കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസ പ്രദേശങ്ങളേയും പൊതുവഴികളുടെയും പൊതുസ്ഥാപനങ്ങളുടെയും സമീപത്തുള്ള പ്രദേശങ്ങളെയും പാരിസ്ഥിതിക സംവേദക മേഖല (എക്കോ സെന്‍സിറ്റീവ് സോണ്‍) ആയി പ്രഖ്യാപിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയുടെ എംപവേര്‍ഡ് കമ്മറ്റിക്ക് മുമ്പാകെ ആവശ്യപ്പെടും. സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡ് നിയോഗിച്ച പ്രത്യേക സമിതിയുടെ അദ്ധ്യക്ഷന്‍ ടി.എന്‍.പ്രതാപന് എം.എല്‍.എയാണ് ഇക്കാര്യം അറിയിച്ചത്. കല്‍പ്പറ്റ ടൗണ്‍ഹാളില്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും അഭിപ്രായ രൂപീകരണയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ ജനങ്ങളുടെ ജീവിതാവസ്ഥയെ ഏതെങ്കിലും തരത്തില്‍ ദോഷകരമായി ബാധിക്കുന്ന യാതൊരു നിര്‍ദ്ദേശവും കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. 38 ശതമാനത്തോളം വനപ്രദേശമുള്ള ജില്ലയാണ് വയനാട്. ഇത് ഇന്ത്യയിലെ തന്നെ ശരാശരിയേക്കാള്‍ 20 ശതമാനം കൂടുതലാണ്. ജില്ലയില്‍ പലയിടത്തും ജനവാസ പ്രദേശങ്ങളും വനമേഖലയും വേര്‍തിരിക്കാനാവാത്ത അവസ്ഥയാണ്. റോഡല്ലാതെ മറ്റ് ഗതാഗതമാര്ഗ്ഗമൊന്നുമില്ലാത്ത ജില്ലയില്‍ വനത്തിലൂടെയാണ് പ്രധാന റോഡുകളെല്ലാം കടന്നുപോകുന്നത്. വയനാടിന്റെ സവിശേഷമായ ഇത്തരം പ്രത്യേകതകളെല്ലാം വിശദമാക്കുന്ന രേഖകളും കണക്കുകളും സഹിതം വ്യക്തമായ കാര്യകാരണങ്ങള്‍ നിരത്തിയായിരിക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയെന്നും എം.എല്‍.എ. വ്യക്തമാക്കി.
പാരിസ്ഥിതിക സംവേദകമേഖലാ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെയും പ്രചാരണങ്ങളുടെയും സാഹചര്യത്തില്‍ ജില്ലയിലെ ജനങ്ങളുടെ ആശങ്കകളും നിര്‍ദ്ദേശങ്ങളും ഉന്നയിക്കുന്നതിന് രൂപരേഖ ഉണ്ടാക്കാന്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍.പൗലോസ് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം ചുമതലപ്പെടുത്തിയ സബ്കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡ് നിയോഗിച്ച സമിതി അംഗീകരിക്കുകയായിരുന്നു. വയനാട്ടിലെ ജനവാസമേഖലകള്‍ പൂര്‍ണ്ണമായും പാരിസ്ഥിതിക സംവേദകമേഖലയായി പ്രഖ്യാപിക്കുന്നതില്‍ നിന്ന് ഒഴിവാക്കുക, ജനവാസ ഭൂമിയല്ലാത്ത പ്രദേശങ്ങളെ പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച് ഉചിതമായ പരിധി നിര്‍ണ്ണയിച്ചു മാത്രം സംവേദക മേഖലയാക്കാന്‍ ശുപാര്‍ശ ചെയ്യുക എന്നായിരുന്നു സര്‍വ്വകകഷി യോഗം തീരുമാനിച്ച സബ്കമ്മറ്റിയുടെ പ്രധാന നിര്‍ദ്ദേശം.
വയനാട് ജില്ലയ്ക്ക് മാത്രമായി ഒരു വൈല്‍ഡ് ലൈഫ് റിലീഫ് പാക്കേജ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡ് ആവശ്യപ്പെടുമെന്നും ടി.എന്‍.പ്രതാപന് എം.എല്‍.എ. പറഞ്ഞു. ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ തന്നെ ഇത് ഒരു മുഖ്യ അജണ്ടയായി പരിഗണിക്കും. ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ മുന്‍നിര്‍ത്തി വനാതിര്‍ത്തികളില്‍ മതില്‍കെട്ടുക, വനത്തില്‍ തടയണകള്‍ നിര്‍മ്മിച്ച് ജലലഭ്യത ഉറപ്പ് വരുത്തുക തുടങ്ങി മനുഷ്യജീവിതം സുരക്ഷിതമാക്കുന്നതിനും അതേസമയം പരിസ്ഥിതി സംരക്ഷണം സാദ്ധ്യമാക്കുന്നതിനുമുള്ള സമഗ്ര നിര്‍ദ്ദേശങ്ങള്‍ ഈ പാക്കേജില്‍ ഉള്‍പ്പെടുത്തും. വന്യജീവിശല്യം കൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നല്കുന്ന ധനസഹായം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവും ഇതില്‍ ഉന്നയിക്കും.
ഈ മാസം 15 നകമാണ് സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതിയുടെ എംപവേര്‍ഡ് കമ്മറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കേണ്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് അതിന്റെ കരട് എംപവേര്‍ഡ് കമ്മറ്റി പ്രസിദ്ധപ്പെടുത്തും. തുടര്‍ന്നും ജനങ്ങള്‍ക്ക് അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് സമയം ലഭിക്കും. അഭിപ്രായ രൂപവത്ക്കരണ യോഗം എം.ഐ.ഷാനവാസ്.എം.പി. ഉദ്ഘാടനം ചെയ്തു. ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍.പൗലോസ്, ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണഭട്ട്, പ്രിന്‍സിപ്പല്‍ സി.സി.എഫ്. വി.ഗോപിനാഥന്, വൈല്‍ഡ് ലൈഫ് ബോര്‍ഡ് സമിതി അംഗങ്ങളായ ഡോ. പി.എസ്.ഈസോ, എം.എസ്. ദിലീപ്, അസീസ് മാസ്റ്റര്‍, സമിതി കണ്‍വീനര്‍ പാലക്കാട് ഡിവിഷന് സി.സി.എഫ്. ഒ.പി.കലേര്‍, എ.ഡി.എം. എന്‍.ടി.മാത്യു, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: