വേദാന്തമെന്ന വാക്ക് വേദാന്തദര്ശനത്തില്പ്പെട്ട അദ്വൈതശാഖയെമാത്രം കുറിക്കാന്‍ പ്രയോഗിക്കുക ഈയിടെയായി ഒട്ടേറെ ആളുകളുടെ പതിവായിരിക്കുന്നു. അദ്വൈതവാദം ഉപനിഷത്തുകളില്‍ രൂപംപൂണ്ടിട്ടുള്ള പല ദര്ശനസരണികളില് ഒന്നുമാത്രമാണെന്ന് നമുക്കറിയാം. അദ്വൈതാനുയായികള്ക്കെന്നോണം തന്നെ വിശിഷ്ടാദ്വൈതികള്‍ക്കും ഉപനിഷത്തുക്കളോട് ബഹുമാനമുണ്ട്; അദ്വൈതികള്‍ വേദാന്തത്തിന് കല്പ്പിക്കുന്നത്രയും പ്രാമാണ്യം വിശിഷ്ടാദ്വൈതികളും കല്‍പ്പിക്കുന്നുണ്ട്. ഇതുതന്നെ ദ്വൈതികളും ചെയ്യുന്നു; ഭാരതത്തിലുള്ള മതവിഭാഗങ്ങളെല്ലാം ചെയ്യുന്നതും ഇതുതന്നെ. പക്ഷേ, പൊതുജനങ്ങളുടെ മനസില്‍, വേദാന്തി എന്ന വാക്കിന് അദ്വൈതി എന്ന വാക്കിനോട് ഏതാണ്ട് താദാത്മ്യംതന്നെ ഉണ്ടായിരിക്കുന്നു. ഇതിനനുകൂലമായി ചില യുക്തികളും ഉണ്ടായെന്ന് വരാം.
എന്തുകൊണ്ടെന്നാല്‍, നമ്മുടെ മതഗ്രന്ഥങ്ങള്‍ വേദങ്ങളാണെങ്കിലും വൈദികസിദ്ധാന്തങ്ങളെ ഉദാഹരിക്കുവാന്‍ പിന്നീടുണ്ടായ സ്തുതികളും പുരാണങ്ങളുമുണ്ട്. സ്വാഭാവികമായി ഇവയ്ക്ക് വേദങ്ങള്ക്കുള്ളത്ര ഗൗരവമില്ല. പുരാണങ്ങളും സ്മൃതികളും ശ്രുതിയുടെ ഏതെങ്കിലുമൊരു ഭാഗത്തിന് വിരുദ്ധമാണെങ്കില്‍, സ്മൃതികളെ നിരാകരിച്ച് ശ്രുതിയെ അനുസരിച്ചുകൊള്ളണമെന്നാണ് നിയമം. ഇത്തരത്തില്‍ നമുക്കൊന്ന് കാണാം: അദ്വൈത ദാര്ശനികപ്രവരനായ ശ്രീശങ്കരന്റെ ഭാഷ്യങ്ങളിലും അദ്ദേഹം സ്ഥാപിച്ച ദര്ശനശാഖയിലെ ഗ്രന്ഥങ്ങളിലും ഉദ്ധരിച്ച പ്രമാണങ്ങളില്‍ ഏറിയകൂറും ഉപനിഷത്തുകളാണ്. വളരെ ചുരുക്കമായേ സ്മൃതികളില്‍നിന്ന് പ്രമാണം ഉദ്ധരിച്ചുകാണുള്ളൂ. അങ്ങനെ ചെയ്യുമ്പോള്‍, അത് ശ്രുതിയില്‍ കാണാത്ത വല്ല വാദമുഖവും വിശദീകരിക്കുവാനാണുതാനും. നേരേമറിച്ച്, മറ്റ് ദര്‍ശനങ്ങള്‍ ഏറിയതോതില്‍ സ്മൃതികളെയും ചെറിയതോതില്‍ മാത്രം ശ്രുതികളെയുമാണ് ആശ്രയിച്ചുകാണുന്നത്. കൂടുതല്‍ കൂടുതല്‍ ദ്വൈതത്തെ അവലംബിച്ചുപോകുന്ന വിഭാഗങ്ങള്‍ അതേ അനുപാതത്തില്‍ ത്തന്നെ സ്മൃതികളെ ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്; ഇത് ഒരു വേദാന്തിയില്‍നിന്ന് പ്രതീക്ഷിക്കാവുന്നതില്‍ വളറെയേറെയാണുതാനും. ഇവര്‍ പുരാണാചാര്യന്മാര്ക്ക് നല്കിയ പ്രാധാന്യം ഏറിയതിനാലാകാം, ഒരുപക്ഷേ ക്രമേണ അദ്വൈതിയെ തനി വേദാന്തിയായി കരുതാനിടയായത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: