കണ്ണൂര്‍: ഏതാനും ദിവസംമുമ്പ് കണ്ണൂര്‍ തോട്ടട എസ്എന്‍ കോളേജില്‍ വച്ച് എസ്എഫ്ഐ നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എസ്എഫ്ഐക്കാര്‍ തന്നെയായ അഞ്ചുപേരെ ഇന്നലെ ടൗണ്‍പോലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ എസ്എന്‍ കോളേജിലെ കഴിഞ്ഞവര്‍ഷത്തെ കോളേജ് യൂണിയനില്‍ എസ്എഫ്ഐയുടെ ജനറല്‍ ക്യാപ്റ്റനും ഇപ്പോള്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും ആയ ഇരിവേരി കുളത്തുംകാലില് സുബൈടയുടെ മകന് കെ.പി.ജെയിനെഷിനെയാണ് എസ്എഫ്ഐക്കാരായ ഒരു സംഘം കോളേജ് ക്യാമ്പസില്‍വെച്ച് ക്രൂരമായി മര്‍ദ്ദിച്ചിരുന്നത്. മര്‍ദ്ദനത്തില്‍ ഇരുകാലുകളും വലതുകൈയും തകര്‍ന്ന് തലയില്‍ 5 തുന്നിക്കെട്ടുമായി ജെയിനെഷ് ഇപ്പോഴും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതാനും നാളുകള്‍ക്ക് മുമ്പുവരെ എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജെയിനെഷിന് അവസാനവര്‍ഷത്തെ പഠനത്തിരക്കുകളും കുടുംബം പുലര്‍ത്താനുള്ള ബുദ്ധിമുട്ടുകള്‍ക്കുമിടയില്‍ ഈവര്‍ഷം എസ്എഫ്ഐയുടെ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല.
പ്രവര്‍ത്തനത്തില്‍ സജീവമാകാത്തതിന്റെ പേരില്‍ എസ്എഫ്ഐ നേതാക്കളുടെ നിരന്തര സമ്മര്‍ദ്ദവും ഭീഷണിയും നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം എസ്എഫ്ഐക്കാരായ പുറത്തുനിന്നുള്ള ചിലര്‍ കോളേജില്‍ വന്നപ്പോള്‍ ജെയിനെഷ് ചോദ്യം ചെയ്തതാണ് ക്രൂരമായ മര്‍ദ്ദനത്തിലേക്ക് വഴിവച്ചത്. അന്ന് വൈകിട്ട് ജെയിനെഷിന്റെ ഫോണിലേക്ക് എസ്എഫ്ഐ നേതാവിന്റെ ഭീഷണിയുമുണ്ടായിരുന്നു. തൊട്ടടുത്തദിവസം കോളേജിലെത്തിയ ജെയിനെഷിനെ 20ഓളം വരുന്ന എസ്എഫ്ഐ സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എസ്എഫ്ഐ അക്രമം ഭയന്ന് ഏതാനുംദിവസം ജെയിനെഷ് ഒളിവില്‍പോയ സംഭവവും ഉണ്ടായിരുന്നു. പഠനത്തോടൊപ്പം കുടുംബം പുലര്‍ത്താന്‍ കൂലിപണിയും ചെയ്തുവന്നിരുന്ന ജെയിനെഷ് ഫെബ്രുവരി 1ന് രാവിലെ തൊഴില്‍ കഴിഞ്ഞ് കോളേജിലെത്തുകയും ഉച്ചയ്ക്ക് വീണ്ടും പണിക്കു പോകേണ്ടതിനാല്‍ കോളേജില്‍നിന്ന് ബൈക്കില്‍ പുറത്തേക്ക് ഇറങ്ങവെയായിരുന്നു എസ്എഫ്ഐ സംഘം കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ജെയിനെഷിനെ ആക്രമിച്ചത്. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ കാറിടിച്ചുവീഴ്ത്തി കാലുകള്‍ പിടിച്ചുവെച്ച് ഇരുമ്പ് ദണ്ഡുകൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയില്ലായിരുന്നുവെങ്കില്‍ ജെയിനെഷിനെ സംഘം വധിക്കുമായിരുന്നു. ഒരു ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായി. ജെയിനെഷിന് അസുഖംഭേദമായാലും തൊഴില്‍ ചെയ്യാനോ പഠനംനടത്താനോ കഴിയുമെന്ന പ്രതീക്ഷയില്ല. അക്രമം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രസ്ഥാനത്തിനുവേണ്ടി കുടുംബത്തിലെ വിഷമതകള്‍ക്കും ദാരിദ്ര്യത്തിനുമിടയിലും ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ച ഒരു പ്രവര്ത്തകന് വ്യക്തിപരമായ ആവശ്യത്തിന്റെ പേരില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ സ്വന്തം സംഘടനയില്‍ നിന്നുതന്നെ ഉണ്ടായ ക്രൂരത എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കിടയിലും സിപിഎമ്മിനകത്തും ചര്‍ച്ചയാവുകയും അഭിപ്രായ ഭിന്നത ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്. എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരുമായ ചേതന്‍, അറഫാത്ത്, രതീഷ്, ചേതസ്, ഷിബിന്‍ എന്നിവരാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്റ്ചെയ്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: