അവിശുദ്ധബന്ധങ്ങളും പൊതു അറിവാണ്. ചെക്ക് പോസ്റ്റുകളില്‍ നിയമനം ലഭിക്കാന്‍ കൈക്കൂലിവരെ നല്കാന് തയ്യാറാകുന്നതും ചെക്ക് പോസ്റ്റുകളില്‍ നിന്ന് ലഭിയ്ക്കുന്ന വന്‍ കോഴ വരുമാനമാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ പോലീസില്‍ എത്ര ക്രിമിനലുകള്‍ ഉണ്ടെന്ന വസ്തുത വിവരാവകാശ പ്രവര്‍ത്തകര്‍ ചോദിച്ചിട്ടുപോലും നല്കാന് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഒരുക്കമല്ല. പോലീസിലെ അഴിമതിയും ക്രിമിനല്‍വല്‍ക്കരണവും കോഴ വാങ്ങി കേസൊതുക്കലും ഒന്നും പുതിയ വാര്‍ത്തയല്ലെങ്കിലും വസ്തുതകള്‍ സുതാര്യമാകുന്ന ഈ കാലഘട്ടത്തില്‍ പോലും ഇതിന് തടയിടാന്‍ സാധിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുന്നു. അഴിമതി ഇന്ന് ഇന്ത്യക്കാരുടെ സ്വഭാവമായി ലോകം അംഗീകരിക്കുന്ന വസ്തുതയാണ്.
എക്സ്ക്ലുസീവ് എന്ന പേരില്‍ ചാനലുകള്‍ പുറത്തുവിടുന്ന വാര്‍ത്തകളും ദൃശ്യങ്ങളും വനം കൈയേറ്റവും ഭൂമാഫിയ പ്രീണനവും കരിഞ്ചന്തയില്‍ ഗ്യാസ് വില്‍ക്കുന്നതും മണല്‍ മാഫിയയുടെ അനധികൃത മണല്‍ വാരലും എല്ലാം ആണ്. റോഡ് ടാറിംഗിലും പാലം പണിയിലും എല്ലാം അഴിമതിയുടെ നിഴല്‍ വീണതാണ്. കൊച്ചി കോര്പ്പറേഷന് പരസ്യബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നല്കുന്ന അനുമതിയില്‍ പോലും അഴിമതി ആരോപിക്കപ്പെടുന്നുണ്ട്. പക്ഷെ പ്രധാനമന്ത്രിയുടെ ഓഫീസ് മുതല്‍ വില്ലേജ് ഓഫീസ് വരെ അഴിമതിയില്‍ ആറാടുമ്പോള്‍ അത് സാമൂഹ്യ അവസ്ഥയുടെ പ്രതിഛായയാകുന്നില്ലേ എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. ഈ സമകാലിക രീതി സമൂഹ സുരക്ഷിതത്വവും നിയമപാലനവും നടത്തേണ്ട പോലീസിലേയ്ക്ക് വ്യാപിക്കുന്നു. മുഖ്യമന്ത്രി നിയമസഭയില്‍ പോലും പറഞ്ഞ കാര്യമാണ് പോലീസില്‍ ക്രിമിനലുകള്‍ ഉണ്ടെന്നത്.
ഇന്ത്യന്‍ പോലീസ് ബ്രിട്ടീഷ് ഭരണത്തിന്റെ പൈതൃകമാണെന്നും സേനയെ അടിമുടി പരിഷ്ക്കരിക്കേണ്ടതാണെന്നും മഗ്സാസെ അവാര്‍ഡ് ജേതാവും ലോകായുക്തയ്ക്കു വേണ്ടി പൊരുതുന്ന അണ്ണാ ഹസാരെയ്ക്ക് ഒപ്പമുള്ള കിരണ്‍ ബേദി ആവശ്യമുയര്‍ത്തിയതാണ്. പോലീസ് സേനയിലേയ്ക്കുള്ള റിക്രൂട്ട്മെന്റ് ട്രെയിനിംഗും പരിഷ്ക്കരിക്കണമന്ന ആവശ്യം രണ്ടുകൊല്ലം മുമ്പേ ഉയര്‍ന്നതാണ്. ഈ അനാസ്ഥ തന്നെയാണ് സെന്‍കുമാര്‍ പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒരുക്കിയതിന് പിന്നിലും എന്നുവേണം കരുതാന്‍. സെന്‍കുമാര്‍ പാനല്‍ ശുപാര്‍ശ ചെയ്തിരുന്നത് ആറ് പോലീസുകാരെ പോലീസ് ആക്ട് സെക്ഷന്‍ 86 പ്രകാരം പിരിച്ചുവിടണമെന്നും മദ്യപാനികളായ 40 പോലീസുകാരെ ലഹരി വിരുദ്ധ ചികിത്സയ്ക്ക് വിധേയമാക്കണമെന്നുമായിരുന്നു. ഒരു പക്ഷെ ഭരണനേതൃത്വവും ആഗ്രഹിക്കുന്നത് അഴിമതിനിമഗ്നരായ പോലീസിനേയും സിബിഐയും ഇന്റലിജന്‍സിനെയും ആയിരിക്കാം. 2-ജി സ്പെക്ട്രം പോലുള്ള അഴിമതികള്‍ കേന്ദ്രത്തിലെ ഉന്നതതലത്തില്‍ നടക്കുമ്പോള്‍ ഏത് ഭരണനേതൃത്വമാണ് അഴിമതി നിവാരണം ആഗ്രഹിക്കുക? 2-ജി കേസില്‍ പ്രതിയെ സഹായിക്കാന്‍ സ്വന്തം അഭിഭാഷകനെ സിബിഐ നീക്കി എന്ന വാര്‍ത്ത ഇപ്പോള്‍ അന്വേഷണ വിധേയമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: