കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ബാധ്യതയില്‍ നിന്നുപോലും സര്‍ക്കാര്‍ പിന്‍വലിഞ്ഞുകൊണ്ടിരിക്കുന്ന ദുരന്തമാണ് സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ വരുത്തിവച്ചിരിക്കുന്നതെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗ്ഗവന് പറഞ്ഞു. കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് സംഘ് 19-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവന മേഖലകളെപ്പോലും ലാഭനഷ്ടക്കണക്കുകളിലാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
സേവന മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുകയാണ്. തൊഴിലാളികള്‍ക്ക് ശമ്പളം നല്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുകയാണ്. കോര്പ്പറേഷന്, മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. നികുതി പൂര്‍ണ്ണമായി പിരിച്ചെടുത്താല്പോലും ശമ്പളം കൊടുക്കുന്നില്ല.
വിദ്യാഭ്യാസരംഗത്തടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ വെട്ടിച്ചുരുക്കണമെന്നാണ് എക്സ്പന്‍ഡിച്ചര്‍ കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിരം ജീവനക്കാരെ ബാദ്ധ്യതയായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. പല മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയുകയാണ്. സ്വകാര്യ കുത്തക സംരംഭങ്ങള്‍ക്ക് ഈ മേഖല കയ്യൊഴിയുകയാണ്. തൊഴിലെടുക്കുന്നവരുടെ ജീവിത സുരക്ഷയല്ല നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഉദാരവത്ക്കരണ നയങ്ങളുടെ മനുഷ്യത്വരഹിതമായ സമീപനത്തെ തൊഴിലാളിസമൂഹം ചെറുത്തുതോല്പിക്കണം, അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സമിതി അംഗം ടി.പി.ജയചന്ദ്രന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ആര് മോഹനന് നായര്‍ അധ്യക്ഷത വഹിച്ചു. എസ്. വാരിജാക്ഷന്‍, എന്‍. സദാനന്ദന്, ടി.എ. നാരായണന്, കെ. ദിനേശന്,ആര് ബാഹുലേയന് നായര്‍, എം.കെ. സദാനന്ദന്, സി.പി. ഗോപീകൃഷ്ണന്, ഷൈനു.വി എന്നിവര്‍ സംസാരിച്ചു. അഡ്വ. വി.പി. വേണു സ്വാഗതവും പി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ചയില്‍ കെ. മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന് ഉദ്ഘാടനം ചെയ്തു.
സംഘിന്റെ സംസ്ഥാന പ്രസിഡന്റായി കെ.ആര്.മോഹനന് നായരെയും ജനറല്‍ സെക്രട്ടറിയായി പി.കെ. സാബുവിനെയും സംഘടനാ സെക്രട്ടറിയായി സോമന് നമ്പ്യാരെയും ട്രഷററായി പി. അനില്‍കുമാറിനെയും തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ്മാരായി പി. കുമാര്‍, അശോകന്, ജോ.സെക്രട്ടറിമാരായി കെ. മോഹന്‍, എം.വിജയന്, ഓഡിറ്ററായി എ. രാമന് കുട്ടിയേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: