കണ്ണൂര്‍: കഴിഞ്ഞ മൂന്നു ദിവസമായി കണ്ണൂരില്‍ നടന്ന എന്‍ടിയു സംസ്ഥാന സമ്മേളനം സമാപിച്ചു. ഇന്നലെ കാലത്ത് നടന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ “സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസ ദര്‍ശനം-കാലിക പ്രസക്തി” എന്ന വിഷയത്തില്‍ കന്യാകുമാരി വിവേകാനന്ദകേന്ദ്രം മുന്‍ അധ്യക്ഷ ഡോ.ലക്ഷ്മികുമാരി പ്രഭാഷണം നടത്തി. ഭാരതം മരിച്ചാല്‍ ലോകത്തിലെ ധാര്‍മ്മികതയും ആധ്യാത്മികതയും മരിക്കുമെന്നും തിന്മകള് വളര്‍ന്നു വരുമെന്നുമായിരുന്നു സ്വാമി വിവേകാനന്ദന് പറഞ്ഞത്. സാംസ്കാരിക അധഃപതനത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്തിനാവശ്യമായ ആധ്യാത്മിക സമ്പത്ത് ഭാരതത്തിലുണ്ട്. ഭോഗസംസ്കാരത്തിന്റെ ദുര്‍ഗന്ധത്തില്‍ നിന്നും മുക്തി തേടിയാണ് പാശ്ചാത്യര്‍ ഭാരതത്തില്‍ വരുന്നത്. ഡോ.ലക്ഷ്മികുമാരി പ്രഭാഷണത്തില്‍ പറഞ്ഞു. ഭോഗസംസ്കാരം ഭാരതത്തിലും കടന്നുവരികയാണ്. ഇതിന് തടയിടുകയാണ് അധ്യാപകരുടെ കടമ. ഇത് ഒരു വലിയ ചുമതലയാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ അധ്യാപകര്‍ക്ക് കഴിയണം. വിദ്യാഭ്യാസം പകര്‍ന്നുനല്‍കേണ്ടത് ഹൃദയത്തില്ക്കൂടിയാണ്. ഭാരതം ലോകത്തിന് നല്കിയ ഏറ്റവും വലിയ ആദര്‍ശമാണ് സത്യമേവ ജയതേ എന്നത്. ഓരോ ആത്മാവിലും സത്യം അന്തര്ലീനമായിട്ടുണ്ടെന്നതാണ് വിവേകാനന്ദ ദര്‍ശനമെന്നും ഡോ.ലക്ഷ്മികുമാരി പറഞ്ഞു.
സ്വന്തം ആത്മാവിലാണ് സത്യം കുടികൊള്ളുന്നതെന്ന മഹത്തായ സത്യത്തെ കണ്ടെത്തിയ് ഋഷിമാരാണ്. ഞാന്‍ എന്ന ചൈതന്യം സര്വ്വചരാചരത്തിലുമുണ്ട്. സത്യവും ധര്‍മവും യജ്ഞവും തപസ്സും എന്താണെന്ന് നാം ഓരോരുത്തരും തിരിച്ചറിയണം. സത്യാന്വേഷണവും സത്യദര്ശനവുമാണ് ഓരോരുത്തരുടെയും ജീവിതലക്ഷ്യം. ആന്തരിക പരിശുദ്ധി അറിവുമായി ബന്ധപ്പെട്ടതാണ്. അറിവും സ്വഭാവശുദ്ധിയും തമ്മില്‍ ബന്ധമുണ്ട്. ഒരു ശില്‍പ്പി കല്ലില്‍ ശില്പ്പമുണ്ടാക്കുമ്പോള് ആവശ്യമില്ലാത്തത് എടുത്ത് കളയുകയാണ് ചെയ്യുന്നത്. ഇത് തന്നെയാണ് ഭാരതീയ വിദ്യാഭ്യാസ ദര്‍ശനം. കാമ, ക്രോധ, ലോഭ, മോഹാദികളാല്‍ മനസ്സ് നിറഞ്ഞിരിക്കുകയാണ്. യോഗയും ധ്യാനവും കൊണ്ട് ശ്രദ്ധയും ഏകാഗ്രതയും ജ്വലിപ്പിച്ച് അറിവിനെ പുറത്തുകൊണ്ടുവരാന്‍ സാധിക്കുന്ന വിദ്യാഭ്യാസം വ്യക്തിനിര്‍മ്മാണത്തിനും സ്വഭാവരൂപീകരണത്തിനും രാഷ്ട്രനിര്‍മ്മാണത്തിനും അനിവാര്യമാണ്. കര്‍മ്മഭൂമിയാണ് ഭാരതം. പ്രപഞ്ചത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് കര്‍മ്മമെന്നും ലക്ഷ്മികുമാരി ചൂണ്ടിക്കാട്ടി.
മാനവസേവ മാധവസേവ എന്നതാണ് ഭാരതീയ സങ്കല്‍പ്പം. ഞാന്‍ എന്ന ഭാവം ഒഴിവാക്കിയാല്‍ അനാവശ്യ ആശങ്ക ഒഴിവാകും. ഭഗവാന്റെ കയ്യിലെ ഒരു ഉപകരണം മാത്രമാണ് ഓരോരുത്തരുമെന്ന ഭാവം വളര്‍ത്തിയെടുക്കണം. ഒരു പ്രവൃത്തി ചെയ്താല്‍ നമുക്ക് സന്തോഷമുണ്ടാകണം. അനാവശ്യ ഫലേച്ഛ പാടില്ലെന്നും ഡോ.ലക്ഷ്മികുമാരി പറഞ്ഞു.
മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.ജീജാഭായ് അധ്യക്ഷത വഹിച്ചു. പി.എസ്.ഗോപകുമാര്‍ സ്വാഗതവും പി.ചന്ദ്രഹാസന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനം എബിആര്‍എസ്എം ക്ഷേത്രീയ കാര്യദര്‍ശി പി.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാനസമിതിയംഗം മോഹനന് മാനന്തേരിക്ക് യാത്രയയപ്പ് നല്കി. അശോക് ബാദൂര്‍ അധ്യക്ഷത വഹിച്ചു. ടി.പി.ജയചന്ദ്രന്, എ.രാജന്‍മാസ്റ്റര്‍, എ.ബാലകൃഷ്ണന് മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സി.ജീജാഭായ് മംഗളപത്ര സമര്‍പ്പണം നടത്തി. മോഹനന് മാനന്തേരി മറുപടി പ്രസംഗം നടത്തി. സുരേഷ് മാസ്റ്റര്‍ സ്വാഗതവും കെ.വിവേകാനന്ദന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഘടനാ ചര്‍ച്ചയും ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രമേയ അവതരണവും നടന്നു.
സമാപന സമ്മേളനത്തില്‍ സംഘടനാ സെക്രട്ടറി പി.കെ.വിജയന് പ്രഭാഷണം നടത്തി. പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സി.വി.രാജീവ് സ്വാഗതവും ടി.എ.നാരായണന് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മറ്റിയുടെ പുതിയ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: