കൊച്ചി: വിദേശ മലയാളികളുടെ നിക്ഷേപങ്ങള്‍ ഉല്‍പാദനകേന്ദ്രീകൃതമായ സംരംഭങ്ങളില്‍ പ്രയോജനപ്പെടുത്തണമെന്ന് പി. രാജീവ് എം.പി പറഞ്ഞു. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി യൂത്ത് ഫോറവും ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സംരംഭക ശാക്തീകരണ മാര്‍ഗനിര്‍ദേശ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശ മലയാളികളുടെ നിക്ഷേപങ്ങള്‍ പലപ്പോഴും ഉല്‍പ്പാദനപരമല്ലാത്ത മേഖലകളിലേക്ക് പോകുന്നതാണ് അനുഭവമെന്ന് രാജീവ് ചൂണ്ടിക്കാട്ടി. ഇതിന് വിരാമമുണ്ടാകുകയും വികസനത്തിന് ഉതകുന്ന ഉല്‍പ്പാദന പ്രക്രിയകളിലേക്ക് തിരിച്ചു വിടുകയും ചെയ്താല്‍ നിരവധി സംരംഭകരെ സൃഷ്ടിക്കാനാകും. നിക്ഷേപങ്ങള്‍ ഈ രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ നയസമീപനം സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി വൈസ് ചെയര്മാന് എം.കെ. അന്‍സാരി അധ്യക്ഷത വഹിച്ചു.
ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. പ്രദീപ് കുമാര്‍, കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് അസി. ജനറല്‍ മാനേജര്‍ കെ.എം. ഹിരണ്‍ദാസ്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ടെക്നിക്കല്‍ ഓഫീസര്‍ ആദര്‍ശ് എന്നിവര്‍ വ്യപാര, വ്യവസായ രംഗത്തിന് അനുയോജ്യമായ വിവിധ ധനസഹായ പദ്ധതികളെക്കുറിച്ച് അവതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: