കോട്ടയം: 2009 ല്‍ സര്‍വ്വേ നടത്തി പ്രസിദ്ധീകരിച്ച ബിപിഎല്‍ പട്ടികക്കെതിരെ വ്യാപക പരാതി. പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയതായും അര്‍ഹരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് പരാതി. ബിപിഎല്‍ കാര്‍ഡ് ഇല്ലാത്തവരും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 19 കിലോ അരിയും ആറ് കിലോ ഗോതമ്പും അരിക്ക് 6.20 രൂപയും ഗോതമ്പിന് 4.70 രൂപ നിരക്കില്‍ നാല് മാസത്തേക്ക് നല്‍കുമെന്ന ഉത്തരവ് വന്നതോടെയാണ് ബിപിഎല്‍ പട്ടികക്കെതിരെ പരാതി ഉയര്‍ന്നത്.
സംസ്ഥാനത്ത് 32 ലക്ഷം ബിപിഎല്‍ കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. 2009 ല്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണിത്. ഇതില്‍ 14.5 ലക്ഷം പേര്‍ക്ക് ബിപിഎല്‍ കാര്‍ഡ് നിലവിലുണ്ട്. 2009 ല്‍ കുറ്റമറ്റ രീതിയിലാണ് സര്‍വ്വേ പൂര്‍ത്തിയാക്കിയെന്നാണ് സര്‍ക്കാര്‍ വാദം. എങ്കിലും അര്‍ഹതയുള്ളവര്‍ ഇപ്പോഴും ബിപിഎല്‍ പട്ടികയ്ക്ക് പുറത്താണ്. അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്.
കേരളത്തില്‍ ഇതുവരെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളരെ കണ്ടെത്താന്‍ മൂന്ന് സര്‍വ്വേ നടത്തി. 9 കോടിരൂപയാണ് ഇതിനായി സര്‍ക്കാര്‍ ചെലവാക്കിയത്. 2002 ല്‍ നടത്തിയ സര്‍വ്വേ അപാകത നിറഞ്ഞതാണെന്ന ആരോപണത്തെ തുടര്‍ന്ന് 2007 ല്‍ കുടുംബശ്രീയെ ഉള്‍പ്പെടുത്തി ഏറെക്കുറേ കുറ്റമറ്റ രീതിയില്‍ തയ്യാറാക്കിയ ബിപിഎല്‍ പട്ടിക സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. 2009 ല്‍ അധ്യാപകരെ ഉപയോഗിച്ചു വീണ്ടും നടത്തിയ സര്‍വ്വേയാണ് ഇപ്പോള്‍ അംഗീകരിച്ച ബിപിഎല്‍ പട്ടിക. ഇതിലും അര്‍ഹതയുള്ള പാവപ്പെട്ടവര്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് സത്യം. ദരിദ്രരെ കണ്ടെത്താനുള്ള സര്‍വ്വേയില്‍ നിന്നും നിഷ്കാസിതരാകുന്ന പാവപ്പെട്ടവര്‍ ബിപിഎല്‍ പട്ടികയില്‍ ഇടം തേടാന്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: