ലണ്ടന്‍: ഇന്ത്യ-പാക് സംഘര്‍ഷ വേളകളില്‍ ലോകശക്തികള്‍ സ്വീകരിക്കാറുള്ള ഇരട്ടത്താപ്പ് നയതന്ത്ര വേദികളില്‍ ഏറെ ചര്‍ച്ചാവിഷയമാകാറുണ്ട്. പലപ്പോഴും പാക്കിസ്ഥാനെ പരോക്ഷമായി സഹായിക്കുന്ന അവരുടെ നയങ്ങളും പകല്‍ പോലെ വ്യക്തം. ഇപ്പോഴിതാ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പക്ഷപാതം വെളിപ്പെടുത്തിയിരിക്കുന്നു. പാക്കിസ്ഥാന്റെ സുഹൃത്തുക്കള്‍ തങ്ങളുടെ സുഹൃത്തുക്കളാണെന്നും ശത്രുക്കള്‍ തങ്ങളുടെയും ശത്രുക്കളാണെന്നും കാമറോണ്‍.
ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ പാക് പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെയാണ് കാമറോണിന്റെ പാക് വിധേയത്വം വെളിപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ചര്‍ച്ചയ്ക്കിടെ അഷ്റഫ് പ്രകടിപ്പിക്കുകയുണ്ടായി. പിന്നാലെയാണ് പാക്കിസ്ഥാനോടുള്ള ബ്രിട്ടന്റെ പ്രതിബദ്ധത കാമറോണ്‍ തുറന്നു പറഞ്ഞത്. അടുത്തുതന്നെ പാക്കിസ്ഥാന് സന്ദര്‍ശിക്കുമെന്നും കാമറോണ്‍ അഷ്റഫിനെ അറിയിച്ചു. അഫ്ഗാനിലെ സൈനികരെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുന്നതിനായി പാക്കിസ്ഥാന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള സന്നദ്ധതയും അഷ്റഫ് കാമറോണിനുമുന്നില് പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളുമായുള്ള വ്യപാര ബന്ധം മെച്ചപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളും അവര്‍ ചര്‍ച്ചചെയ്തു. പരസ്പ്പരം വിപണികള്‍ തുറന്നുകൊടുത്തതുവഴി ഇന്ത്യയ്ക്കുംപാക്കിസ്ഥാനും ഏറെ നേട്ടമുണ്ടായതായും കാമറോണ്‍ ചൂണ്ടിക്കാട്ടി. അതേസമയം, പാക്കിസ്ഥാനോട് അനുഭാവം പ്രഖ്യാപിച്ച കാമറോണിന്റെ നടപടി യാഥാര്‍ഥ്യങ്ങളോടുള്ള മുഖം തിരിക്കലാണെന്നു വിലയിരുത്തപ്പെടുന്നു. അഫ്ഗാനില്‍ പാശ്ചാത്യസേന നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്ന് ഈയിടെ അമേരിക്ക ആരോപിച്ചിരുന്നു.
വടക്കന്‍ വസീരിസ്ഥാനിലെ ഗോത്രമേഖലയില്‍ തമ്പടിച്ചിട്ടുള്ള ഭീകരരെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങളും യുഎസ് തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: