പള്ളുരുത്തി: ലക്ഷങ്ങള്‍ മുടക്കിയ പള്ളുരുത്തി കച്ചേരിപ്പടി കമ്മ്യൂണിറ്റി ഹാളിന് ഒടുവില്‍ മന്ത്രി കെ.ബാബുവിന്റെ ഇടപെടല്‍ മൂലം ശാപമോക്ഷമാകുന്നു. കഴിഞ്ഞ 13കൊല്ലം മുമ്പ് നിര്‍മ്മാണം തുടങ്ങിയ കമ്മ്യൂണിറ്റിഹാള്‍ പ്രാരംഭഘട്ടത്തില്‍തന്നെ നിയമപ്രശ്നത്തെത്തുടര്‍ന്ന് നിര്‍മ്മാണം നിലക്കുകയായിരുന്നു.
നഗരസഭയിലെ ഒരു കരാറുകാരന് നിര്‍മ്മാണത്തിനെതിരെ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കോടതി തടയുകയായിരുന്നു. ഇയാള്‍ക്ക് നല്കുവാനുണ്ടായ ബില്ല് നഗരസഭ തടഞ്ഞതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ നിയമക്കുരുക്കിലായ കമ്മ്യൂണിറ്റിഹാള്‍ പുനര്‍നിര്‍മ്മാണത്തിന് സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ.ബാബു 80ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. മെയിന്റനന്‍സ് ഫണ്ട് ഉപയോഗിച്ചാണ് കമ്മ്യൂണിറ്റിഹാളിന്റെ നിര്‍മ്മാണം പൂര്ത്തിയാക്കുകയെന്ന് മന്ത്രി അറിയിച്ചു.
ഇതിനിടയില്‍ കേസ് നല്കിയ കരാറുകാരന് കേസ് രാജിയായതായി നഗരസഭയെ അറിയിച്ചിട്ടുണ്ട്. ഇതിനായി മുന്‍കൈയെടുത്തതും മന്ത്രി കെ.ബാബു തന്നെയായിരുന്നു. ഹാളിന്റെ പ്രാരംഭഘട്ട നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ ചെലവായതായി നഗരസഭ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: