കല്‍പ്പറ്റ: കേരള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ഏറ്റെടുത്ത പ്രവര്‍ത്തി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പാതിവഴിയില്‍. അമ്പലവയല്‍ എടയ്ക്കല്‍ ഗുഹയിലേക്കുള്ള റോഡ് നിര്‍മ്മാണമാണ് മൂന്നു വര്‍ഷമായിട്ടും കരാറുകാര്‍ പൂര്‍ത്തിയാക്കാത്തത്. കൊളഗപ്പാറ- എടയ്ക്കല്‍ ഗുഹാ റോഡ് നവീകരണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം ഡെവലപ്മെന്റ് സ്കീമില്‍ പെടുത്തി 2010 ല്‍ 590 ലക്ഷം രൂപയാണ് അനുവദിച്ചത്. പ്രവൃത്തി ഏറ്റെടുത്ത പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ഈ പ്രവര്‍ത്തികള്‍ പല കരാറുകാര്‍ക്കായി ഏല്‍പ്പിക്കുകയായിരുന്നു. ഓരോ കാരണങ്ങള്‍ പറഞ്ഞ് കരാറുകാര്‍ ഉഴപ്പുന്നതിന് പൊതുമരാമത്ത് വകുപ്പും കേരള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനും കൂട്ടു നില്‍ക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അമ്പലവയല്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സമരത്തിന് തയ്യാറെടുക്കുന്നു. കരാറുകാരനാകട്ടെ മറ്റൊരു കരാറുകാരനെയും പ്രവര്‍ത്തി ഏല്‍പ്പിച്ചു. ഈ മാര്‍ച്ചോടെ പ്രവര്‍ത്തി കരാറു കൊടുത്തിട്ട് മൂന്നു വര്‍ഷമാകും.
റോഡ്പണി നടത്താനാണെന്നു വരുത്തി ചീങ്ങേരി ഭാഗത്തു നിന്ന് സബ്ബെടുത്ത കരാറുകാരന് 500 ലോഡോളം കല്ല് പൊട്ടിച്ചു കടത്തി. ഈ കല്ല് പൊട്ടിക്കലിന് പി.ഡബ്ലൂ.ഡി ഒത്താശചെയ്യുകയായിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഭാഗികമായി പ്രവര്‍ത്തി നടത്തിയതെന്ന് വരുത്തികൊണ്ടാണ് ഇത് ചെയ്തത്. 2011 ലാണ് കരാറുകാരന് കല്ല് പൊട്ടിച്ചു കടത്തിയത്. അന്ന് അമ്പലവയല്‍ പഞ്ചായത്ത് അംഗങ്ങള്‍ ഇതില്‍ പ്രതിഷേധിച്ചുവെങ്കിലും പാറ പൊട്ടിച്ചു കടത്താന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് ഒത്താശ ചെയ്തതെന്ന് അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.യു ജോര്‍ജ് പറഞ്ഞു.
നിലവില്‍ പല കാരണങ്ങളാണ് കരാറുകാരും കേരള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനും പറയുന്നത്. എസ്റ്റിമേറ്റ് തുക കുറവാണെന്നാണ് കരാറുകാരുടെ നിലപാട്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനോടു ചോദിക്കുമ്പോള്‍ ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പല്ലവിയെന്ന് അമ്പലവയല്‍ പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു. ഇവര്‍ ഏറ്റെടുത്ത ആറ് കോടിയുടെ കടുവാക്കുടി പ്രോജക്റ്റും പാതിവഴിയിലാണ്. ഇവര്‍ സബ് കൊടുത്ത പല പ്രധാന പ്രവര്‍ത്തികളും ഏറ്റെടുത്തിട്ടുള്ള ഒരു കരാറുകാരനാണ് എടയ്ക്കല്‍ റോഡും ഏറ്റെടുത്തത്. പ്രവര്‍ത്തി ഏറ്റെടുത്ത് നടത്താമെന്നേറ്റ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പല ജില്ലാ തല യോഗങ്ങളിലും ആവശ്യപ്പെട്ടിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.യു ജോര്‍ജ് പറഞ്ഞു.
ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തിചേരുന്ന എടയ്ക്കലിലേക്കുള്ള റോഡ് നിലവില്‍ തകര്‍ന്നു കിടക്കുകയാണ്. റോഡ് വികസനത്തിനു കേന്ദ്ര ഫണ്ട് അനുവദിച്ചിട്ടുള്ളതിനാല്‍ മറ്റ് ഏജന്‍സികളും വകുപ്പുകളും ഈ റോഡ് നന്നാക്കാന്‍ തയാറാവുന്നില്ല. ഈ സാഹചര്യത്തില്‍ അമ്പലവയല്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ പൊതുമരാമത്ത് വകുപ്പു ഓഫീസിന് മുന്നില്‍ സമരത്തിന് തയ്യാറെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: