കേരളത്തില്‍ സ്ത്രീപദവി ഉയര്‍ന്നതാണ് എന്ന് അമര്‍ത്യസെന്നിനെ പോലുള്ളവര്‍ പ്രഖ്യാപിക്കുമ്പോഴും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും സമൂഹത്തിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുടെ സമീപനവും എല്ലാം അടിവരയിടുന്നത് ഇവര്‍ക്കെല്ലാം സ്ത്രീകളോട് പരമപുച്ഛമാണെന്നാണ്.
സംസ്ഥാന സര്‍ക്കാരിലെ ചീഫ് വിപ്പ് ഈയിടെ പറഞ്ഞത് ഇവിടത്തെ അനാഥാലയങ്ങളിലെ കുട്ടികള്‍ തന്തയില്ലാത്തവരാണ് എന്നാണ്. പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹം മാപ്പുപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പ് തന്നെയാണ് മാധ്യമങ്ങളില്‍ക്കൂടി പ്രകടമായത്. തിങ്കളാഴ്ച കേന്ദ്രമന്ത്രി വയലാര്‍ ‘മാതൃഭൂമി’ ചാനല്‍ റിപ്പോര്‍ട്ടറെ പരിഹസിച്ചത് ചാനലില്‍ ദൃശ്യമായിരുന്നു. സൂര്യനെല്ലി കേസിലെ പി.ജെ.കുര്യന്റെ റോളിനെപ്പറ്റി പ്രതികരണമാരാഞ്ഞ റിപ്പോര്‍ട്ടറോട് അദ്ദേഹത്തിന്റെ പുച്ഛം നിറഞ്ഞ ചോദ്യം “നിങ്ങള്‍ക്കെന്താണ് പി.ജെ.കുര്യനോട് ഇത്ര വിരോധം. നിങ്ങള്‍ക്കും ഇതുപോലെ വല്ല ദുരനുഭവവും ഉണ്ടായിട്ടുണ്ടോ” എന്നായിരുന്നല്ലോ.
മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍-കൊലപാതകം, മോഷണം, ആത്മഹത്യ മുതലായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നത് സമാന അനുഭവം ഉള്ളതു കൊണ്ടല്ല. വാര്‍ത്തയോടും വായന/പ്രേക്ഷക സമൂഹത്തോടുമുള്ള പ്രതിബദ്ധതകൊണ്ടാണ്. ഈ ചോദ്യംചോദിച്ചത് വനിതയാണെന്ന കാരണമാണ് വയലാര്‍ രവി സമാന അനുഭവമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചത്. സ്ത്രീ സമൂഹത്തോടുള്ള പുച്ഛം മാത്രമല്ല ഈ വാക്കുകളില്‍ ധ്വനിയ്ക്കുന്നത്, പി.ജെ.കുര്യന് അങ്ങനെ ചെയ്യാന്‍ സാധ്യതയുണ്ട് എന്ന ധ്വനിയും ഇതിലില്ലെ? ചാനല്‍ ലേഖികയെ അപമാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവം പോലും പുച്ഛവും പരിഹാസവും നിറഞ്ഞതായിരുന്നു.
സൂര്യനെല്ലി സംഭവത്തില്‍ വിധി പറഞ്ഞ ജസ്റ്റിസ് ബസന്ത് ചാനല്‍ ലേഖികയോട് പറഞ്ഞത് സ്വകാര്യ സംഭാഷണമാണ് എന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഏതെങ്കിലും ചാനല്‍ ലേഖിക പ്രമാദമായ, വിവാദമായ ഒരു കേസിലെ വിധി പറഞ്ഞ ജഡ്ജിയോട് ചാനല്‍ ലേഖികയാണെന്ന് വെളിപ്പെടുത്തി. കൂടെയുള്ളത് ക്യാമറാമാന് ആണെന്ന് പറഞ്ഞ് സ്വകാര്യ സംഭാഷണത്തിന് പോകുമോ? സ്വന്തം പ്രതിഛായയില്‍ അഭിരമിച്ചിരുന്ന ജസ്റ്റിസ് ബസന്ത് പറയരുതാത്തത് പറഞ്ഞിട്ട് ഇപ്പോള്‍ അത് ഒളിക്യാമറ പ്രയോഗമാണെന്ന് അവകാശപ്പെടുന്നതില്‍ യാതൊരര്‍ത്ഥവും ഇല്ല.
സൂര്യനെല്ലി പെണ്‍കുട്ടി വഴിപിഴച്ചവളായിരുന്നു എന്നും വീട്ടില്‍നിന്നും മോഷണം നടത്താറുണ്ടായിരുന്നു എന്നും അവള് ബാലവേശ്യാവൃത്തി നടത്തിയിരുന്നവളാണെന്നും ജസ്റ്റിസ് ബസന്ത് ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത് കേരളത്തെ ഞെട്ടിച്ചു. എട്ടാം ക്ലാസുകാരിയായ, 16 വയസ്സുകാരിയായ, കുട്ടിയ്ക്ക് ബാലവേശ്യയാകേണ്ട ആവശ്യമില്ല എന്നത് നില്ക്കട്ടെ. ഒരു ന്യായാധിപന് എന്ന നിലയില്‍ കേരളത്തില്‍ ബാലവേശ്യാവൃത്തി നിലവിലില്ലെന്നും ബാലവേശ്യാവൃത്തി കേന്ദ്ര നിയമം നിരോധിച്ചിട്ടുണ്ടെന്നും അറിയാത്തയാളാണോ? എന്നിട്ടും സൂര്യനെല്ലി പെണ്‍കുട്ടിയെ ബാലവേശ്യ എന്നു വിശേഷിപ്പിച്ചത് മനുഷ്യത്വരഹിതവും ക്രൂരവും തന്നെ ആയി. ഇതില്‍ പ്രതിഫലിച്ചത് അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധ-പുരുഷ മേധാവിത്വ നിലപാട് തന്നെയാണ്. ബാലവേശ്യയെ ലൈംഗികമായി പ്രാപിക്കുന്നത് ബലാത്സംഗമല്ല എന്നദ്ദേഹം ന്യായീകരിക്കുകയും ചെയ്യുന്നു. ഒരു ന്യായാധിപനോ മനുഷ്യനോ ചേരാത്ത നിലപാടാണദ്ദേഹം എടുത്തത്.
കേരളത്തില്‍ നടക്കുന്നത് ബാലവേശ്യാവൃത്തിയല്ല പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നടത്തുന്ന പെണ്‍വാണിഭമാണ്. സൂര്യനെല്ലി, വിതുര, തോപ്പുംപടി മുതലായ പെണ്‍വാണിഭ കേസുകളിലെല്ലാം ഉപയോഗപ്പെടുത്തിയത് തട്ടിക്കൊണ്ടുപോയ, പ്രായപൂര്‍ത്തിയാകാത്ത പെണ്കുട്ടികളെയായിരുന്നല്ലോ!
കേരളത്തിലെ പെണ്‍കുട്ടികളുടെ മനോഘടന വിചിത്രമാണ്. ഏതെങ്കിലും ഒരാള്‍ വിവാഹ വാഗ്ദാനം നടത്തിയാല്‍ അയാള്‍ക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കാന്‍ വെറും വാഗ്ദാനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നു എന്നത് ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമായ വിവരമാണ്. ഒരാള്‍ പ്രേമം നടിച്ച്, വിവാഹ വാഗ്ദാനം നല്കിയാല് മൊബെയിലില്‍ പ്രണയം അഭിനയിച്ച് വിവാഹം കഴിച്ചോളാം എന്നുപറഞ്ഞാല്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ കൂടി ഈ വാഗ്ദാനം നല്കിയാല് അവള് ലൈംഗിക വിധേയമാകുന്നു എന്ന് ധാരാളം റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. കല്യാണം കഴിച്ച ശേഷവും ഭാര്യയെ വില്‍ക്കുന്ന ഭര്ത്താക്കന്മാരുള്ള ഈ നാട്ടില്‍ വെറും ഒരു വാഗ്ദാനത്തിന്റെ ഉറപ്പില്‍ ശരീരം അടിയറവയ്ക്കുന്ന പെണ്‍കുട്ടികളോട് സമൂഹത്തിന് പുച്ഛം മാത്രമേ തോന്നൂ. ഒരു താലിച്ചരടിന്റെ ഉറപ്പിന് പോലും കാക്കാതെ, വെറും ഒരു വാക്കില്‍ മയങ്ങി എത്രയോ പെണ്‍കുട്ടികളാണ് ഇവിടെ ലൈംഗിക കമ്പോളത്തിലെത്തുന്നത്! ബലാത്സംഗത്തിനിരയാകുന്നത്.
ചൊവ്വാഴ്ചത്തെ പത്രത്തിലും ഒരു ആട്ടോറിക്ഷക്കാരന് പ്രണയം അഭിനയിച്ച് പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടുപോയി സുഹൃത്തുക്കളുമൊത്ത് കൂട്ട ബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത കണ്ടു. ഇങ്ങനെ തട്ടിപ്പിന് വിധേയരാകുന്നവരോട് പുച്ഛമല്ലാതെ സമൂഹത്തിന് എന്തു തോന്നാന്‍.
മറ്റൊരു വസ്തുത ഇന്ന് പെണ്‍കുട്ടികളെ അച്ഛനും അമ്മയും സഹോദരനും ഉള്‍പ്പെടെ കാണുന്നത് ഭോഗവസ്തു ആയിട്ടാണ്. ലൈംഗിക കമ്പോളത്തില്‍ ലാഭം കൊയ്യാവുന്ന വില്പ്പനചരക്കായിട്ടാണ്. പറവൂര്‍ പെണ്‍വാണിഭവും വരാപ്പുഴ പെണ്‍വാണിഭവും മരട് പെണ്‍വാണിഭവും എല്ലാം തെളിയിച്ചത് ഈ സത്യമാണ്. ഇടുക്കിയിലെ ഒരു പെണ്‍കുട്ടിയും പറഞ്ഞത് തന്റെ അമ്മ തന്നെ പലര്‍ക്കും വിറ്റത് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു എന്നാണ്. പണ്ടൊരിക്കല്‍ ഞാന്‍ ബംഗളൂരു നിംഹാന്‍സിലെ പ്രശസ്ത മനഃശാസ്ത്രജ്ഞന് ശേഖര്‍ ശേഷാദ്രിയുമായി ഈ വസ്തുത ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത് കുട്ടികളെ തെറ്റായ സ്പര്‍ശം, തെറ്റായ വാക്ക്, തെറ്റായ നോട്ടം മുതലായവ തിരിച്ചറിയാന്‍ കുടുംബത്തില്‍ പരിശീലനം നല്‍കണമെന്നാണ്. പക്ഷേ ഇന്ന് കുടുംബങ്ങളില്‍തന്നെ പീഡനം നടക്കുന്ന വിവരം പോലീസില്‍ അറിയിക്കുന്നത് സ്കൂളിലെ കൗണ്‍സിലര്‍മാരാണ്.
അമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് അവബോധം നല്‍കണമെന്ന് ഒരു പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞപ്പോള്‍ സദസിലിരുന്ന സ്ത്രീകള്‍ പറഞ്ഞത് പറഞ്ഞുകൊടുക്കാന്‍ അവര്‍ക്ക് വാക്കുകളില്ല എന്നായിരുന്നു. അപ്പോഴാണ് മാധ്യമങ്ങള്‍ ലൈംഗികാവബോധം പാഠപുസ്തകങ്ങളില്‍ക്കൂടി നല്‍കണമെന്നും ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നും എഴുതിയത്. അത് കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് സ്വന്തം മക്കള്‍ നിഷ്ക്കളങ്കരായിരിക്കണമെന്നാണ്. പക്ഷേ സമൂഹവും സമൂഹ വ്യവസ്ഥിതിയും മാറുമ്പോള്‍ പെണ്‍ശരീരത്തെ-കുട്ടിയായാലും വൃദ്ധയായാലും ഭോഗവസ്തുവായി കാണുന്നവര്‍ക്ക് നിഷ്ക്കളങ്കതയും ചൂഷണഉപാധിയാകുന്നു. അതുകൊണ്ട് ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകേണ്ടതാണ്. ലൈംഗിക അജ്ഞത നിഷ്കളങ്കതയല്ല, ലൈംഗിക വിദ്യാഭ്യാസം തെറ്റായ സന്ദേശവുമല്ല. പ്രത്യേകിച്ച് ആഗോള സംസ്ക്കാരം വികസിക്കുമ്പോള്‍, ലൈംഗിക ഉത്തേജനം സോഷ്യല്‍ മീഡിയയും നീലച്ചിത്രങ്ങളും യഥേഷ്ടം നല്കുമ്പോള്.
വിവാഹമല്ല ജീവിതത്തിന്റെ അന്തിമലക്ഷ്യമല്ലെന്ന സന്ദേശംകൂടി പെണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. സ്ത്രീധന ഭീകരത ഒഴിവാക്കാനായിരിക്കും പെണ്‍കുട്ടികള്‍ പ്രണയവിവാഹം കാംക്ഷിക്കുന്നത്. പക്ഷേ പ്രേമവിവാഹമാണെങ്കിലും സ്ത്രീധനം ഒഴിവാക്കാന്‍ വരന്റെ കുടുംബം തയ്യാറാകുകയില്ല. അതുകൊണ്ടുതന്നെ പെണ്‍കുട്ടികള്‍ ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും നേടി മാനസിക പക്വതയോടെ തന്റെ ജീവിതപങ്കാളിയെ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ വിവാഹവാഗ്ദാനം ചെയ്യുന്ന ഏത് ഇരുകാലി മൃഗത്തേയും വിശ്വസിച്ച് കിടക്ക പങ്കിടുകയല്ല.
പ്രേമവിവാഹത്തിന്റെ കളങ്കം ഇന്ന് നിലവിലില്ല. പ്രേമിക്കുന്നത് തലതെറിച്ചവളാണെന്ന ധാരണയും നിലവിലില്ല. പക്ഷേ പ്രേമിക്കുന്നതും പ്രേമം അഭിനയിക്കുന്നതും തിരിച്ചറിയാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കണം. ഇപ്പോള്‍ വിവാഹവാഗ്ദാനം നല്കി പീഡനം നടത്തി, അത് മൊബെയില്‍ ചിത്രമാക്കി പെണ്‍കുട്ടികളെ ഇരകളാക്കുന്ന സംഭവങ്ങള്‍ കൂടുന്നുണ്ട്.
ഇത് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കാലമല്ല. ഇന്റര്‍നെറ്റോ മൊബെയിലോ ഇല്ലാതിരുന്നപ്പോഴാണ് അവളുടെ നഗ്നചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജു തട്ടിക്കൊണ്ടുപോയത്. അമ്പലപ്പുഴയിലെ മൂന്ന് പെണ്‍കുട്ടികള്‍ കമിതാക്കളെ വിശ്വസിച്ചതിനാലാണ് മൊബെയില്‍ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടിവന്നത്.
പെണ്മക്കളുടെ ഭാവിയെപ്പറ്റി ആകാംക്ഷയുള്ള അമ്മമാരും സ്കൂളിലെ അധ്യാപകരും പെണ്‍കുട്ടികള്‍ക്ക് ലൈംഗിക അവബോധം നല്കി, അവര്‍ക്ക് മുന്നിലുള്ള ലൈംഗിക ചതിക്കുഴികള്‍ മനസ്സിലാക്കാന്‍ പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സാമൂഹികമൂല്യങ്ങള്‍ മാറിയപ്പോള്‍ മൂല്യച്യുതി സര്‍വ്വ സാധാരണമാകുമ്പോള്‍ അവബോധം മാത്രമാണ് രക്ഷാമാര്‍ഗം.
** ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: