നെടുമ്പാശ്ശേരി: വ്യാപാരികളുടെ പെന്ഷന് കുറഞ്ഞത് 2500 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍. നെടുമ്പാശ്ശേരി മേഖലാ കണ്വെന്ഷന് സമാപനസമ്മേളനം അത്താണിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഖജനാവിന് വ്യാപാരികള്‍ പ്രതിവര്‍ഷം 20,000 കോടി രൂപയുടെ വരുമാനമാണുണ്ടാക്കിക്കൊടുക്കുന്നത്. എന്നിട്ടും വ്യാപാരികള്‍ക്ക് നല്‍കുന്നത് 400 രൂപയാണ് പെന്ഷന്. അടുത്തിടെ അത് 500 ആക്കി വര്‍ധിപ്പിച്ചു.
വാടകനിയമം ഏകപക്ഷീയമായി കെട്ടിടമുടമകള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലും വ്യാപാരികള്‍ക്ക് ദ്രോഹകരമായ രീതിയിലും നടപ്പാക്കുന്നതിന് ബന്ധപ്പെട്ട മന്ത്രിക്ക് കെട്ടിടമുടമാ സംഘം പത്തുകോടി രൂപ വാഗ്ദാനം ചെയ്തതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പ്രസിഡന്റ് പി.എ.എം.ഇബ്രാഹിം ആരോപിച്ചു. കേരളത്തിലെ മുഴുവന്‍ എംഎല്‍എമാരും ഇതെതിര്ത്തെങ്കിലും മന്ത്രി മുന്നോട്ടുപോകുമെന്ന നിലപാടിലാണ്.
വിദേശ കുത്തകയായ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ ചെറുകിട വ്യാപാര മേഖലയിലേക്ക് പ്രവേശിക്കുന്നതിന് 2006 മുതല്‍ ഇതുവരെ 215 കോടി രൂപ ചെലവഴിച്ചതായാണ് കണക്ക്. ഇതിലേറെയും കേന്ദ്രം ഭരിക്കുന്നവര്‍ക്ക് നല്കിയ കൈക്കൂലി തുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വാര്‍ഷിക വരുമാനം 24,000 ലക്ഷം കോടി രൂപയാണ്. വാള്‍മാര്‍ട്ടിന്റെ പ്രതിവര്‍ഷവരുമാനം 22,000 ലക്ഷം കോടി രൂപയാണ്.
ചടങ്ങില്‍ അമ്പത് വര്‍ഷം വ്യാപാരം നടത്തിയ അംഗങ്ങളെയും മേഖലയിലെ വിവിധ യൂണിറ്റുകളില്‍നിന്നും വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയവരെയും ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: