കോട്ടയം: സ്കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിന് ജാതിയും മതവും മറയാക്കുന്നത് ശരിയല്ലെന്ന് കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. ജിഎസ്ടിയു സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കുന്നു എന്നത് കൂടുതല്‍ സ്വകാര്യ സ്കൂളുകള്‍ തുടങ്ങാനുള്ള ഉപാധിയായി കാണരുത്.
കേരളീയ സമൂഹത്തിന് മൂല്യച്യുതി സംഭവിച്ചിരിക്കുന്നുവോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അടുത്ത കാലങ്ങളിലെ പത്രദൃശ്യമാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകളും അതിനനുബന്ധമായ സംഭവങ്ങളും ഈയൊരു ചിന്തയിലേക്കാണ് നയിക്കുന്നത്. സാംസ്കാരിക മൂല്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയും നമുക്ക് ഉണ്ടാകണം. ഇന്ന് പത്രമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സഹോദരി മാര്‍ക്ക് നേരിടുന്ന പീഡനങ്ങളടക്കമുള്ള സംഭവങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാനും അംഗീകരിക്കാനും കഴിയുന്ന കാര്യമല്ല. അങ്ങനെ ഒരു സമൂഹമല്ല കേരളം എന്ന കാര്യം നാം ഓര്‍ക്കണം. കേരളത്തിന്റെ മൂല്യങ്ങളും കുടുംബബന്ധങ്ങളും കുട്ടികളില്‍ വളര്‍ത്താന്‍ അധ്യാപകര്‍ക്ക് കഴിയണം എന്നും അദ്ദേഹം പറഞ്ഞു.
സംതൃപ്തരായ അധ്യാപകരാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ ഏതു മാറ്റത്തിനും സംതൃപ്തരായ അധ്യപകര്‍ അനിവാര്യമാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം എല്ലാവര്ക്കും ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ നിലനിര്‍ത്താനും ഗുണനിലവാരം ഉയര്‍ത്താനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നുദിവസമായി കോട്ടയത്ത് നടക്കുന്ന ജിഎസ്ടിയു സംസ്ഥാനസമ്മേളനം ഇന്നലെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: