കൊച്ചി: സംസ്ഥാനത്തെ വലിയൊരു വിഭാഗം സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. പല സ്കൂളുകളിലും 25 മുതല്‍ അന്‍പത് ശതമാനം വരെയാണ് ഫീസ് നിരക്ക് കൂട്ടിയിരിക്കുന്നത്. സ്കൂളുകളുടെ പഠന നിലവാരവും മറ്റ് സൗകര്യങ്ങളും ഒപ്പം അധ്യാപകരുടെ ശമ്പളവും വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇക്കാരണത്താലാണ് വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ധിപ്പിക്കുവാന്‍ നിര്‍ബന്ധിതമായതെന്നാണ് മാനേജ്മെന്റുകളുടെ വിശദീകരണം.
സംസ്ഥാനത്തൊട്ടാകെ ചെറുതും വലുതുമായ മൂവായിരത്തിലേറെ സിബിഎസ്ഇ സ്കൂളുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ ഇവയില്‍ മുക്കാല്‍ ഭാഗത്തോളം സ്കൂളുകള്‍ കേന്ദ്ര സിബിഎസ്ഇ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടല്ല പ്രവര്‍ത്തിച്ചുവരുന്നത് എന്നാണ് സൂചന. സംസ്ഥാനത്ത് രണ്ടുവര്‍ഷം മുമ്പ് വരെ കൂണുപോലെ മുളച്ചുപൊന്തിയിരുന്ന ഇവയില്‍ പലതിനും അധികൃതരുടെ അംഗീകാരവും ലഭിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചാണ് ഓരോ സ്കൂളുകളിലും നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. മിക്ക സ്കൂളുകളിലേയും പഠനനിലവാരം ശരാശരിയില്‍ താഴെ മാത്രമാണെന്ന് കണ്ടെത്തിയ നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
യോഗ്യത കുറഞ്ഞ അധ്യാപകരെ കുറഞ്ഞ ശമ്പളം നല്‍കിയാണ് ഭൂരിഭാഗം സ്കൂളുകളിലും നിയമിച്ചിരിക്കുന്നത്. ബിഎഡ് ഉള്‍പ്പെടെയുള്ള ബിരുദങ്ങള്‍ ഉള്ളവരെ മാത്രമേ അധ്യാപനത്തിനായി നിയമിക്കുവാന്‍ പാടുള്ളൂ എന്നാണ് കേന്ദ്ര സിബിഎസ്ഇ ബോര്‍ഡിന്റെ നിബന്ധന. എന്നാല്‍ ഇവയൊന്നും പാലിക്കാതെയാണ് സ്കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
പഠനിലവാര കുറവിന് പുറമെ സ്കൂളുകള്‍ക്ക് ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളും പലേടത്തും കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തതിനാല്‍ ഈ അധ്യയനവര്‍ഷത്തില്‍ നിരവധി സ്കൂളുകള്‍ക്ക് അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്. അവസരം മുതലാക്കി ഇത്തരം സ്കൂളുകള്‍ വിലക്കുവാങ്ങാന്‍ ചില ബിസിനസ് ഗ്രൂപ്പുകളും രംഗത്തിറങ്ങിയിട്ടുണ്ട്.
ഫീസ് വര്ധപ്പിച്ചില്ലെങ്കില് സ്കൂള്‍ വില്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യേണ്ട സ്ഥിതിയാണുണ്ടാവുകയെന്നാണ് പല മാനേജ്മെന്റുകളും പറയുന്നത്. അധ്യാപക-രക്ഷാകര്‍ത്തൃ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ഇക്കാര്യം വിശദീകരിച്ചുവരികയാണ് സ്കൂള്‍ അധികൃതര്‍. എന്നാല്‍ 25 മുതല്‍ അന്‍പത് ശതമാനം വരെയുള്ള ഫീസ്വര്ധനവ് താങ്ങാവുന്നതിലും അധികമാണെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളും പറയുന്നത്.
എം.കെ. സുരേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: