കോഴിക്കോട്: പ്രതിരോധരംഗത്ത് സ്വയം പര്യാപ്തത ഉറപ്പ് വരുത്താനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്തി എ.കെ. ആന്റണി. ആയുധക്കരാറിലേര്പ്പെടുമ്പോള് ആയുധങ്ങളുടെ കൂടെ സാങ്കേതിക വിദ്യാ കൈമാറ്റവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകളും പദ്ധതികളും കാലതാമസമില്ലാതെ സുതാര്യമായി നടപ്പിലാക്കുമെന്നും ആന്റണി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സംഘര്‍ഷത്തിന് അല്പം കുറവ് വന്നിട്ടുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ ഇതുവരെ സാധാരണ നിലയിലായിട്ടില്ല. പാക് അതിര്‍ത്തിയില്‍ നിന്ന് മഞ്ഞുകാലത്ത് ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചിട്ടുണ്ട്. പാക് അതിര്‍ത്തിയില്‍ ഇപ്പോഴും നാല്പത്തി രണ്ട് ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തവണ പാക്കിസ്ഥാന് ലംഘിച്ചു. പാക്കിസ്ഥാന്റെ സമീപനവും വാക്കുകള്‍ക്കപ്പുറത്തെ പ്രവൃത്തിയും ആശ്രയിച്ചിരിക്കും ഇനിയുള്ള കാര്യങ്ങള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുപത്തിനാല് മണിക്കൂറും കണ്ണിലെണ്ണയൊഴിച്ച് രാജ്യത്തിന് കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണ് ഇന്ത്യന്‍ സൈന്യത്തിനുള്ളത്. സേന സ്തുത്യര്‍ഹമായ നിലയില്‍ തങ്ങളുടെ സേവനം നിര്‍വ്വഹിക്കുന്നുമുണ്ട്.
പ്രതിരോധവകുപ്പിനെതിരെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ആക്ഷേപങ്ങള്‍ വളരെ കുറവാണ്. പണത്തോട് ആര്‍ത്തിയുള്ളവര്‍ എല്ലാ മേഖലകളിലുമുണ്ട്. പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമോ ആക്ഷേപമോ വന്നാല്‍ അക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ലോകമെങ്ങും ശക്തമായ വേരോട്ടമുള്ള ആയുധക്കമ്പനികളെ വരെ പ്രതിരോധവകുപ്പ് കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. അഴിമതിയുടെ ലാഞ്ചന കണ്ട ചില പ്രധാന ഇടപാടുകള്‍ അവസാന ഘട്ടത്തില്‍ റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: