ബത്തേരി: ബത്തേരി നമ്പ്യാര്‍കുന്നില്‍ പശുവിന് വെള്ളം കൊടുക്കാന്‍ പോയ കര്‍ഷകന്റെ കൈ കടുവ കടിച്ചുമുറിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വീടിന് സമീപത്തുള്ള വയലില്‍ വെച്ചാണ് കടുവ കര്‍ഷകനെ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ നലൂര്‍ പൂളക്കുണ്ടില്‍ കുഞ്ഞിക്കുട്ടന്റെ വലതു കയ്യുടെ മേല്‍ഭാഗം ഒടിയുകയും മേല്‍ഭാഗത്തെ പേശികള്‍ കടിച്ചുമുറിക്കുകയും ചെയ്തു.
പശുവിനെ പിടിക്കാനായി പതുങ്ങിനിന്ന കടുവ പശുവിന് വെള്ളംകൊടുക്കാനായി എത്തിയ കുഞ്ഞികുട്ടന്റെ മേല്‍ ചാടിവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസം തഹസില്‍ദാരടക്കം നാലുപേരെ കടുവ ആക്രമിച്ചിരുന്നു. കടുവ സങ്കേതമാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിലനില്‍ക്കെയാണ് ജില്ലയില്‍ കടുവ ആക്രമണം വ്യാപകമായത്. കടുവയുടെ ആക്രമണഫലമായി ജില്ലയില്‍ ഇരുപത്തിയഞ്ചിലധികം പശുക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കടുവയുടെ ആക്രമണത്തെതുടര്‍ന്ന് ജനങ്ങള്‍ ഭയവിഹ്വലരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: