ന്യൂദല്‍ഹി: തുടര്‍ച്ചയായ നാലാം മാസവും റീട്ടെയില്‍ പണപ്പെരുപ്പം ഉയരത്തില്‍ തന്നെ. ജനുവരിയില്‍ റീട്ടെയില്‍ പണപ്പെരുപ്പം ഇരട്ടയക്കം കടന്ന്10.79 ശതമാനത്തിലെത്തി. പച്ചക്കറി, ഭക്ഷ്യ എണ്ണ, ധാന്യങ്ങള്‍, പ്രോട്ടീന്‍ ഉത്പന്നങ്ങള്‍ മുതലായവയുടെ വിലയിലുണ്ടായ വര്‍ധനവാണ് പണപ്പെരുപ്പം ഉയരാന്‍ കാരണം. ഡിസംബറില്‍ റീട്ടെയില്‍ പണപ്പെരുപ്പം 10.56 ശതമാനമായിരുന്നു. നവംബറിലിത് 9.90 ശതമാനവും ഒക്ടോബറില്‍ 9.75 ശതമാനവുമായിരുന്നു.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകള്‍ പ്രകാരം ജനുവരിയില്‍ പച്ചക്കറി വിലയില്‍ 26.11 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ എണ്ണ വിലയില്‍ 14.98 ശതമാനവും മത്സ്യം, മാംസം, മുട്ട മുതലായവയുടെ വിലയില്‍ 13.73 ശതമാനവും വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ധാന്യവിലയില്‍ 14.90 ശതമാനവും പയര്‍വര്‍ഗ്ഗങ്ങളുടെ വിലയില്‍ 12.76 ശതമാനവും കുറവാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ഉണ്ടായിരിക്കുന്നത്. പഞ്ചസാരയുടെ വിലയില്‍ 12.95 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജനുവരിയില്‍ വസ്ത്രങ്ങളുടേയും പാദരക്ഷകളുടേയും വില11 ശതമാനം ഉയര്‍ന്നു. നഗരങ്ങളില്‍ റീട്ടെയില്‍ പണപ്പെരുപ്പം 10.73 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഡിസംബറിലിത് 10.42 ശതമാനമായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ റീട്ടെയില്‍ പണപ്പെരുപ്പം 10.74 ശതമാനത്തില്‍ നിന്നും 10.88 ശതമാനമായി ഉയര്‍ന്നു.
ഡിസംബറില്‍ മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 7.24 ശതമാനമായിരുന്നു. ഇത് ആര്‍ബിഐയുടെ കംഫര്‍ട്ട് ലെവലിനേക്കാള്‍ ഉയരത്തിലായിരുന്നു. 5-6 ശതമാനമാണ് റിസര്‍വ് ബാങ്കിന്റെ കംഫര്‍ട്ട് ലെവല്‍. ജനുവരിയില്‍ നടന്ന വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ വായ്പാ നിരക്കുകളില്‍ കാല് ശതമാനം കുറവ് വരുത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന കാര്യം ചൂണ്ടിക്കാട്ടി നിരക്കുകളില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായിരുന്നില്ല. എന്നാല്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ നിരക്കുകളില്‍ കുറവ് വരുത്തണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് മുഖ്യ വായ്പാ നിരക്കുകളില്‍ കുറവ് വരുത്താന്‍ ആര്‍ബിഐ തയ്യാറായത്.
മാര്‍ച്ചില്‍ മൊത്ത വിലസൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 6.8 ശതമാനത്തിലെത്തുമെന്നാണ് ആര്‍ബിഐയുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: