കഥകളിയും കാളകെട്ടുത്സവവും കഥാപ്രസംഗവും വായനശാലയും എള്ളുവിളയുന്ന പാടങ്ങളും വാഴത്തോപ്പും വെറ്റിലക്കൊടിയും അതിരുതിരിക്കുന്ന കയ്യാലകളും രാമായണപാരായണവും അയല്വീട്ടുപ്രണയവുമൊക്കെയുള്ള ഗ്രാമീണ സംസ്കൃതിയുടെ ശരിപ്പകര്പ്പായിരുന്നു വിനയചന്ദ്രന് എന്ന കവിയും മനുഷ്യനും.
അദ്ദേഹത്തിന്റെ ജീവിതത്തിലും കവിതയിലും ഒരുപോലെ തുടിച്ചു നിന്നത് ഗ്രാമീണ ജീവിതത്തിന്റെ സത്യസന്ധതയായിരുന്നു. കൊല്ലം ജില്ലയിലെ പടിഞ്ഞാറെക്കല്ലട ഗ്രാമത്തിന്റെ നിഷ്കളങ്കമായ തുടിപ്പുകള്‍ ആവാഹിച്ചാണ് അദ്ദേഹം കവിതയെഴുതിയതും ജീവിച്ചതും. അന്നാട്ടിന്റെ വാമൊഴി, വരമൊഴി പാരമ്പര്യമാണ് അദ്ദേഹത്തിന്റെ കവിതയ്ക്കാധാരമായത്. തിരുവനന്തപുരം നഗരത്തില്‍ ജീവിക്കുമ്പോഴും നാട്ടിന്‍പുറത്തുകാരന്റെ സംസ്കാരവും മനസ്സും കൈവിടാതെയാണ് അദ്ദേഹം ജീവിച്ചത്.
അവസാനംവരെ നിത്യസഞ്ചാരിയായും നിത്യകാമുകനായും അദ്ദേഹം മലയാള കാവ്യാസ്വാദകരുടെ മനസ്സില്‍ കുടിയിരുന്നു. ചൊല്പ്പാട്ടുകളുടെ രൂപത്തില്‍ കവിതകള്‍ ഉറക്കെച്ചൊല്ലിയും ഭ്രാന്തനെപ്പോലെ പ്രതികരിച്ച് ഉച്ചത്തില്‍ സംസാരിച്ചും അദ്ദേഹം ഇക്കാലമത്രയും തന്റെ സാന്നിധ്യം അറിയിച്ചു. ആര്‍ക്കും എപ്പോഴും യാതൊരു മടിയുമില്ലാതെ സമീപിക്കാന്‍ കഴിയുന്ന കവിയായി, അധ്യാപകനായി, സുഹൃത്തായി, സഹോദരനായി ഇത്രകാലവും അദ്ദേഹം നമുക്കൊപ്പമുണ്ടായിരുന്നു….
“വീട്ടിലേക്കെന്നു പോകുന്നു ചോദിക്കുന്നു
കൂട്ടുകാര്‍, കൂട്ടുകിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍,
പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്,
കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍”
വിനയചന്ദ്രന് മാഷ് എന്ന് അടുപ്പമുള്ളവര്‍ സ്നേഹത്തോടെ വിളിക്കുന്ന കവി നിത്യയാത്രികനായിരുന്നു. നിത്യസഞ്ചാരിയായിരുന്ന പി.കുഞ്ഞിരാമന്നായരോടായിരുന്നു കവിക്കും പ്രേമം. എവിടെയും അലഞ്ഞു തിരിയുന്ന സ്വഭാവം. ഒരു തൂക്കുസഞ്ചിയും തലയിലൊരു തൊപ്പിയും മുഷിഞ്ഞ വേഷവും. അദ്ദേഹം എവിടെയും സഞ്ചരിച്ചുകൊണ്ടിരിക്കും. കാട്ടുവഴികളും കടത്തിണ്ണകളും റയില്‍വേ സ്റ്റേഷനും സത്യഗ്രഹപ്പന്തലും അദ്ദേഹത്തിനു വീടുകളായിരുന്നു. എല്ലാ സഞ്ചാരത്തിനുമൊടുവില്‍ ‘വീട്ടിലേക്കുള്ള വഴി’യായിരുന്നു അദ്ദേഹത്തിനു കവിത. വിനയചന്ദ്രന് തന്റെ കവിതകളുമായി സാഹിത്യ രംഗത്തെത്തുന്നത് കേരളത്തില്‍ തീവ്ര ഇടതു പക്ഷ രാഷ്ട്രീയം സജീവമായി നില്‍ക്കുകയും അതിലേക്ക് കേരളത്തിലെ യുവത്വം ആകര്ഷിക്കപ്പെടുകയുംചെയ്ത എഴുപതുകളിലാണ്. എന്നാല്‍ അന്നത്തെ കവികളുടെ വിപ്ലവ രാഷ്ട്രീയത്തിനൊപ്പം നില്ക്കാന് അദ്ദേഹം തയ്യാറായില്ല. അതില്‍നിന്ന് വ്യത്യസ്തമായ രചനാശൈലി അദ്ദേഹം സ്വീകരിക്കുകയും അത് വായനക്കാര്‍ ഇഷ്ടപ്പെടുകയുംചെയ്തു. മനുഷ്യന്റെ നിത്യജീവിതത്തിലെ അനുഭവലോകങ്ങളെ ആവിഷ്കരിക്കുകയും ജീവിതത്തെ ത്രസിപ്പിക്കുകയും ചെയ്യുന്ന വരികളായിരുന്നു വിനയചന്ദ്രനില്‍ നിന്ന് പിറന്നത്.
പ്രണയവും രതിയും യാത്രയും മഴയുമായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയങ്ങള്‍. ഇത്രത്തോളം പ്രണയം വാരിക്കോരി എഴുതിയ ആള് എന്തേ വിവാഹം കഴിക്കാതിരുന്നതെന്ന ചോദ്യത്തിന് ഉച്ചത്തില്‍ രണ്ടുവരി കവിത ചൊല്ലുകയായിരുന്നു പതിവ്. അല്ലെങ്കില്‍ കയ്യിലിരിക്കുന്ന ഗ്ലാസ്സില്‍നിന്ന് ലഹരി ഒറ്റവലിക്ക് അകത്താക്കി ചുണ്ടു തുടച്ച് ചിരിക്കും. ഒന്നിനോടും വെറുപ്പു കാട്ടാത്ത കവിയെന്ന വിളിപ്പേരും വിനയചന്ദ്രന് ചേരുന്നതാണ്. എല്ലാം ആസ്വദിക്കും. സച്ചിന് ടെണ്ടുല്‍ക്കറിന്റെ ക്രിക്കറ്റ് ബാറ്റിംഗും നളചരിതം കഥകളിയും ഒരുപോലെ ആസ്വാദ്യകരമാണ് കവിക്ക്. വേണമെങ്കില്‍ രണ്ടിനെക്കുറിച്ചും അദ്ദേഹം കവിതയെഴുതും.
“നിങ്ങള്‍ മേഘത്തെ വിളിച്ചുണര്‍ത്തിയിരിക്കുന്നു
നിങ്ങള്‍ അരയന്നത്തെ അരമനയിലേക്ക്
പറഞ്ഞുവിട്ടിരിക്കുന്നു,
ഇളകുന്ന ചിറകുകള് ‘പെണ്ണേ’യെന്നു വിളിക്കുന്നു
ഇടിമിന്നലുകള്‍ ‘പെണ്ണേ’യെന്നു വിളിക്കുന്നു
പെരുമഴ അതിന്റെ രഥോത്സവത്തിനു
പെരുമ്പറ മുഴക്കിയിരിക്കുന്നു
നിങ്ങള്‍ മേഘത്തെ വിളിച്ചുണര്‍ത്തിയിരിക്കുന്നു…..”
യാത്രകളിലാണ് അദ്ദേഹത്തില്‍ കവിതകള്‍ രൂപപ്പെട്ടിരുന്നത്. ലക്ഷ്യമില്ലാതെ തുടങ്ങുന്ന യാത്രകള്‍. എവിടെയൊക്കെയോ എത്തപ്പെടുമ്പോള്‍ അവിടം സ്വര്‍ഗമാക്കുന്ന യാത്രകള്‍. വിനയചന്ദ്രനു മാത്രം ചെയ്യാന്‍ കഴിയുന്ന യാത്രകള്‍. ജീവിതത്തില്‍ കുടുംബമില്ലാതിരുന്നത് ആഘോഷമാക്കുകയായിരുന്നു താന്‍ എന്ന് അദ്ദേഹംതന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. യാത്രകളും പുസ്തകങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍. ലക്ഷ്യമില്ലാതെ നീളുന്ന യാത്രയില്‍ മനസ്സിലാണ് അദ്ദേഹം കവിത ആദ്യം കുറിക്കുക. അതു പിന്നീട് പാടിനടക്കും. ചിലപ്പോള്‍ തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലെ സുഹൃദ്കൂട്ടായ്മയില് അദ്ദേഹം ഉറക്കെ ചൊല്ലും. എന്നിട്ടുപറയും താന്‍ ഇനിയെഴുതാന്‍ പോകുന്ന കവിതയാണിതെന്ന്. “മനസ്സിലാണ് ആദ്യം കവിതയെഴുതുക. ഉള്ളില്‍ത്തന്നെ വെട്ടിയും തിരുത്തിയും അവനവനു കേള്‍ക്കാന്‍ പാകത്തില്‍ ചൊല്ലിനടക്കും. പിന്നെ അടുത്ത കൂട്ടുകാരെ ചൊല്ലിക്കേള്‍പ്പിക്കും. അതും കഴിഞ്ഞാലേ കവിത കടലാസ്സിലേക്കു മാറ്റിയെഴുതൂ” തന്റെ കവിതയെഴുത്തിനെക്കുറിച്ച് വിനയചന്ദ്രന് തന്നെ പറയുന്നതിങ്ങനെയാണ്.
എഴുത്തില്‍ സ്വന്തമായ ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. ആരെയും അനുകരിച്ചില്ല. തനിക്ക് തോന്നുന്നത് എഴുതി വച്ചു. അത് കവിതന്നെ ഉറക്കെച്ചൊല്ലിയപ്പോള് കവിതയായി. യാത്രകളെയാണ് കവി പ്രണയിച്ചതെങ്കിലും എപ്പോഴും വീട്ടിലേക്കുള്ള വഴി അദ്ദേഹം തുറന്നുവച്ചു. അവിടെ കുന്നുകൂട്ടിയിട്ട പുസ്തകങ്ങള്‍ക്കു നടുവിലായിരുന്നു ജീവിതം. തിരുവനന്തപുരം നഗരത്തിലെ ആയുര്‍വേദ കോളേജിനടുത്തുള്ള വീട്ടിനുള്ളിലേക്ക് ആരെയും അദ്ദേഹം കയറ്റിയിരുന്നില്ല. എത്ര അടുപ്പമുള്ള അതിഥിയായിരുന്നാലും വീട്ടിനു പുറത്തിരുത്തി സംസാരിച്ച് യാത്രയാക്കും. വീട്ടുനുള്ളില് തന്റെ ഭാര്യമാരുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പുസ്തകങ്ങളാകുന്ന ഭാര്യമാര്‍.
എല്ലാ കെട്ടുപാടുകളില്‍നിന്നുമുള്ള സ്വാതന്ത്ര്യമാണ് വിനയചന്ദ്രനെന്ന കവി ആഗ്രഹിച്ചത്. എങ്കിലും സൗഹൃദക്കെട്ടുപാടുകളില് കവി പെട്ടുപോയിട്ടുണ്ട്. ആ സൗഹൃദങ്ങള്‍ പ്രസ്ക്ലബ്ബിലെ കൂട്ടുകൂടലിലും സ്റ്റാച്യുവിലെ കൂട്ടായ്മയിലുമാണ് തിളങ്ങിയത്. അവരെയും സ്വന്തം വീട്ടിലേക്ക് കയറ്റാന്‍ അദ്ദേഹം തയ്യാറായില്ല. വീട്ടിലെ ഏകാന്തതയിലിരുന്ന് പ്രണയത്തെക്കുറിച്ചും മഴയെക്കുറിച്ചും സ്വപ്നങ്ങള്‍ കാണുകയായിരുന്നു അദ്ദേഹം. ഒരു നഷ്ടപ്രണയത്തെ കവി മനസ്സില്‍ കൊണ്ടുനടന്നിരുന്നു എന്നു വേണം കരുതാന്‍. പ്രണയം നഷ്ടമായെങ്കിലും പ്രണയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. ഒരിക്കല്‍ നഷ്ടപ്പെട്ട പ്രണയത്തെ കടല്‍ തിരിച്ചുതരുമെന്നും മറ്റുള്ളവര്‍ വായിക്കുന്ന ഒരു ലിപിയിലേക്ക് നഷ്ടപ്പെടാതെ കാത്തിരിക്കുമെന്നും അദ്ദേഹം എഴുതിയിരുന്നു.
“ഈ പുതുമഴ നനയാന്‍
നീ കൂടിയുണ്ടായിരുന്നെങ്കില്‍
ഓരോ തുള്ളിയേയും
ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു
ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകും വരെ”
പ്രണയം പോലെ മഴയെയും അദ്ദേഹം അളവറ്റു സ്നേഹിച്ചു. മഴ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഏഴുവരി കവിത വളരെ പ്രശസ്തമാണ്.
തിരുവനന്തപുരം നഗരവും ഈ മണ്ണും വിനയചന്ദ്രനെ ഏറെ സ്നേഹിച്ചിരുന്നു. വിനയചന്ദ്രന്മാഷ് തിരിച്ചും തിരുവനന്തപുരത്തെ സനേഹിച്ചു. അലഞ്ഞുതിരിയുന്ന കവി ഒടുവില്‍ കൂടുകൂട്ടാന്‍ തിരുവനന്തപുരത്തെത്തി. അജ്ഞേയവും അത്ഭുതപരിവേഷമുള്ളതുമായിരുന്നു തന്റെ കൗമാരഭാവനയില് തിരുവനന്തപുരമെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. വാവിട്ടുകരഞ്ഞാണ് താന്‍ തിരുവനന്തപുരത്ത് പഠിക്കാനുള്ള ആഗ്രഹം വീട്ടുകാരില്‍നിന്ന് സാധിച്ചെടുത്തതെന്ന് അദ്ദേഹം പറയാറുണ്ട്. അന്ന് കല്ലടയില്‍ നിന്നും അപൂര്‍വം ചിലരാണ് തിരുവനന്തപുരത്ത് കോളേജില്‍ പോയി പഠിച്ചിരുന്നത്. ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്കാണ് അന്ന് ഗവണ്മെന്റ് കോളേജില്‍ പ്രവേശനം ലഭിക്കുന്നത്. എന്‍.കൃഷ്ണപിള്ളയായിരുന്നു പ്രിന്‍സിപ്പല്‍. കോളേജ് മാഗസിനിലെ മലയാളം വിഭാഗത്തില്‍ ആദ്യത്തെ ഇനമായിത്തന്നെ വിനയചന്ദ്രന്റെ കവിത അച്ചടിച്ചുവന്നു. കാരേറ്റുകാരനായ സഹപാഠിയായിരുന്നു ആദ്യം വിനയചന്ദ്രനെ കവിയെന്നു വിളിച്ചത്. പിന്നീടെല്ലാവര്‍ക്കും അദ്ദേഹം കവിയായി. സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ കവിതാമത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സമ്മാനം നേടിയപ്പോള്‍ ലഭിച്ച പുരസ്കാരമായിരുന്നു ആദ്യസമ്മാനം.
എന്‍.കൃഷ്ണപിള്ള കയ്യൊപ്പിട്ടുനല്കിയ പുസ്തകമായിരുന്നു ആദ്യപുരസ്കാരം. പാലാ നാരായണന് നായര്‍, ഏവൂര്‍ പരമേശ്വരന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ കവിതാരംഗം എന്ന പേരില്‍ പ്രതിമാസം കവിസംഗമം നടന്നിരുന്നു. അതിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും വിനയചന്ദ്രനായിരുന്നു.
കവിത ഇങ്ങനെയാവണം, ഇതല്ലാത്തതൊന്നും കവിതയല്ല എന്ന പരമ്പരാഗത രീതിയെ പൊളിച്ചെഴുതുകയായിരുന്നു വിനയചന്ദ്രന്. അന്നുവരെയുള്ള കവിതയുടെ എഴുത്തുശൈലികളെ അദ്ദേഹം വെല്ലുവിളിച്ചു. അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കാന്‍ മടിച്ചുനിന്നവരുടെ മുന്നില്‍ ഉച്ചത്തില്‍ വായകീറി അദ്ദേഹം കവിത ചൊല്ലി. ആ വാക്കുകളില്‍ ജീവിതമുണ്ടെന്ന് പതിയെ എല്ലാവരും തിരിച്ചറിയാന്‍ തുടങ്ങി.
കിവിത മാത്രമായിരുന്നില്ല അദ്ദേഹത്തിനു വഴങ്ങിയിരുന്നത്. നോവലുകളെഴുതിയും കഥകളെഴുതിയും ചിത്രം വരച്ചും അദ്ദേഹം നിത്യവും തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു. ഭാരതീയ പുരാണങ്ങളിലും ഉപനിഷത്തിലും അവഗാഹമുണ്ടായിരുന്നു. കല്ലടയിലെ ജീവിതത്തില്‍ ചെറുപ്പത്തില്‍ത്തന്നെ നേടിയതാണ് അവയെല്ലാം. എന്നും മുടങ്ങാതെ രാമായണവും ഭാഗവതവും വായിച്ചിരുന്ന ഒരു വീട്ടിലാണ് തന്റെ കണ്ണും കാതും വിടര്‍ന്നതെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
നേരത്തെ അത്താഴം കഴിഞ്ഞ് അപ്പൂപ്പനും അമ്മാവന്മാരും അമ്മയും സാഹിത്യചര്‍ച്ചകളിലും കഥകളി, തുള്ളല്‍ അവതരണങ്ങളിലും മുഴുകിയിരുന്നു. അച്ഛന് അങ്ങാടിയിലും വായനശാലയിലും സുഹൃത്തുക്കളെ ശൃംഗാരശ്ലോകങ്ങള്‍ ചൊല്ലി രസിപ്പിച്ചിരുന്നു. അപ്പൂപ്പന് ഒന്നുംവിടാതെ കഥകളി കണ്ടിരുന്നു.
കൂടെപ്പോകാറായപ്പോള് താനും. വീട്ടില്‍ അമ്മ പെണ്‍കുട്ടികളെ തിരുവാതിര പഠിപ്പിച്ചിരുന്നു. ഉണ്ണിക്കണ്ണനായി താനും കളിച്ചിരുന്നുവെന്നും കവി എഴുതി.
അപ്പൂപ്പന് വാമൊഴിയായി പറഞ്ഞാണ് മാര്‍ത്താണ്ഡവര്‍മയും ഇന്ദുലേഖയും കവി പരിചയപ്പെടുന്നത്. ശിവന്റെയും പാര്‍വതിയുടെയും രുഗ്മിണിയുടെയും കൃഷ്ണന്റെയും ശീലാവതിയുടെയും സത്യഭാമയുടെയും ഇടയിലേക്ക് പാറുക്കുട്ടിയും ഇന്ദുലേഖയും കടന്നുവന്നത് അങ്ങനെയാണ്. നളചരിതം നേരിട്ടുവായിക്കുന്നതിന് മുന്‍പ് ഉണ്ണിത്താന്മാരുടെ പാട്ടിലൂടെയും മാങ്കുളത്തിന്റെയും കുടമാളൂരിന്റെയും ചമ്പക്കുളത്തിന്റെയും കീരിക്കാടന്റെയുമൊക്കെ അഭിനയത്തിലൂടെയും നളചരിതം വിനയചന്ദ്രന്റെ ജീവിതത്തിലും പകര്‍ന്നു. കൃഷ്ണകഥ മുഴുവനായി അവതരിപ്പിക്കുന്ന ‘തിരുവാതിരകളി’ അമ്മയില്‍നിന്ന് അദ്ദേഹം പഠിച്ചിരുന്നു. പിന്നീട് അദ്ദേഹം സുഹൃത്തുക്കള്‍ക്കു മുന്നില്‍ അതു പാടി അവതരിപ്പിക്കുകയും ചെയ്തു.
കവി ഒരു യാത്രയിലാണ്. എവിടേയ്ക്കാണെന്ന് ലക്ഷ്യമില്ലാത്ത യാത്രയില്‍. അങ്ങനെ വിശ്വസിക്കാനാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് താല്‍പ്പര്യം. ഒരു രാത്രിയില്‍ അദ്ദേഹം മുഷിഞ്ഞ വേഷത്തില്‍ തോള് സഞ്ചിയുമായി കയറിവരും. ഒരു കവിത ഉച്ചത്തില്‍ പാടിക്കൊണ്ട്.
“ഈ രാത്രി പഥികന്റെ വീണയാകുന്നു
ഈ സുഗന്ധികള് അവന്റെ മുറിവുകളാകുന്നു
കുന്നിലേക്കുള്ള യാത്ര അവന്റെ സന്ദേശമാകുന്നു
കുന്നിറങ്ങുന്ന മഴ അവന്റെ കുടുംബസ്വത്താകുന്നു
ഈ പ്രണയിയും ഒറ്റയ്ക്കു നടന്നുപോകുന്നു.”
** ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: