ഇടുതു വലതുമുന്നണി നേതാക്കന്മാരുടെ ഇടപെടലും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാകാന്‍വേണ്ടി ലീഗ് നേതാവ് നടത്തിയ ശ്രമങ്ങളുംകൊണ്ട് ഇതിനകം വേണ്ടതിലേറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞ ഒന്നാണ് ഐസ്ക്രീം പാര്‍ലര്‍ കേസ്. കോഴിക്കോട് നഗരത്തില്‍ ഐസ്ക്രീം പാര്‍ലര്‍ നടത്തിയിരുന്ന ശ്രീദേവി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ യുവതികളെ പലര്‍ക്കും കാഴ്ചവെച്ചതാണ് കുപ്രസിദ്ധമായ ഐസ്ക്രീം പാര്‍ലര്‍ കേസ്. മുസ്ലിംലീഗ് നേതാവും ഇപ്പോഴത്തെ വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു ഐസ്ക്രീംപാര്‍ലര്‍ കേസിലെ പ്രധാന കുറ്റാരോപിതന്. കുഞ്ഞാലിക്കുട്ടിയുടെ രതിജീവിതത്തിന്റെ നിറംപിടിപ്പിച്ച കഥകളും മറ്റും അക്കാലത്ത് ഒട്ടേറെ കേട്ടിരുന്നു. ശ്രീദേവിയുടെ പെണ്‍വാണിഭ സംഘത്തിലെ പ്രധാന ‘കസ്റ്റമര്‍’ ആയിരുന്നു ലീഗ് നേതാവെന്നാണ് ഇരകളായ പെണ്‍കുട്ടികള്‍ നല്കിയ മൊഴികളില്‍ നിന്ന് വ്യക്തമാകുന്നത്. കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ സിപിഎം നേതാവ് ഉള്‍പ്പെടെ ഒട്ടേറെ മറ്റു പ്രതികളും ഈ കേസിലുണ്ടായിരുന്നു. ആരോപണ വിധേയനായ വി ഐ പി ക്ക് ഒരേ സമയം ഒന്നിലേറെ പെണ്‍കുട്ടികളുമായി രതിബന്ധത്തിലേര്പ്പെടാനാണ് താല്പര്യമെന്നും രണ്ടും മൂന്നും പേരടങ്ങുന്ന യുവതികളുടെ സംഘത്തെ ഇതിനായി നല്‍കാറുണ്ടെന്നും അന്വേഷണത്തില്‍ ശ്രീദേവി തന്നെ മൊഴിനല്‍കിയിരുന്നു. കേസില്‍ സാക്ഷികളായി മൊഴിനല്‍കിയ റോസിലിന്, ബിന്ദു എന്നിവരുടെ വാക്കുകളും ഇത് തെളിയിക്കുന്നു. ഷൊര്‍ണ്ണൂരിലെ ഇരുനില വീട്ടില്‍വച്ച് കുഞ്ഞാലിക്കുട്ടി ഇരുവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പ്രതിഫലമായി 5000 രൂപ വീതം നല്‍കിയെന്നുമാണ് റോസിലിനും ബിന്ദുവും മൊഴിനല്‍കിയിട്ടുള്ളത്.
ബലമായോ പണം നല്‍കിയോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് കുറ്റകരമാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാന്‍ ഇവരുടെ മൊഴിതന്നെ ധാരാളം. കുഞ്ഞാലിക്കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പീഡിപ്പിച്ചിരുന്നുവെന്നാരോപിച്ച് രംഗത്തുവന്ന റജീന എന്ന പെണ്‍കുട്ടിയാണ് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ലീഗ് നേതാവിനെതിരെ മൊഴിനല്‍കിയ മറ്റൊരുയുവതി. ശ്രീദേവി തന്നെ പലര്‍ക്കും കാഴ്ചവെച്ചിട്ടുണ്ടെന്നും അക്കൂട്ടത്തില്‍ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെട്ടിരുന്നുവെന്നുമാണ് റജീന വെളിപ്പെടുത്തിയത്. മറ്റൊരു ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ചാനലിലായിരുന്നു റജീന ആദ്യമായി ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്നതും കൗതുകമാണ്. പിന്നീട് ലക്ഷങ്ങള്‍ കൈപ്പറ്റി റജീന ഈ മൊഴി തിരുത്തുകയും ചെയ്തു. ഇതിനെക്കാളേറെ ദുരൂഹമായ സംഗതി ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ ഇരകളാക്കപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞതാണ്. റെയില്‍വേ ട്രാക്കില്‍ ഇവരുടെ ജഡം കണ്ടെത്തുകയായിരുന്നു. സംഭവം കൊലപാതകമാണെന്നും പിന്നില്‍ ഉന്നതരാണെന്നും അന്നുതന്നെ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് കേസ് അന്വേഷിച്ച പോലീസ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വീണ്ടും അന്വേഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ആഭ്യന്തര വകുപ്പ് നിസ്സഹകരിക്കുകയായിരുന്നു. തുടര്‍ന്ന് വിഎസ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ചു. സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനെ ഒഴിവാക്കാനുള്ള തീരുമാനമുണ്ടായതുപോലെ തന്നെ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാനുള്ള തീരുമാനം ഉണ്ടായതും നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ്. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സിപിഎം ജില്ലാ, പ്രാദേശിക നേതൃത്വങ്ങള്‍ ആയുധമാക്കുമ്പോള്‍ സംസ്ഥാന നേതൃത്വത്തില്‍ ഒരുവിഭാഗം ലീഗ് നേതാവിനെ രക്ഷപ്പെടുത്താന്‍ കരുക്കള്‍ നീക്കുകയായിരുന്നു. സൂര്യനെല്ലി കേസിലെ പോലെ തന്നെ ഈ കേസിലും നായനാരുടെ സെക്രട്ടറിയായിരുന്ന പി.ശശിയും അഡ്വ. ജനറല്‍ എം.കെ.ദാമോദരനും ചരടുകള്‍ വലിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
രണ്ട് ഘട്ടങ്ങളിലായി ഇതിന് പ്രതിഫലമെന്നോണം മൂന്ന് കോടി രൂപ പാര്‍ട്ടികേന്ദ്രങ്ങള്‍ ലീഗ് നേതാവില്‍ നിന്ന് കൈപ്പറ്റിയതായാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം തന്നെ ആരോപിക്കുന്നത്. ചാക്കില്‍ക്കെട്ടിയാണ് ഇത്രയും തുക കൈമാറിയതെന്നും പിന്നീടും പണം നല്‍കിയിട്ടുണ്ടെന്നും ഈ പണം പാര്‍ട്ടി നേതൃത്വത്തിലെ ചിലരുടെ കൈകളിലാണ് എത്തിയത് എന്നതും പാര്‍ട്ടിക്കുള്ളില്‍ അങ്ങാടിപ്പാട്ടാണ്.
വ്യക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിട്ടും കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്ന് അഡ്വ. ജനറല്‍ എം. കെ.ദാമോദരന്‍ നിയമോപദേശം നല്‍കുകയായിരുന്നു. അത് പ്രതീക്ഷിച്ചിരുന്നതുപോലെ ആഭ്യന്തര വകുപ്പ് നേതൃത്വം കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതേ എം.കെ. ദാമോദരനാണ് ലാവ്ലിന് കേസില്‍ പിണറായി വിജയനുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്. അബദ്ധങ്ങള്‍ പറയുന്നതില്‍ മിടുക്കനായ നായനാര്‍ തന്നെ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ഓന് (കുഞ്ഞാലിക്കുട്ടി) വന്ന് കാലുപിടിച്ചു അതുകൊണ്ടാ ഒഴിവാക്കിയത് എന്ന് നായനാര്‍ തന്നെ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ഐസ്ക്രീം കേസില്‍ പ്രതിയായിരുന്ന സിപിഎം നേതാവിനെതിരെ പാര്‍ട്ടി താല്‍ക്കാലികമായി അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും പിന്നീട് ഇയാളെ വി.എസ്. സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ തലപ്പത്ത് നിയമിക്കുകയും ചെയ്തു.
അഴിമതിക്കും സ്ത്രീപീഡനത്തിനും പാര്ട്ടിഭേദങ്ങളില്ലെന്നും കൊടിയുടെ നിറം നോക്കാതെ ഇത്തരം കേസുകളില്‍ പരസ്പരം സഹായിക്കാന്‍ നേതൃത്വങ്ങള്‍ ഒരുക്കമാണെന്നും ഉള്ളതിന്റെ തെളിവുകളാണിത്. കോണ്‍ഗ്രസ് – ലീഗ് നേതാക്കളെ സിപിഎം ഏകപക്ഷീയമായി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് കരുതിയെങ്കില്‍ തെറ്റി. ഇതിന് പ്രത്യുപകാരമെന്ന നിലക്ക് ഉന്നത സിപിഎം നേതാക്കളെ സ്ത്രീപീഡന കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ യുഡിഎഫ് നേതൃത്വവും തിരിച്ച് സഹായിച്ചിട്ടുണ്ട്. കിളിരൂരും കവിയൂരും പറയുന്ന കഥകള്‍ അതിന് തെളിവാണ്.
** ടി.എസ്.നീലാംബരന്‍
(നാളെ: ക്രൂരതയുടെ കിളിരൂരും കവിയൂരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: