ന്യൂദല്‍ഹി: ഭീകരസംഘടനയായ ജമാ അത്ത് ഉദ്ദവയുടെ തലവന്‍ ഹാഫീസ് സയീദുമായി ഇസ്ലാമബാദില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കാശ്മീര്‍ വിഘടനവാദി നേതാവ് യാസീന്‍ മാലിക്കിനെതിരെ കടുത്ത നടപടി വേണമെന്ന് ആര്‍എസ്എസും ബിജെപിയും ആവശ്യപ്പെട്ടു.
പാര്‍ലമെന്റാക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് പാക് ഭീകരസംഘടനകള്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിലാണ് യാസീന്‍ മാലിക് പങ്കെടുത്തത്.
ജെകെഎല്‍എഫ് ചെയര്മാന് കൂടിയായ യാസീന്‍ മാലിക്കിന്റെ ഇന്ത്യാവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് അയാളുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് ആര്‍എസ്എസ് ദേശീയ സമിതിയംഗം രാംമാധവ് ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യആസൂത്രകനുമായി വേദി പങ്കിട്ടതിലൂടെ പാക്കിസ്ഥാന് മാലിക്കിനെതിരെ നടപടിയെടുക്കില്ലെന്ന് വ്യക്തമാണ്. ഹുറിയത്ത് കോണ്‍ഫറന്‍സും യാസീന്‍ മാലിക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇത് രാഷ്ട്രത്തെ ഭിന്നിപ്പിക്കാനും ഭീകരതവളര്ത്താനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഹഫീസ് സയീദുമായി കൂടിക്കണ്ട് ചര്‍ച്ച നടത്തിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അത് ഭീകരവാദികള്‍ക്ക് ശക്തമായ താക്കീതായിരിക്കണം. പാസ്പോര്‍ട്ട് കണ്ടുകെട്ടല്‍ മാത്രമാക്കരുത്, രാംമാധവ് ആവശ്യപ്പെട്ടു. മാലിക്കിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി ഷിന്‍ഡെയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഫ്സലിനെ തൂക്കിലേറ്റിയതിനെതിരെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നടത്തിയ പ്രസ്താവന അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. അദ്ദേഹം വിഭജനവാദികള്‍ക്ക് അനുകൂലമായി രംഗത്തുവന്നിരിക്കുകയാണ്.
ഭരണഘടനാ സ്ഥാനത്ത് വര്‍ത്തിക്കുന്ന പ്രമുഖ വ്യക്തി ഇത്തരം പ്രസ്താവന നടത്തുന്നത് തീര്‍ച്ചയായും ഞെട്ടിക്കുന്നതും നിര്‍ഭാഗ്യകരവുമാണ്. ഒരു മുഖ്യമന്ത്രി ഒരിക്കലും ഇത്തരമൊരു പ്രസ്താവന നടത്തരുത്, രാംമാധവ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് നിസ്സംഗത പുലര്‍ത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു. മാലിക് സയീദിനെ ഏഴുപ്രാവശ്യം കണ്ടു എന്നത് നിഷേധിക്കാനാകില്ല. കേന്ദ്രസര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണം. ഇന്ത്യയിലെ ഒരു നേതാവ് പാക്കിസ്ഥാനില്‍ പോയി മറ്റൊരു ഭീകരനുമായി വേദി പങ്കിട്ടത് വസ്തുതാപരമാണ്. വിഷയം വളരെ സങ്കീര്‍ണവും കടുത്തതുമാണ്. സര്‍ക്കാര്‍ തീര്‍ച്ചയായും നടപടി സ്വീകരിക്കണം, നായിഡു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: