1996ലാണ് കേരളത്തെ നടുക്കിയ സൂര്യനെല്ലി പീഡനം നടക്കുന്നത്. നാല്പത് ദിവസം നീണ്ടുനിന്ന പീഡനത്തിനൊടുവില്‍ അവശയും രോഗിയുമായ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തുന്നതോടെയാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറംലോകം അറിയുന്നത്. വാര്‍ത്താ ചാനലുകളുടെ കാര്യമായ സാന്നിധ്യം ഇല്ലാതിരുന്ന അക്കാലത്ത് പത്രങ്ങള്‍ മാത്രമായിരുന്നു ആശ്രയം.
നരസിംഹറാവുവിന്റെ മൗനാനുവാദത്തോടെ കെ. കരുണാകരനെ ഇടയ്ക്കുവച്ച് താഴെയിറക്കി എ.കെ.ആന്റണി മുഖ്യമന്ത്രി പദം ഏറ്റെടുത്ത യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലാണ് സൂര്യനെല്ലി സംഭവം. മാസങ്ങള്‍ക്കുള്ളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധം സൂര്യനെല്ലി സംഭവമായിരുന്നു. സൂര്യനെല്ലി പെണ്‍കുട്ടിയുടെ പേരില്‍ കാടിളക്കിയുള്ള പ്രചാരണമാണ് സിപിഎമ്മും ഇടതുമുന്നണിയും നടത്തിയത്. സ്വഭാവികമായും കേരളത്തില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഭരണമാറ്റത്തിനുപരിയായി സൂര്യനെല്ലി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇടുതുമുന്നണിക്ക് വന്നേട്ടമുണ്ടാക്കാനായി. പക്ഷേ മുഖ്യമന്ത്രിയാകുമെന്ന് ജനങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും ഒരുപോലെ വിശ്വസിച്ച വി.എസ്. അച്യുതാനന്ദന് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ മാരാരിക്കുളത്ത് ദാരുണമായി തോല്‍പ്പിക്കപ്പെട്ടു. നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി. പാര്‍ട്ടി സംഘടനയിലോ ഗ്രൂപ്പ് സംഘടിപ്പിക്കുന്നതിലോ കാര്യമായ പിടിപാടൊന്നും ഇല്ലാതിരുന്ന നായനാര്‍ പൊതുവെ ദുര്‍ബലനായ മുഖ്യമന്ത്രിയായിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം ഇത് മുതലാക്കി കരുക്കള്‍ നീക്കുകയും ഭരണത്തില്‍ അവിഹിതമായി ഇടപെടലുകള്‍ നടത്താന്‍ ആരംഭിക്കുകയും ചെയ്തു.
എ.കെ.ആന്റണിയുടെ കാലത്തുതന്നെ സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യന് പ്രതിയാണെന്ന് പെണ്‍കുട്ടിയുടെ മൊഴിയുണ്ടായിരുന്നു. ഐ ജി ബി.രാജീവനെയാണ് സര്‍ക്കാര്‍ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും മതനേതൃത്വവും കുര്യനെ രക്ഷിക്കാന്‍ രംഗത്തുവരികയും കുര്യന് പ്രതിയാകാതെ ഒഴിവാക്കപ്പെടുകയും ചെയ്തു. കേസ് പിന്നീട് അന്വേഷിച്ച സിബിമാത്യൂസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലും കുര്യന് പ്രതിയായില്ല.
കുര്യനെ സംഭവ ദിവസം കുമളി ഗസ്തൗസില്‍ കണ്ടതായി സാക്ഷിമൊഴികളുണ്ടായിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ അതു പരിഗണിച്ചില്ല. കുര്യന് അനുകൂലമായ മൊഴികള്‍മാത്രം പരിഗണിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കുര്യനെതിരെ ശക്തമായ തെളിവുകളോടെയുള്ള മൊഴിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയത്. ഇതും പരിഗണിക്കപ്പെട്ടില്ല.
മാതൃഭൂമി പത്രത്തില്‍ അച്ചടിച്ചുവന്ന കുര്യന്റെ ഫോട്ടോ കണ്ട് ഇതല്ലേ ബാജി………. ഇയാളും എന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് കുര്യന്റെ ശരീരത്തിലെ മറുകും മറ്റു ശാരീരിക അടയാളങ്ങളും പോലും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. മാറിലും പുറത്തും നിറയെ രോമങ്ങള്‍, നരച്ച കൃതാവ്, തടിച്ച് ഖദര്‍ ധരിച്ച കഷണ്ടിയായ ആള് തുടങ്ങിയ വിവരണങ്ങളെല്ലാം മൊഴിയിലുണ്ട്. ആന്റണി സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം അട്ടിമറിക്കപ്പെടുന്നത് നിസ്സഹായരായി കണ്ടുനിന്ന പൊതുസമൂഹം കരുതിയത് നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ ഭരണകാലത്ത് പെണ്‍കുട്ടിക്ക് നീതികിട്ടുമെന്നാണ്. എന്നാല്‍ പൊതുസമൂഹത്തിന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്ന നിലപാടായിരുന്നു നായനാര്‍ സര്‍ക്കാരിന്റേത്.
ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് നടന്ന അന്വേഷണത്തിലും കുര്യനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല എന്നുമാത്രമല്ല രക്ഷപ്പെടുത്താന്‍ അവസരം ഒരുക്കുകയും ചെയ്തു. എല്ലാമറിയാവുന്ന വി.എസ്.അച്യുതാനന്ദന് നായനാരുടെ പൊളിറ്റക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെയും അഡ്വ. ജനറലായിരുന്ന എം.കെ. ദാമോദരന്റെയും പങ്ക് അന്വേഷിക്കണമെന്ന് പറഞ്ഞത് വെറുതെയല്ല. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പി.ജെ.കുര്യനെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടതെങ്ങനെയെന്ന് വി എസിന് നന്നായറിയാം. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ബലതന്ത്രം ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ വി എസിനെ അനുവദിക്കുന്നില്ല. ആഭ്യന്തര വകുപ്പുകൂടി കയ്യാളിയിരുന്ന നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നായനാരെക്കാള്‍ ‘പവര്‍ഫുള്‍’ ആയിരുന്നു പി.ശശി. ഇന്ന് കാണുന്ന വിധത്തില്‍ സിപിഎം നേതൃത്വത്തില്‍ സമഗ്രാധിപത്യത്തിലേക്ക് കണ്ണൂര്‍ ലോബി കടന്നുവരുന്നതും ഇക്കാലത്താണ്.
സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴിയും മറ്റു ചില സാക്ഷിമൊഴിയും തെളിവുകളും കുര്യനെതിരാണെന്നും പി.ജെ.കുര്യനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയിരുന്ന അഡ്വ. ജനാര്‍ദ്ദനകുറുപ്പ് ആവശ്യപ്പെട്ടെങ്കിലും നായനാര്‍ സര്‍ക്കാര്‍ വഴങ്ങിയില്ല. ഇക്കാര്യം ജനാര്‍ദ്ദനകുറുപ്പ് തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നുണ്ട്.
സൂര്യനെല്ലി പെണ്‍കുട്ടിയുടെ കണ്ണീര് വിറ്റ് അധികാരം കയ്യാളിയ സിപിഎം നേതൃത്വം ആ പെണ്‍കുട്ടിയോടും അവളുടെ കുടുംബത്തോടും കൊടിയ വഞ്ചനയാണ് കാണിച്ചത്. വന്‍തോതിലുള്ള പണമിടപാടും ഇതിന് പിന്നില്‍ ഉണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടിയില്‍ തന്നെ പരാതി ഉയര്‍ന്നിട്ടുള്ളത്. ഭരണതലത്തില്‍ അതീവരഹസ്യമായി അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുമ്പോള്‍ തന്നെ സിപിഎം പരസ്യമായി സൂര്യനെല്ലി രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു.
ജനാധിപത്യ മഹിളഅസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സിപിഎം പോഷകസംഘടനകളും പാര്‍ട്ടി പ്രാദേശികനേതൃത്വവും പെണ്കുട്ടിയോടൊപ്പമുണ്ടെന്ന പ്രതീതി സൃഷ്ടിച്ചു.
കഴിഞ്ഞ ഒന്നര ദശാബ്ദ കാലമായി കേരളം കണ്ടുകൊണ്ടിരിക്കുന്ന അവിശുദ്ധരഹസ്യബാന്ധവത്തിന്റെ തുടക്കമായിരുന്നു അത്. പിന്നീട് കേരളത്തെ പിടിച്ചുകുലുക്കിയ മറ്റ് പല പെണ്‍വാണിഭ-പീഡനക്കേസുകളിലും കോണ്‍ഗ്രസ് – സിപിഎം – ലീഗ് നേതാക്കള്‍ പ്രതികളായി വന്നെങ്കിലും ഈ പരസ്പര സഹായം ഇവര്‍ തുടര്‍ന്നുകൊണ്ടിരുന്നു. നീതിന്യായ രംഗത്തെ ചില വമ്പന്സ്രാവുകളുടെയും മാധ്യമസാമ്രാജ്യങ്ങളുടെയും പിന്തുണ ഇവര്‍ക്ക് ഇക്കാര്യത്തിലുണ്ട്.
നിയമം കാറ്റില്‍ പറത്തി ജനങ്ങളെ വെല്ലുവിളിച്ച് അനധികൃതമായി നടത്തുന്ന ടോള്‍പിരിവുകള്‍ മുതല്‍ സ്ത്രീപീഡനക്കേസിലും അഴിമതിക്കേസിലും പ്രതികളാകുന്നവരെ രക്ഷിക്കുന്നതില്വരെ ഈ അവിശുദ്ധ സഖ്യം തുടരുന്നു. ഒരു ലജ്ജയും ഇല്ലാതെ കമ്മീഷന് ഇനത്തില്‍ വന്‍ തുകകള്‍ പ്രതിഫലം പറ്റുകയും ചെയ്യുന്നു. പണം നേടുകയും അധികാരം നിലനിര്‍ത്തുകയും ചെയ്യുക എന്ന മിനിമം അജണ്ടയ്ക്കപ്പുറത്തേക്ക് യാതൊരു രാഷ്ട്രീയ നിലപാടും ഇവര്‍ക്കില്ല. അവിശുദ്ധ മാര്‍ഗത്തിലൂടെ സ്വന്തമാക്കുന്ന കോടികള്‍ക്ക് മുകളിലിരുന്ന് പഴയ കാല നാട്ടുമാടമ്പിമാരെ അനുസ്മരിപ്പിക്കും വിധം മൃഗയാവിനോദങ്ങള്‍ തുടരുകയാണിവര്‍. പണത്തിന്റെ സ്വാധീനശക്തിയും പണം കൊടുത്താല്‍ ആരെയും വശത്താക്കാമെന്ന കാര്യവും കൂടുതല്‍ വ്യക്തമായത് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ കാലത്തായിരുന്നു.
** ടി.എസ്.നീലാംബരന്‍
(നാളെ: ഓന് കാലുപിടിച്ചപ്പോള്‍ സംഭവിച്ചത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: