അലഹബാദ്: അലഹബാദ് റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 36 ആയി. റെയില്‍വേ മന്ത്രി പവന് കുമാര്‍ ബന്‍സാല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം തകര്‍ന്നാണ് കുംഭമേള തീര്‍ത്ഥാടനത്തിനെത്തിയവര്‍ അപകടത്തില്‍പ്പെട്ടത്. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കേന്ദ്രമന്ത്രി പവന് കുമാര്‍ ബന്‍സാല്‍ ഒരു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. പരിക്കേറ്റ ഒട്ടേറെപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് അലഹബാദ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രഭാകര്‍ പറഞ്ഞു. മരിച്ചവരില്‍ 26 പേര് സ്ത്രീകളാണ്. ഒരു കുട്ടിയും ദുരന്തത്തില്‍ കൊല്ലപ്പെട്ടു. ത്രിവേണി സംഗമത്തിലെ പുണ്യസ്നാനത്തിന് ശേഷം തിരികെ പോകാനായി ആയിരക്കണക്കിനാളുകളാണ് അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നത്.
ട്രെയിനിന്റെ വരവറിയിച്ച് അനൗണ്‍സ്മെന്റ് ഉണ്ടായതിനെത്തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ മേല്‍പ്പാലത്തിലേക്ക് കൂട്ടത്തോടെ ഇടിച്ചുകയറിയതാണ് അപകടകാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തിരക്ക് ഒഴിവാക്കാന്‍ പോലീസ് തീര്‍ത്ഥാടകര്‍ക്ക് നേരെ ലാത്തി വീശിയതിനാല്‍ ആളുകള്‍ കൂട്ടത്തോടെ പാലത്തിലേക്ക് കടക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് പോലീസ് നിഷേധിച്ചു.
ദുരന്തത്തിന് ശേഷവും അധികാരികളുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായും പരാതിയുണ്ട്. ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം റെയില്‍വേ പ്ലാറ്റ്ഫോമില്‍ കിടത്തിയിരിക്കുകയായിരുന്നെന്നും സംഭവം നടന്ന് രണ്ടരമണിക്കൂര്‍ കഴിഞ്ഞിട്ടാണ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യം ലഭ്യമായതെന്നും ദൃക്സാക്ഷികള്‍ ചൂണ്ടിക്കാട്ടി.
ആളുകള്‍ ക്രമാതീതമായി ഇടിച്ചുകയറിയതാണ് പാലം തകരാന്‍ ഇടയാക്കിയതെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇത്രയും തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാനുള്ള ക്രമീകരണങ്ങള്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചു.
സംഭവത്തില്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് അനുശോചനം രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം ചെയ്തു കൊടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കി. അതേസമയം ദുരന്തത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് യുപി സര്‍ക്കാരിന്റെ പ്രതിനിധിയായി മേളയുടെ ചുമതല വഹിച്ചിരുന്ന അസം ഖാന് രാജിവച്ചു. സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അസം ഖാന് ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.
12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയിലെ ഏറ്റവും പ്രധാനദിവസമായ മൗനി അമാവാസിയില്‍ പുണ്യസ്നാനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് കോടിയിലധികം തീര്‍ത്ഥാടകരാണ് മേളക്കെത്തിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആരംഭം മുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് പറഞ്ഞു.
സംഭവത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ബിജെപി നേതാവ് ഉമാഭാരതി സന്ദര്‍ശിച്ചു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സുരക്ഷ നല്കുന്നതില് റെയില്‍വേ വീഴ്ച വരുത്തിയെന്നും ഉമാഭാരതി പറഞ്ഞു. ദുരന്തത്തെക്കുറിച്ച് യുപി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അവശ്യസഹായമെന്ന നിലയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പ്രഖ്യാപിച്ചു.
ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത സ്നാനം പ്രശ്നങ്ങളില്ലാതെ നടന്നെന്നും എന്നാല്‍ ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത് റെയില്‍വേ സ്റ്റേഷനിലാണെന്നും സമാജ്വാദി പാര്‍ട്ടി വക്താവും യുപി മന്ത്രിയുമായ രാജേന്ദ്ര ചൗധരി പറഞ്ഞു. സംഭവം അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ ബോര്‍ഡ് ചെയര്‍മാനെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: