ഗുവഹാത്തി: ആസാമില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ്ങിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുള്ള പോലീസ് വെടിവെയ്പ്പില്‍ പതിനൊന്ന് പേര് കൊല്ലപ്പെട്ടു. അക്രമം തുടരുന്ന സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷ പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
റാവ വിഭാഗത്തിന്റെ അവകാശ സംരക്ഷകരെന്ന് അവകാശപ്പെടുന്ന റബാ ഹസോങ്ങ് ആട്ടോണിമസ് ഡിസ്ട്രിക് കൗണ്‍സിലിന്റെ സ്വാധീനപ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സര്‍ക്കാര്‍ നീക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. റാവ വിഭാഗക്കാര്‍ ഏറെയുള്ള ഗോല്പ്പാരയില് തെരഞ്ഞെടുപ്പ് വിരുദ്ധ പ്രക്ഷോഭകാരികള്‍ വന്‍ അക്രമം അഴിച്ചുവിട്ടു. മരിച്ചവരിലേറെയും ഗോല്‍പ്പാര ജില്ലക്കാരാണ്.
കൃഷ്ണൈ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ ഒരു പോലീസുകാരനെ ആക്രമിച്ച്പരുക്കേല്പ്പിച്ചു. പോളിങ് ബൂത്തുകള്ക്കുനേര പെട്രോള്‍ ബോംബുകള്‍ എറിയാനും അവര്‍ ശ്രമിച്ചു. ഗോല്പ്പാരയുടെ സമീപ ജില്ലയായ കാംരൂപിലെ കതല്മാരി സ്കൂളിലെ വോട്ടിങ് കേന്ദ്രത്തിനുനേരെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി. വോട്ടര്‍മാരെയും പോളിങ് ഉദ്യോഗസ്ഥരെയും മര്‍ദ്ദിച്ച ഇവര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ സ്ത്രീയടക്കം മൂന്നുപേര്‍ മരിച്ചു.
ബോക്കൊ ദെക്കാപാരയിലെ പോളിങ് സ്റ്റേഷനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ടശേഷം വോട്ടര്‍മാരെ തുരത്തിയോടിച്ചു.
ലാല്മതിയില് പ്രതിഷേധക്കാര്‍ ബാലറ്റ് പേപ്പര്‍ നശിപ്പിച്ചു സ്കൂളിന് തീയിട്ടു. ഖുലാഖതി, സംബര്‍ മേഖലകളിലും വ്യാപക അക്രമങ്ങള്‍ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: