അഞ്ചുവര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ നടക്കുന്ന ഭരണമാറ്റവും അധികാരം കുത്തകയാക്കിവെച്ചിരിക്കുന്ന ഇടതു- വലതുമുന്നണികളിലെ ഒരു പറ്റം നേതാക്കന്മാരും പരസ്പര സഹായ സഹകരണ സംഘമായി പ്രവര്‍ത്തിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സൂര്യനെല്ലിമുതല്‍ കവിയൂര്വരെയുള്ള പീഡനക്കേസുകള്‍ വെളിപ്പെടുത്തുന്നത്. അഴിമതിയുടെയും പെണ്‍വാണിഭ പീഡനക്കേസുകളുടെയും കാര്യത്തില്‍ കോണ്‍ഗ്രസ് – സിപിഎം- ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനിടയില്‍ രൂപപ്പെട്ടിട്ടുള്ള അവിശുദ്ധ സഖ്യം കേരളത്തെ ക്യാന്‍സര്‍പോലെ കാര്‍ന്നുതിന്നുകയാണ്.
പരസ്പരം പോരടിക്കുന്നതിനേക്കാള്‍ നല്ലത് സഹകരിക്കുകയും സഹായിക്കുകയുമാണെന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പേ ഇവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അങ്ങനെയാകുമ്പോള്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഭരണമാറ്റത്തെ ഭയപ്പെടാതെയും പരസ്പരം ഭയപ്പെടുത്താതെയും സാമ്രാജ്യങ്ങള്‍ നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയുന്നു. ഇത്തരം അവിശുദ്ധ സഖ്യങ്ങള്‍ക്കെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കാനും ഇവര്‍ക്ക് കഴിയുന്നുണ്ട്. വി.എസ്. അച്യുതാനന്ദന് കേരളം ഭരിക്കുന്നതിനെക്കാള് ഒരു വിഭാഗം സിപിഎം നേതാക്കള്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഭരണത്തിലിരിക്കണമെന്ന് ആഗ്രഹിക്കുന്നത് ഈ സാഹചര്യത്തിലാണ്.
പീഡനക്കഥകളും അഴിമതിക്കഥകളും തെരഞ്ഞെടുപ്പ് സമയത്ത് പ്രസംഗിക്കാന്‍ മാത്രമുള്ള ആയുധമാണ് ഇക്കൂട്ടര്‍ക്ക്. ഏതു മുന്നണി ഭരണത്തിലേറിയാലും ഈ അവിശുദ്ധസഖ്യം ആഗ്രഹിക്കുന്നതിനും തീരു മാനിക്കുന്നതിനും അപ്പുറം ഒരന്വേഷണവും നടക്കില്ല. തെരുവില്‍ പരസ്പരം കടിച്ചുകീറുകയും കോലം കത്തിക്കുകയും സമരം നടത്തുകയും പോലീസിന്റെ കൊടിയമര്‍ദ്ദനങ്ങള്‍ ഏറ്റുവങ്ങുകയുമൊക്കെ ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന പാ ര്‍ട്ടി അണികളെ യഥാര്‍ഥത്തില്‍ വിഡ്ഢിവേഷം കെട്ടിക്കുകയാണ് നേതൃത്വങ്ങള്‍.
കോ ണ്‍ഗ്രസ് – സിപിഎം – മുസ്ലീംലീഗ് നേതൃത്വത്തിലെ ചിലര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയിട്ടുള്ള ഈ അവിശുദ്ധ സഖ്യത്തിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുകയും അതിന്റെ പ്രതിഫലം പറ്റുകയും ചെയ്യുന്നവരില്‍ സാമുദായിക നേതാക്കളുണ്ട്, ഉന്നതപോലീസ് ഉദ്യോഗസ്ഥരുണ്ട്, നീതിന്യായവ്യവസ്ഥയുടെ അപ്പോസ്തലന്മാരുമുണ്ട്. കുഴിച്ചുമൂടിയെന്ന് കരുതുന്ന കേസുകളില്‍ ഇപ്പോളുണ്ടാകുന്ന പുതിയവെളി പ്പെടുത്തലുകള്‍ ഇക്കാര്യം ശരിവയ്ക്കുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരെയും പൊതുസമൂഹത്തെയും കബളിപ്പിച്ച് ഇവര്‍ സൃഷ്ടിക്കുന്ന സാമ്രാജ്യത്തിന് പിന്തുണ നല്കുന്നവരില് ചില മാധ്യമങ്ങളുമുണ്ട്. കേരളത്തിലെ ഏറ്റവും പ്രമുഖ മാധ്യമ ഗ്രൂപ്പുകളില്‍ ചിലത് ഈ സ്ത്രീപീഡകരെയും അഴിമതിക്കാരെയും സംരക്ഷിക്കാന്‍ വ്യഗ്രതകാണിക്കുന്നത് മാധ്യമലോകത്തിനുതന്നെ അപമാനം സൃഷ്ടിക്കുന്നു. അനധികൃത ഭൂമി കയ്യേറ്റം മുതല്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം വരെ ഇത്തരം മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടും സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാത്തതും കൂട്ടിവായിക്കേണ്ടതാണ്.
പരസ്പരമുള്ള ഈ സഹകരണത്തിലൂടെയും കൊടുക്കല്‍ വാങ്ങലിലൂടെയും ഈ നേതാക്കള്പലരുമിന്ന് കോടീശ്വരന്മാരായി മാറിയിട്ടുണ്ടെന്നതാണ് വസ്തുത. ബുദ്ധിയുറച്ച കാലംമുതല്‍ രാഷ്ട്രീയപ്രവര്ത്തനമല്ലാതെ മറ്റൊന്നുംചെയ്തിട്ടില്ലാത്ത ഇവരി ല്‍പലരും ഇന്ന് സ്വന്തമാക്കിയിട്ടുള്ള സമ്പത്ത് ആരെയും അമ്പരപ്പിക്കുന്നതാണ്. ബിനാമിപേരുകളിലാണ് ഈ പണമിടപാടുകള്‍ അധികവും. വിരലിലെണ്ണാവുന്ന ഈ നേതാക്കളുടെ ‘ബിസിനസുകള്‍’ അധികവും നടക്കുന്നത് ഗള്‍ഫ് നാടുകളിലാണ്. ചില പ്രവാസിമലയാളികളുടെ പേരില്‍ നടക്കുന്ന കോടികള്‍ മുതല്‍മുടക്കുള്ള ബിസിനസുകള്ക്കുപിന്നിലെ പണം ഇവരുടെതാണ്.
സ്ത്രീ പീഡനക്കേസുകള്ക്കുപുറമെ പൊതുമേഖലാസ്ഥാപനങ്ങളില്‍ നടക്കുന്ന കോടികളുടെ വെട്ടിപ്പ്, സ്വകാര്യ വല്‍ക്കരണത്തിന്റെ പേരില്‍ നടക്കുന്ന കരാര്‍ ഇടപാടുകള്‍ ഇവയിലെല്ലാം ഈ അവിശുദ്ധ സഖ്യത്തിന്റെ ഇടപെടലുകളും പരസ്പര സഹകരണവും ശക്തമാണ്. അവിടെ പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോ ഭേദമില്ല. 1990 കളുടെ പകുതിയോടെയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇന്ന് കാണുന്ന ഈ അവിശുദ്ധസഖ്യം തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത്. 96 ല്‍ അധികാരമേറ്റ നായനാര്‍ സര്‍ക്കാരിന്റെ ഭരണകാലത്താണ് രാഷ്ട്രീയവും മൂല്യങ്ങളും കാറ്റില്‍പറത്തി പണവും അധികാരവും പങ്കിടാന്‍ ഒരുമിച്ചുനില്‍ക്കണമെന്ന് ഇവര്‍ തീരുമാനിച്ചത്.
** ടി.എസ്.നീലാംബരന്‍
(നാളെ: ബാജിയെ രക്ഷിക്കാന്‍ മുന്നണികളുടെ മത്സരം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: